കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകമെമ്പാടും നിറഞ്ഞുനിന്ന ആശങ്കകൾക്ക് അറുതിയായി. ജപ്പാനിൽ വൻ സുനാമിയടിക്കുമെന്ന റയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ല.
ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നായിരുന്നു ഇവരുടെ പ്രവചനം. ഇവർ മുമ്പ് പ്രവചിച്ച പല കാര്യങ്ങളും നടന്നിട്ടുണ്ടെന്ന പ്രചാരണം ശക്തമായതോടെ നിരവധി പേരാണ് ആശങ്കയിലായത്. പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജപ്പാനിൽ താമസിക്കുന്ന മലയാളിയായ റമീസ് എന്നയാളും ഇക്കാര്യം വ്യക്തമാക്കുന്നു. ജപ്പാൻ സമയം ഇന്നു രാവിലെ 7.35ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് റമീസ് ഇക്കാര്യം പറയുന്നത്. നിരവധിപ്പേർ തനിക്ക് സന്ദേശമയച്ചിരുന്നുവെന്നും നിലവിൽ കുഴപ്പമൊന്നുമില്ലെന്നും റമീസ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ജപ്പാനിൽ ഉണ്ടായത്. ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് ജൂൺ 23 നാണ്. 183 ഭൂചലനങ്ങളാണ് അന്നേദിവസം ദ്വീപിൽ രേഖപ്പെടുത്തിയത്. ജൂൺ 26- 27 ദിവസങ്ങളിൽ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂൺ 29ന് 98 ഭൂചലനങ്ങളും ജൂൺ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍