അകമലയിൽ വന്യമൃഗ ശല്യം പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിയ്ക്കും - വി.എസ്. പ്രിൻസ്
വടക്കാഞ്ചേരി: തൃശൂർ ജില്ലയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ കെ വി വൈ) പദ്ധതി പ്രകാരം 1.76 കോടി രൂപ ചെലവഴിച്ച് വൈദ്യുത വേലി നിർമ്മിക്കുന്ന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അകമല പ്രദേശത്തെ വൈദ്യുത വേലി നിർമ്മാണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതി അടിയന്തിരമായി നടപ്പിലാക്കുമെന്നും അതുവഴി പ്രശ്നത്തിന് പരിഹാരമാവുമെന്നും ആർ കെ വി വൈ ജില്ലാ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ വി.എസ്. പ്രിൻസ് അകമല നിവാസികൾക്ക് ഉറപ്പു നല്കി.
അകമല പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷിനാശം സംഭവിച്ച വീടുകൾ സന്ദർശിച്ച ശേഷം നാട്ടുകാരോട് സംസാരിക്കവേയാണ് വി.എസ്.പ്രിൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആർ കെ വി വൈ പദ്ധതിക്ക് പുറമേ സംസ്ഥാന സർക്കാരും വനം വകുപ്പും വന്യമൃഗ ശല്യം പരിഹരിക്കാൻ സ്വീകരിക്കുന്ന വിവിധ നടപടികൾ ഊർജ്ജിതമാക്കാൻ പരിശ്രമിക്കും. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കുന്ന കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും വി.എസ്. പ്രിൻസ് തുടർന്നു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസിനോടൊപ്പം സി പി ഐ നേതാക്കളായ എം.ആർ. സോമനാരായണൻ ഇ.എം. സതീശൻ, എം.യു കബീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാമോഹൻ ,എം.എ. വേലായുധൻ, കെ.പി. തോമസ്, കെ.എ.അബ്ദുൾ സലിം, പി. സതീഷ്കുമാർ എ.എ.ചന്ദ്രൻ, എ.എ റിയാസ്, കെ.കെ.സുരേന്ദ്രൻ, സി.വി. പൗലോസ്, സി.രഘു തുടങ്ങിയവരും അകമല പ്രദേശത്തെ വിവധ സ്ഥലങ്ങൾ സന്ദർശിച്ചു. അകമലയിലെ വന്യ മൃഗശല്യത്തിന് പരിഹാരം കാണണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് എങ്കക്കാട് വനം വകുപ്പ് ഓഫീസിലേക്ക് സി പി ഐ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തിയ പാർട്ടിയാണ് സി പി ഐ എന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ