🟣 നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: കേന്ദ്ര സർക്കാർ വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുന്നു: കെ. രാധാകൃഷ്ണൻ എം.പി. 🟣

നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: കേന്ദ്ര സർക്കാർ വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുന്നു: കെ. രാധാകൃഷ്ണൻ എം.പി.

രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകിടം മറിച്ച നീറ്റ്-യുജി (NEET-UG 2026) പരീക്ഷാ നടത്തിപ്പിലെ വൻ ക്രമക്കേടുകൾ അത്യന്തം ഗൗരവകരമാണെന്ന് സി.പി.ഐ(എം) പാർലമെന്ററി പാർട്ടി നേതാവ് കെ. രാധാകൃഷ്ണൻ എം.പി. പ്രസ്താവനയിലൂടെ പറഞ്ഞു. പരീക്ഷാ പേപ്പർ ചോർച്ചയും തുടർന്നുണ്ടായ പരീക്ഷ റദ്ദാക്കലും ദേശീയ പരീക്ഷാ ഏജൻസിയുടെയും (NTA) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഗുരുതരമായ പരാജയത്തെയാണ് വിരൽ ചൂണ്ടുന്നത്.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ 23 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവിയാണ് പരീക്ഷാ മാഫിയയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ ബലികഴിച്ചത്. 
നിലവിലെ സി.ബി.ഐ അന്വേഷണം മാത്രം പര്യാപ്തമല്ല. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം വേണം. ഈ അഴിമതിക്ക് പിന്നിലുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ള 'വമ്പൻ സ്രാവുകളെ' പുറത്തുകൊണ്ടു വരണം.
പരീക്ഷാ നടത്തിപ്പിൽ എൻ.ടി.എ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഈ ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പുനർചിന്തനം നടത്തണം. പുനഃപരീക്ഷ നടത്തുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ പരിഗണിക്കണം. പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും ചോദ്യപേപ്പർ സുരക്ഷയിലും പൂർണ്ണമായ സുതാര്യത ഉറപ്പാക്കണം. വിദ്യാഭ്യാസ രംഗത്തെ അഴിമതിമുക്തമാക്കാനും വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് മൂല്യം ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ. രാധാകൃഷ്ണൻ എം.പി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍