🟣 വടക്കാഞ്ചേരി മണ്ഡലത്തിൽ പുതിയ ഫോറസ്റ്റ് കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 7.77 കോടി 🟣

വടക്കാഞ്ചേരി മണ്ഡലത്തിൽ പുതിയ ഫോറസ്റ്റ് കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 7.77 കോടി

വടക്കാഞ്ചേരി മണ്ഡലത്തിൽ പുതിയ ഫോറസ്റ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 7.77 കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. 
വടക്കാഞ്ചേരി - മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസുകളുടെയും ക്വാർട്ടേഴ്സുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും മണ്ഡലത്തിലെ ഫോറസ്റ്റ് കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നേരത്തേ വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകിയിരുന്നു. സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസിനും ക്വാർട്ടേഴ്സിനും കരുതക്കാട് കെട്ടിട നിർമ്മാണം പൂർത്തിയായി.
മണ്ഡലത്തിലെ ഫോറസ്റ്റ് കെട്ടിടങ്ങൾ പുനർനിർമ്മിക്കാൻ തുടർച്ചയായി പിന്തുടർന്ന് പുതിയ കെട്ടിടങ്ങളെ നബാർഡ് പദ്ധതിയുടെ പ്രൊപ്പോസലിൽ ഉൾപ്പെടുത്തുന്നതിനായി ഡി.പി.ആർ തയ്യാറാക്കി. 2025 ഡിസംബർ 19ന് അംഗീകാരം ലഭിച്ചതോടെ പുതിയ ഫോറസ്റ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്ന പദ്ധതിക്ക് 2026 ജനുവരി 12ന് ഭരണാനുമതിയായി. സർക്കാർ ഏജൻസിയായ കേരള ഇലക്ട്രിക്കൽ & അലൈയ്ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് (കെൽ) മുഖേന പദ്ധതി നിർവ്വഹിക്കുന്നതിന് വനം - വന്യജീവി വകുപ്പ് സാങ്കേതികാനുമതി കൂടി നൽകിയതോടെയാണ് 7 കോടി 77 ലക്ഷം രൂപയുടെ ഫോറസ്റ്റ് കെട്ടിടങ്ങൾ വടക്കാഞ്ചേരി മണ്ഡലത്തിൽ ഒരുങ്ങുന്നത്.
വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം നിർമ്മാണത്തിന് 94.75 ലക്ഷം രൂപയാണ് അനുവദിച്ചത്. വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഡോർമിട്ടറിക്കായി 1.83 കോടി രൂപയും, സ്റ്റാഫ് ബരാക്കിനായി 1.04 കോടി രൂപയും അനുവദിച്ചു. വാഴാനി ഡെപ്യൂട്ടി റേഞ്ച് ഓഫീസ് ക്വാർട്ടേഴ്സിന് 58 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മച്ചാട് റേഞ്ച് ഓഫീസ് കെട്ടിടം നിർമ്മാണത്തിന് 1.12 കോടി രൂപ അനുവദിച്ചു. മച്ചാട് റേഞ്ച് ഓഫീസ് ക്വാർട്ടേഴ്സ് നിർമ്മാണത്തിന് 57 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

വടക്കാഞ്ചേരി റേഞ്ച് ഓഫീസ് കെട്ടിടം നിർമ്മാണത്തിന് 1.12 കോടി രൂപ അനുവദിച്ചു. വടക്കാഞ്ചേരി റേഞ്ച് ഓഫീസ് ക്വാർട്ടേഴ്സ് നിർമ്മാണത്തിന് 57 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തിൽ ആകെ 8 ഫോറസ്റ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് 7.77 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച് ടെൻ്റർ ഘട്ടത്തിലേക്ക് കടക്കുന്നത്.

മണ്ഡലത്തിലെ ഫോറസ്റ്റ് കെട്ടിടങ്ങളുടെ സമഗ്രമായ പുനർനിർമ്മാണം ലക്ഷ്യമിട്ട് വനം - വന്യജീവി വകുപ്പുമായി ബന്ധപ്പെട്ടു തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി നേടിയെടുക്കാനായതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍