രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. തൃശ്ശൂർ താലൂക്കിലെ അച്ചേരി മേപ്പുള്ളി വീട്ടിൽ ബിന്ദു ജോഷിക്ക് പട്ടയം ലഭിച്ചു. കഴിഞ്ഞ ജനുവരിയിൽ ശുചിത്വമിഷൻ, നവകേരള മിഷൻ, തൃശ്ശൂർ കോർപ്പറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഒരു സന്നദ്ധ പ്രവർത്തകയായെത്തിയ ബിന്ദു പട്ടയത്തിനായുള്ള തന്റെ കാത്തിരിപ്പ് കളക്ടറെ നേരിട്ട് അറിയിച്ചത്.
ഉടൻ തന്നെ പട്ടയത്തിനായുള്ള നടപടി ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകി. ബിന്ദുവിന്റേത് ഉൾപ്പെടെയുള്ള പട്ടയ അപേക്ഷകളിൽ വില്ലേജ് ഓഫീസുകളിൽ നിന്നും, താലൂക്ക് ഓഫീസുകളിൽ നിന്നും റിപ്പോർട്ടുകൾ ലഭ്യമാക്കി. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയം വിതരണത്തിന് തയ്യാറാക്കി. കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറിലെത്തിയ ബിന്ദുവിന് പട്ടയരേഖ കളക്ടർ നേരിട്ട് കൈമാറി.
1998-99 കാലഘട്ടത്തിൽ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി, ഭൂരഹിതരായ സാധാരണക്കാർക്ക് വീട് വെക്കാനായി ഒല്ലൂർ ഗ്രാമപഞ്ചായത്ത് വാങ്ങിയിരുന്നു. ഒരു വീട് എന്ന സ്വപ്നത്തിന് നിയമപരമായ അടിത്തറ നൽകി, പഞ്ചായത്ത് അന്ന് അവർക്ക് അനുവാദപത്രികയും നൽകി. എന്നാൽ, പിന്നീട് സ്ഥലം തൃശ്ശൂർ കോർപ്പറേഷന്റെ പരിധിയിലായി. അതോടെ, ചട്ടങ്ങളിലും നടപടിക്രമങ്ങളിലും മാറ്റം വന്നു. 2024-ൽ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് നടത്തിയ 'പട്ടയ മിഷൻ' ഇവരുടെ സ്വപ്നത്തിന് പുതിയ പ്രതീക്ഷയേകി. ഭൂമി കോർപ്പറേഷനിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് ഔദ്യോഗികമായി കൈമാറുകയും റവന്യൂ ഭൂമിയാക്കി മാറ്റുകയും ചെയ്തു. ഇതോടെയാണ്, ഭൂമിക്ക് പട്ടയമെന്ന ബിന്ദുവിന്റെ സ്വപ്നം സഫലമായത്.
ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജ്യോതി എം.സി., ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ദ്വിതിക , ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ , തൃശ്ശൂർ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ മനേഷ് ബാബു, വില്ലേജ് ഓഫീസർ വി.എ. അരുൺ കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിന്ദുവിന് പട്ടയം കൈമാറിയത്.
പ്രദേശത്തെ മറ്റ് കുടുംബങ്ങൾക്കുള്ള പട്ടയം ജൂലൈ 14ന് നടക്കുന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി വിതരണം ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍