ബി.ജെ.പി. സർക്കാർ ചരിത്രത്തെ തിരിച്ചു നടത്തുന്നു. - വി.എസ്.സുനിൽകുമാർ.
ഇന്ത്യയെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ രാജ്യമായിട്ടല്ല കമ്യൂണിസ്റ്റ് പാർട്ടി കരുതിയിരുന്നത് എന്നും ഇന്ത്യയിലെ മുസ്ലിമുകളെ പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കണം എന്ന ആർ.എസ്.എസ്.പ്രമേയത്തെ ചെറുത്തു തോൽപ്പിക്കാൻ യഥാർത്ഥ ഇന്ത്യക്ക് കഴിഞ്ഞെന്നും അടക്കമുള്ള നിരവധി ചരിത്ര സത്യങ്ങളെ താമസകരിച്ച് ഇന്ത്യൻ ചരിത്രത്തെ പുറകോട്ടു തിരിച്ചു നടത്താനാണ് ബി.ജെ.പി.സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ അഡ്വ.വി.എസ്.സുനിൽകുമാർ പ്രസ്താവിച്ചു.
നവഖാലിയിൽ വർഗ്ഗീയ കലാപങ്ങളാൽ കത്തിയെരിയുന്ന തെരുവുകളിലാണ് മഹാത്മാ ഗാന്ധി ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ചതെന്നും , മത ന്യൂനപക്ഷങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയുന്ന ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും , രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സ്വപ്നങ്ങൾ ഇന്ത്യയിൽ നശിക്കാൻ പാടില്ലെന്നും സുനിൽ കുമാർ തുടർന്നു പറഞ്ഞു. മഹാത്മാഗാന്ധിയെ കൊന്നത് അന്നത്തെ ആർ.എസ്.എസ്.കാരാണെന്ന് ഹിന്ദു ഉൾപ്പെടെയുള്ള അന്നത്തെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേവല തർക്കവാദങ്ങൾ കൊണ്ട് ആ കൊലയുടെ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്കൊഴിഞ്ഞുമാറാൻ ജനാധിപത്യ ഇന്ത്യയുടെ ചരിത്രബോധം അനുവദിക്കില്ലെന്നും സുനിൽകുമാർ ആവർത്തിച്ചു.
ഇന്ന് കേന്ദ്ര സർക്കാരിന്റെ പിണിയാളുകൾ ചരിത്ര സ്മാരകങ്ങളായ മുസ്ലിം പള്ളികൾക്ക് കീഴിൽ ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന വ്യാജ പ്രചാരണങ്ങളുമായി ഇന്ത്യയുടെ മതേതര മനസിനെ വിഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം മനുഷ്യരുടെ അടിസ്ഥാന വിഷയങ്ങളെ കണ്ടില്ലെന്നു നടിക്കുകയുമാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു.
അദാനി സ്കാം അന്വേഷിക്കുക , മോദി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്ത നയങ്ങൾ ചെറുത്തു തോല്പിക്കുക ,വർഗ്ഗീയ കലാപങ്ങൾക്ക് അരുതി വരുത്തുക , മണിപ്പൂരിൽ അഫ്സ്പ പിൻവലിക്കുക, മണിപ്പൂർ സർക്കാർ രാജിവെക്കുക, ബി.ജെ.പി. സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.പി.ഐ.ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.മണ്ഡലം സെക്രട്ടറി എം.യു.കബീർ സ്വാഗതം പറഞ്ഞ ധർണ്ണക്ക് അസിസ്റ്റന്റ് സെക്രട്ടറി എ.ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.പ്രസാദ് , കെ.കെ.ചന്ദ്രൻ, ലിനി ഷാജി , ഷീല മോഹൻ, പി.വി.സുധീർ, ഇ.എൻ. ശശി എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എം.എ.വേലായുധൻ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ