തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ് നവഗ്രഹ ക്ഷേത്രങ്ങളിലൊന്നായ തിങ്കളൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദീതീരത്ത് നെൽപ്പാടങ്ങൾ നിറഞ്ഞ തിങ്കളൂർ ഗ്രാമത്തിൽ കിഴക്കോട്ട് ദർശനമായാണ് ഈ ചന്ദ്രക്ഷേത്രം. കുംഭകോണത്ത് നിന്ന് 18 കിലോമീറ്റർ മീറ്റർ ദൂരം. ഏഴാം നൂറ്റാണ്ടിൽ രാജസിംഹ പല്ലവൻ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ കൈലാസനാഥർ അഥവാ ശിവനാണ്. പണ്ട് പാലാഴിമഥനം കഴിഞ്ഞ് ലഭിച്ച അമൃത് മഹാവിഷ്ണു മോഹിനീ രൂപത്തില്‍ ദേവന്മാര്‍ക്ക് കൊടുക്കുമ്പോള്‍ ഒരു അസുരന്‍ ദേവന്റെ വേഷത്തില്‍ വന്ന് അത് കഴിച്ചു എന്നും ആ അസുരന്റെ കഴുത്ത് മഹാവിഷ്ണു ചക്രം കൊണ്ട് അറുത്തു എന്നും ആ അസുരന്റെ രണ്ട് ഭാഗങ്ങള്‍ രാഹുകേതുക്കളായി എന്നതാന്നല്ലോ ഐതിഹ്യം. അതില്‍ രാഹു ചന്ദ്രനെ വിഴുങ്ങാന്‍ പോയപ്പോള്‍ ചന്ദ്രന്‍ ആത്മരക്ഷാര്‍ത്ഥം ശിവനെ തപസ്സ് ചെയ്തു എന്നും ശിവന്‍ പ്രത്യക്ഷപ്പെട്ട് വിഴുങ്ങിയാലും 15 ദിവസത്തില്‍ വീണ്ടും പൂര്‍ണ്ണരൂപം കൈക്കൊള്ളാന്‍ അനുഗ്രഹിച്ചു എന്നും ചന്ദ്രനെ ശിരസ്സില്‍ അലങ്കാരം ആയി സ്വീകരിച്ചു എന്നും പറയുന്നു. ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഇടതു വശത്തായി സൂര്യൻ കോവിൽ കാണാം. തെക്കുവശത്ത് അമ്മദൈവം പെരിയനായികയുടെ പ്രതിഷ്ഠയുമുണ്ട്. ഗണപതി, സുബ്രഹ്മണ്യൻ, ദക്ഷിണാമൂർത്തി, ഗജലക്ഷ്മി, ചണ്ഡികേശർ, ഭൈരവൻ എന്നീ മൂർത്തികളെയും ഇവിടെ ഉപാസിക്കുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ശിവഭക്തരായ 63 നായന്മാരില്‍ തന്നെ വളരെ പ്രാധാന്യമുള്ള അപ്പരുടെ (തിരുനാവുക്കരസ് സ്വാമികള്‍) ഒരു കഥയും ഉണ്ട് … അപ്പര്‍ ഈ പ്രദേശത്ത് കൂടി യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഭക്തനായ അപ്പൂതി അടികള്‍ (അത് വരെ പരസ്പരം കണ്ടിട്ടില്ല) അപ്പരുടെ പേരില്‍ തണ്ണീര്‍ പന്തലുകളും അതുപോലെ പല സൌകര്യങ്ങളും ചെയ്തു വെച്ചതായി കണ്ട് അത്ഭുതപ്പെട്ട് ചോദിച്ചുവത്രെ…എന്തേ സ്വന്തം പേരില്‍ ചെയ്യാതെ അപ്പരുടെ പേരില്‍ ചെയ്യുന്നത് എന്ന്. ആ ചോദ്യം അപ്പരെ അവഹേളിക്കുന്ന തരത്തില്‍ എന്ന് തോന്നുകയാല്‍ വിഷമം തോന്നുകയും അപ്പൂതി അടികള്‍ ഭഗവാന്റെ അനുഗ്രഹം കിട്ടിയ അപ്പരെ അറിയാത്തത് കൊണ്ടാണ്, ഇങ്ങിനെ പറയുന്നത് എന്നു സൂചിപ്പിക്കുകയും, സന്ന്യാസിവേഷത്തില്‍ ((അപ്പര്‍) ഇങ്ങിനെ പറയുന്നതിലെ അപ്രിയം പ്രകടിപ്പിക്കുകയും ചെയ്തുവത്രെ. സ്വയം താന്‍ തന്നെയാണ്, അപ്പര്‍ എന്ന് പരിചയപ്പെടുത്തിയപ്പോള്‍ സ്വഗൃഹത്തിലേക്ക് ക്ഷണിച്ചു…ഭക്ഷണത്തിനായി വാഴയില മുറിക്കാന്‍ പോയ അപ്പൂതി അടികളുടെ മകനെ (അദ്ദേഹത്തിന്റെ മക്കള്‍ക്കും അപ്പരോടുള്ള ബഹുമാനാര്‍ത്ഥം തിരുനാവുക്കരസ് എന്ന പേരാണത്രെ വെച്ചിരുന്നത്) പാമ്പു കടിച്ചു… ഇത് അറിഞ്ഞ അപ്പര്‍ മകനെയും കൊണ്ട് ഈ ക്ഷേത്രത്തില്‍ വന്ന് ശിവനെ സ്തുതിക്കുകയും ആ കുട്ടിക്ക് ജീവന്‍ തിരികെ ലഭിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. സെപ്റ്റംബർ -ഒക്ടോബർ മാർച്ച്-ഏപ്രിൽ എന്നീ മാസങ്ങളിൽ ചന്ദ്ര രശ്മികൾ നേരിട്ട് വിഗ്രഹത്തിൽ പതിക്കുന്നു എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ചന്ദ്രന്റെ രാശിയായ കർക്കിടക്കൂറിൽ ജനിച്ചിട്ടുള്ളവർ, അതായത് പുണർതം 1/4, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ വരുന്നവരും രോഹിണി, അത്തം, തിരുവോണം എന്നിങ്ങനെ ചന്ദ്രദശയിൽ ജനിക്കുന്നവരും ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അവരുടെ സകല ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. ചന്ദ്രദശാകാലം മെച്ചം ആകാനും ഇവിടെ ദർശനം നടത്താം. കുഞ്ഞുങ്ങൾക്ക് ചോറൂണ് ഇവിടെ നടത്തിയാൽ ജലദോഷവും പനിയും ഒന്നും അവർക്ക് പിടി പെടില്ല എന്നാണ് വിശ്വാസം.
എല്ലാ തിങ്കളാഴ്ചയും ഇവിടെ വിശേഷദിവസമാണ്. ഈ ക്ഷേത്രത്തിലെത്തി ഒൻപത് പ്രാവശ്യം ചന്ദ്രഗായത്രി ജപിച്ച് നെയ് വിളക്ക് തെളിയിച്ചാൽ മനക്ലേശവും മാനസിക സംഘർഷങ്ങളും പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. വെളുത്ത അരളിപ്പൂക്കൾ കൊണ്ടാണ് ഇവിടെ അർച്ചന നടത്തുന്നത്. വെള്ള വസ്ത്രമാണ് ഭഗവാന് ചാർത്തുന്നത്. ശർക്കര പായസം ആണ് നിവേദ്യം. രാവിലെ ഏഴ് മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു മണി വരെയുമാണ് ദർശന സമയം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍