പരമതത്ത്വസമീക്ഷാസത്രം നാലാം സുദിനം 23-12-2024 തിങ്കളാഴ്ച
'വിജ്ഞാനതേജസ്സിൽ തെളിഞ്ഞ വിദ്യാധരപദം'
വിമൽ വിജയ്
ഭാഗവതത്തിലെ ഓരോ പ്രകരണവും ജ്ഞാനം, ഭക്തി, വൈരാഗ്യം ഇവയിൽ ഏതെങ്കിലും ഒന്നിനെ ബോധ്യപ്പെടുത്താനാണെങ്കിൽ ചിത്രകേതുവിന്റെ ഈ ഉപാഖ്യാനം ഈ മൂന്നിനേയും കാണിച്ചു തന്ന് നമ്മെ പഠിപ്പിയ്ക്കുന്നതാണ്. ഒരു കാവ്യം എന്ന നിലയിൽ ഭാഗവതത്തെ ആസ്വദിച്ചാൽ ഇത്ര മനോഹരമായ ഒരു ഇതിവൃത്തവും ഉജ്ജ്വല കഥാപാത്രങ്ങളും സംഭവങ്ങളുടെ അനുസ്യൂതിയും ഹൃദയസ്പർശിയായ ആഖ്യാനശൈലിയും ഒന്നിച്ചു ചേരുന്ന ഒരു സൃഷ്ടി ലോകസാഹിത്യത്തിൽ തന്നെ അന്യത്ര കാണില്ല. ജനിമൃതികൾ ഈ ജീവിതത്തിന്റെ അപരിഹാര്യമായ ഘടകങ്ങളാണെന്നും അതിൽ അമിതമായ ഹർഷശോകങ്ങൾ പാടില്ല എന്നും നമ്മെ പഠിപ്പിയ്ക്കുന്നു.
'അസുരബാലന്റെ ഉറച്ച ഭക്തി രക്ഷാകവചമായപ്പോൾ'
കൂനമ്പിള്ളി ശ്രീരാം നമ്പൂതിരി
ഉത്തമഭക്തനാകാൻ ആഗ്രഹിയ്ക്കുന്നവർക്ക് മാതൃകയും പ്രചോദനവുമാണ് പ്രഹ്ളാദൻ. ജീവിതത്തിൽ പിടിവാശി പുലർത്തുന്നവർക്ക് എന്നും ഭയവും അശാന്തിയുമായിരിയ്ക്കും ഫലമെന്ന് പ്രഹ്ലാദകഥ നമ്മെ പഠിപ്പിയ്ക്കുന്നു. അതിനാൽ വാശിയില്ലാത്ത അവസ്ഥയെ ഉത്തമഭക്തിയെന്നു പറയാം.
'സമൂഹസുസ്ഥിതി ഉറപ്പാക്കാൻ നാരദന്റെ ധർമ്മോപദേശം'
സ്വാമി ശിവസ്വരൂപാനന്ദ
എല്ലാവരുടേയും ശരീരത്തിന്റെ ഘടന ഒരുപോലയാണ്. അവിടെ ബ്രാഹ്മണൻ, ശൂദ്രൻ എന്നിങ്ങനെയുള്ള വേർതിരിവില്ല. ഒരാളുടെ ചിന്ത, വാക്ക്, പ്രവൃത്തി തുടങ്ങിയവയാണ് അവനിൽ ഇത്തരത്തിലുള്ള വ്യത്യാസം ഉണ്ടാക്കുന്നത്. വർണ്ണവും ആശ്രമവും ഏതായാലും സാമാന്യമായ ധർമ്മങ്ങൾ എല്ലാവരും പാലിയ്ക്കണം.
ജീവിതസായാഹ്നത്തിൽ ശരീരം ക്ഷീണിച്ചാലും മനസ്സു തളരാതിരിയ്ക്കാൻ നമുക്കു ശക്തിനല്കുക ഈ ധാർമികതയാണ്.
'പാലാഴിയിൽ നിന്നുയർന്ന ഭഗവത്കൃപാമൃതം'
അരുണാ സുബ്രഹ്മണ്യൻ
നമ്മുടെ മനസ്സിൽ ജ്ഞാനത്തിന്റെ അമൃതം തെളിയണമെങ്കിൽ തത്ത്വവിചാരം എന്ന മഥനം നടത്തേണ്ടതായിട്ടുണ്ട്. ആദ്യം മനോമാലിന്യമാകുന്ന കാളകൂടാദി കളഞ്ഞ് മനസ്സ് ശുദ്ധമാക്കണം. ഒടുവിൽ ലഭിയ്ക്കുന്ന ജ്ഞാനാമൃതം ആസുരശക്തികൾ തട്ടിയെടുത്താൽ ഭഗവാനെ ആശ്രയിച്ച് വീണ്ടെടുത്ത് അനുഭവിച്ച് മോക്ഷാർത്ഥിയാകണം എന്നും പാലാഴിമഥനം എന്ന പ്രകരണം നമുക്കു പറഞ്ഞുതരുന്നു.
'ഭക്തിയും ജ്ഞാനവും കൈകോർത്ത്'
സരിതാ അയ്യർ
ഭക്തിയും ജ്ഞാനവും രണ്ടല്ല. ഒന്നിന്റെ രൂപഭേദം മാത്രമാണ് മറ്റേത്. ഭക്തിയുടെ പക്വഭാവം ജ്ഞാനവും ജ്ഞാനത്തിന്റെ അപക്വഭാവം ഭക്തിയുമാണ്. ജ്ഞാനം പഞ്ചസാരയാണെങ്കിൽ ഭക്തി കരിമ്പാണ് എന്നു പറയാം. ഭക്തിയെ ജ്ഞാനത്തിലേയ്ക്കുയർത്തുന്നത് ഉത്തമസാധനയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ