വടക്കാഞ്ചേരി ആയുർവേദ വിഷ വൈദ്യ ആശുപത്രിക്ക് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ ഒ പി ബ്ലോക്ക്.

വടക്കാഞ്ചേരി നഗരസഭയിലെ ഇരട്ടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി ഗവ. വിഷവൈദ്യ ആശുപത്രി തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രാധാന്യമേറിയ ആതുര ശുശ്രൂഷാലയമാണ്. 78 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം തൃശ്ശൂർ ജില്ലയിലെ പ്രധാന വിഷവൈദ്യ ആശുപത്രികളിൽ ഒന്നാണ്. നാല് കിടക്കകളുടെ സൗകര്യമാണ് ഈ ആശുപത്രിയിലുള്ളത്. വിവിധ വിഷങ്ങൾക്കുള്ള ചികിത്സ ലഭ്യമായ ഈ ആശുപത്രിയിൽ പാമ്പ് വിഷം ബാധിച്ച ഉണങ്ങാത്ത വ്രണം പോലുള്ള രോഗങ്ങൾക്കും, വിവിധ തരം ത്വക്ക് രോഗങ്ങൾക്കുമുള്ള ചികിത്സകളും, മറ്റു രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സകളും നൽകി വരുന്നുണ്ട്.

എൻ എ എം പദ്ധതി പ്രകാരം അനുവദിച്ച ഒരു ഡോക്ടർ, രണ്ടു തെറാപ്പിസ്റ്റുകൾ എന്നിവർക്ക് പുറമേ ഒരു ആയുർവേദ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസി അറ്റൻഡർ അടക്കമുള്ള സ്ഥിരം തസ്തികകളും ഈ ആശുപത്രിയിൽ ഉണ്ട്. ഗവൺമെന്റ് ആയുർവേദ വിഷ വൈദ്യ ആശുപത്രിയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്ന രോഗികളുടെ ആവശ്യകതകൾക്കനുസരിച്ച് അപര്യാപ്തമായതായ സാഹചര്യത്തിൽ വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പള്ളി ഈ വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ആശുപത്രിയുടെ ഭൗതിക സാഹചര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി എം എൽ എ അറിയിച്ചു. വടക്കാഞ്ചേരി വിഷവൈദ്യ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള മാസ്റ്റർ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്ന നിലയിൽ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് ആധുനിക ഓ പി ബ്ലോക്ക് നിർമ്മിക്കുമെന്ന് എം എൽ എ അറിയിച്ചു.

വിശാലമായ ഓ പി ബ്ലോക്കിനൊപ്പം, പ്രൊസീജിയർ റൂം, ഡ്രെസ്സിങ് റൂം, നഴ്സിങ് സ്റ്റേഷൻ, സി എം ഓ റൂം, പഞ്ചകർമ്മ റൂം, ഓഫീസ്, ഫാർമസി, സ്റ്റോറുകൾ, സ്റ്റാഫ് റൂം, ടോയ് ലറ്റുകൾ, സ്റ്റെയർ, കിച്ചൺ, സെക്യൂരിറ്റി റൂം, ലിഫ്റ്റ് എന്നിവ അടങ്ങിയ വിപുലമായ മാസ്റ്റർ പ്ലാനാണ് വടക്കാഞ്ചേരി വിഷ വൈദ്യ ആശുപത്രി വികസനത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ആശുപത്രിയുടെ നിലവിലെ പഴയ കെട്ടിടം നിലനിർത്തിക്കൊണ്ടുതന്നെ ഒന്നാം ഘട്ടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഓ പി ബ്ലോക്ക് നിർമ്മിക്കുന്നതിനും, പഴയ കെട്ടിടത്തെ എല്ലാവിധ പഞ്ചകർമ്മ ചികിത്സാ സംവിധാനങ്ങളും, പേ വാർഡ് അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകുന്ന ഐ പി ബ്ലോക്ക് ആക്കി ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നഗരസഭ അധികൃതരും ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചതായി എം എൽ എ കൂട്ടിച്ചേർത്തു. നിലവിലെ ആശുപത്രി കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോർ പില്ലർ വെച്ച് നിലനിർത്തിക്കൊണ്ട് പാർക്കിംഗ് സൗകര്യം വിപുലീകരിക്കുന്നതിനും, പുതിയ ഓ പി ബ്ലോക്കിൽ വിശാലമായ ഓ പി റൂം, ഒബ്സെർവഷൻ റൂം, റിസപ്ഷൻ ഏരിയ അടക്കമുള്ള ആധുനിക കെട്ടിടമാണ് ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നതെന്ന് വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പള്ളി അറിയിച്ചു. ഓ പി ബ്ലോക്ക് നിർമ്മാണത്തിന്റെ സ്കെച്ച്, പ്ലാൻ, ഡിസൈൻ എന്നിവ തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുന്ന നടപടികൾ നിർവഹണ ഏജൻസിയായ സിൽക്ക് അത്താണിയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നതായും എം എൽ എ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.