ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ യുടെ സബ്മിഷൻ
വടക്കാഞ്ചേരി, മച്ചാട് ഫോറസ്റ്റ് റേഞ്ചുകളിലെ ജനവാസ മേഖലകളിൽ നിരന്തരമായി കാട്ടാന ഇറങ്ങുന്ന സാഹചര്യത്തിൽ സോളാർ ഫെൻസിങ് അടിയന്തരമായി സ്ഥാപിക്കണമെന്നും, റെയിൽവേയുടെ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി ഇടപെടണമെന്നും, അകമല ഫോറസ്റ്റ് സ്റ്റേഷൻ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.വടക്കാഞ്ചേരി മണ്ഡലത്തിലെ മച്ചാട് - വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയിൽ പ്രവേശിച്ച കാട്ടാനകൾ പ്രദേശവാസികളുടെ കൃഷിയും സ്വൈരജീവിതവും ഇല്ലാതാക്കിയിരിക്കുകയാണ്. കുതിരാൻ തുരങ്കപാത യാഥാർഥ്യമായതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ മച്ചാട് വനമേഖലയിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
തെക്കുംകര ഗ്രാമപഞ്ചായത്തിലെ വാഴാനി ഡാമിനോട് ചേർന്ന് കാക്കിനിക്കാട്, കൊളത്താശ്ശേരി, മേലില്ലം, കുറ്റിക്കാട് ഭാഗങ്ങളിലും, വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല, കുഴിയോട്, ചേപ്പലക്കോട്, പട്ടാണിക്കാട് പ്രദേശങ്ങളിലും ചേലക്കരയിലെ മുള്ളൂർക്കര, പാഞ്ഞാൾ പ്രദേശങ്ങളിലും കാട്ടാനകൾ ദിനംപ്രതി ഇറങ്ങുകയും, വലിയതോതിൽ കൃഷി നശിപ്പിക്കുകയും, ദിവസങ്ങളോളം ജനവാസമേഖലകളിൽ നിലയുറപ്പിക്കുകയും ചെയ്യുന്ന ഭീതിജനകമായ അന്തരീക്ഷമാണുള്ളത്. ഈ ആനകൾ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല ശാസ്താവ് , ഉത്രാളിക്കാവ് എന്നീ ക്ഷേത്രങ്ങളുടെ പരിസരത്ത് റെയിൽവേ ട്രാക്കിനടുത്ത് എത്തുന്നതും, റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതും വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. റെയിൽവേയുടെ പ്രത്യേക സംരക്ഷണ പദ്ധതി ഈ മേഖലയിൽ നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സബ്മിഷനിൽ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നേരത്തെ പ്രവർത്തനം നിർത്തിവെച്ച അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
ആർ ആർ ടി ക്കായി എംഎൽഎ പ്രത്യേക വികസന ഫണ്ടിൽനിന്നും 11 ലക്ഷം രൂപ ചിലവഴിച്ച് വാഹനം വാങ്ങി നൽകിയിട്ടുണ്ട്. ഈ വാഹനം ഉപയോഗപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരെയും, ഇന്ധനവും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. RKVY പദ്ധതിപ്രകാരം കർഷകരുടെ കൃഷി സംരക്ഷിക്കുന്നതിനായി ചേപ്പലക്കോട് മുതൽ പട്ടാണിക്കാട് വരെ 5.67 കിലോമീറ്റർ ദൂരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്ങിന് ടെൻഡർ ആയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഈ പദ്ധതിയിൽ കുറ്റിക്കാട് മുതൽ മേലില്ലം വരെ 10 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനായി നൽകിയ പ്രൊപ്പോസലിന് അടിയന്തരമായി അംഗീകാരം നൽകാനുള്ള നടപടി സ്വീകരിക്കണം. കൃഷിയിടങ്ങളെ ക്ഷുദ്രജീവികളിൽ നിന്നും സംരക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള RKVY ഫെൻസിങ് പദ്ധതി കൂടാതെ, ആനകളെ തടയുന്നതിനായി പ്രത്യേക ഹാങ്ങിങ് ഫെൻസിങ് ഉൾപ്പെടെയുള്ള മറ്റ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ആവശ്യപ്പെട്ടു.
തൃശ്ശൂർ ഡിവിഷന് കീഴിലുള്ള വടക്കാഞ്ചേരി, മച്ചാട് എന്നീ ഫോറസ്റ്റ് റെയ്ഞ്ചുകളിൽ കാട്ടാന ഇറങ്ങുന്ന ജനവാസ മേഖലകളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതും, ദർഘാസ് ഏറ്റെടുത്തിട്ടുള്ള കരാറുകാർക്ക് വർക്ക് ഓർഡർ നൽകിയിട്ടുള്ളതുമാണെന്ന് വനം വകുപ്പ് മന്ത്രി സബ്മിഷന് മറുപടിയായി പറഞ്ഞു. താമസിയാതെ തന്നെ ഉടമ്പടി വെച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. 59.75 കി.മീ. ദൂരത്തിൽ 1.4932 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. മേൽ പ്രവൃത്തികൾ കൂടാതെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മനുഷ്യ-വന്യജീവി സംഘർഷം കണക്കിലെടുത്ത് മച്ചാട് റെയിഞ്ചിലെ കുറ്റിക്കാട് മുതൽ മേലില്ലം വരെ 10 കി.മി ദൂരം സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന്, Rashtriya Krishi Vikas Yojana (RKVY) പദ്ധതി പ്രകാരമുള്ള ഒരു പ്രോപ്പോസൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ തൃശ്ശൂരിന്, തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സമർപ്പിച്ചിട്ടുണ്ട്. ആയത് വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
വനമേഖലകളോട് ചേർന്ന് കിടക്കുന്ന റെയിൽ പാളങ്ങളിൽ കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ ഇറങ്ങുന്നത് നിമിത്തം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായി, കേന്ദ്ര സർക്കാരിന്റെ കത്തിന്റെ വെളിച്ചത്തിൽ, റെയിൽവെ മന്ത്രാലയം കേന്ദ്രപരിസ്ഥിതി മന്ത്രാലയം, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വനംവകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്ന സംയുക്ത പരിശോധനാ ടീം 11/09/2024 വാഴാനി സ്റ്റേഷൻ പരിധിയിലെ അകമല മുതൽ ഉത്രാളിക്കാവ് വരെയുള്ള റെയിൽവേ ലൈനിനോട് ചേർന്ന ഭാഗങ്ങളിൽ പരിശോധന നടത്തിയിട്ടുള്ളതും വിവരശേഖരണം നടത്തിയിട്ടുള്ളതുമാണെന്നും, പ്രസ്തുത പഠന റിപ്പോർട്ട് നാളിതുവരെ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ