സീഡ് സൊസൈറ്റി തട്ടിപ്പിനെതിരെ വടക്കാഞ്ചേരി നഗരസഭയിൽ പ്രമേയം.
വടക്കാഞ്ചേരി : സിഎസ്ആര്‍ ഫണ്ടിന്‍റെ പേര് പറഞ്ഞ് നടത്തുന്ന സീഡ് സൊസൈറ്റി തട്ടിപ്പിനെതിരെ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗൺസിൽ യോഗത്തിൽ കൗണ്‍സിലര്‍ കെ യു പ്രദീപാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ ആസൂത്രിത തട്ടിപ്പുകളുടെ ചരിത്രത്തില്‍ തന്നെ വലിയ സാമ്പത്തിക തട്ടിപ്പായി സീഡ് സൊസൈറ്റി തട്ടിപ്പ് മാറികൊണ്ടിരിക്കുകയാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
തട്ടിപ്പ് പ്രതി അനന്തുകൃഷ്ണന്‍ വടക്കാഞ്ചേരി നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി സൊസൈറ്റി രൂപീകരിച്ച് പണം പിരിച്ചുവെന്ന കോണ്‍ഗ്രസ്സ് നഗരസഭാ കൗണ്‍സിലര്‍ ബുഷറ റഷീദ് ചാനലുകളിലൂടെ നടത്തിയ വെളുപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.
വടക്കാഞ്ചേരി നഗരസഭയുടെ പേര് ദുരുപയോഗം ചെയ്യുകയും ലൈസന്‍സില്ലാതെ സ്ഥാപനം ആരംഭിച്ച് ലക്ഷങ്ങള്‍ തട്ടിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ പദവി ഉപയോഗിച്ച് തട്ടിപ്പിന് ഇരയായ പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വടക്കാഞ്ചേരി നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ സീഡ് സൊസൈറ്റി പ്രസിഡന്‍റ് ബുഷ്റ റഷീദ്, സീഡ് സൊസൈറ്റി കോഡിനേറ്റര്‍മാരായ കമലം പി കെ, നഫീസ എന്‍ എം എന്നിവരെ അയോഗ്യരാക്കുന്നതിന് ഇലക്ഷന്‍ കമ്മീഷനോട് ഈ കൗണ്‍സില്‍ പ്രമേയം വഴി ആവശ്യപ്പെടുന്നു. നഗരസഭ കൗണ്‍സിലര്‍ സേവിയര്‍ മണ്ടുംപാല പ്രമേയത്തെ പിന്‍താങ്ങി. പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു.
ഒരു വര്‍ഷം മുന്‍പാണ് ഓട്ടുപാറയിലെ ബസ് സ്റ്റാന്‍റിനു സമീപമുള്ള സ്വകാര്യ കെട്ടിടത്തിന്‍റെ റൂമിനു മുന്നില്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ആൻ്റ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച് പണപിരിവ് ആരംഭിച്ചത്. ടൂവീലറുകളും ലാപ്ടോപ്പുകളും തയ്യല്‍ മെഷീന്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും വിപണി വിലയുടെ പകുതിവിലയ്ക്ക് നല്‍കുമെന്നാണ് പ്രചരിപ്പിച്ചത്. നിര്‍ധനരായ സ്ത്രീകളെയാണ് കൂടുതലും തട്ടിപ്പ് സംഘം വലവീശിയത്.
സ്ഥാപനത്തിന് വിശ്വാസ്യത ലഭിക്കാന്‍ കെട്ടിടത്തിന്‍റെ പേരിനൊപ്പം മുനിസിപ്പാലിറ്റി സ്റ്റാര്‍കോംപ്ലക്സ് എന്ന് എഴുതി ചേര്‍ത്തു വടക്കാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകളില്‍ നിന്ന് കോടി കണക്കിന് രൂപ സമാഹരിച്ചിട്ടുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു.സ്റ്റേറ്റ് കോഡിനേറ്റര്‍ അനന്തുകൃഷ്ണന്‍ ആണെന്നും ഈ സൊസൈറ്റിയുടെ പ്രസിഡന്‍റ് താന്‍ തന്നെയാണെന്നും വടക്കാഞ്ചേരി നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബുഷറ റഷീദ് ചാനലിലൂടെ തുറന്നു പറയുന്നുണ്ട്.
2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ-ടെണ്ടര്‍/റീ ഇ ടെണ്ടര്‍ അംഗീകരിക്കുകയും ടെണ്ടര്‍ ലഭിക്കാത്ത പ്രവൃത്തികള്‍ റീ ഇ-ടെണ്ടര്‍ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും തീരുമാനിച്ചു. ഉത്രാളിക്കാവ് പൂരം താത്കാലിക വഴിവിളക്ക് സ്ഥാപിക്കല്‍ എന്ന പ്രവൃത്തിയുടെ ടെണ്ടറും കൗൺസിലിൽ അംഗീകരിച്ചു.
യോഗത്തില്‍ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹന്‍.ഒ.ആര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ആര്‍.അനൂപ് കിഷോര്‍, ജമീലാബി എ എം, സി.വി.മുഹമ്മദ് ബഷീര്‍, സ്വപ്ന ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ