തൃശ്ശൂർ : നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്നുവർഷം മുൻപ് നിർമിച്ച കോവിലകത്തുംപാടത്തെ റോഡിലെ കുഴി അടയ്ക്കലും 'ഹൈ-ടെക്കായി'. അപകടകാരണമായ കുഴി ഇൻർലോക്ക് കട്ട വിരിച്ച് അടച്ചിരിക്കുകയാണ്. ഞായറാഴ്ച റോഡിലെ കുഴിയിൽവീണ് ഇരുചക്രവാഹനയാത്രികരായ ദമ്പതിമാർക്ക് പരിക്കേറ്റതിനെത്തുടർന്നാണ് നടപടി. ഈ റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
പൊതുമരാമത്തിൻ്റെ ഉടമസ്ഥതയിലുള്ള റോഡിൽ 6.17 കോടി രൂപ ചെലവഴിച്ചാണ് നടപ്പാതയടക്കം നിർമിച്ചത്. ഈ റോഡിൽ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ കുഴി അടയ്ക്കാറുണ്ടെങ്കിലും പൂർണമായും നികത്തിയിരുന്നില്ല. ബാധ്യതാ കാലാവധി കഴിയുന്നതിനുമുൻപുതന്നെ കുഴിയായതിനാൽ പുനർനിർമാണം ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞിരുന്നു.
കുഴിമൂടാൻ മെറ്റൽ ഉപയോഗിക്കുന്നത് അപകടസാധ്യത കൂട്ടുന്നതായി യാത്രക്കാർ പറഞ്ഞു. മെറ്റലിട്ട് കുഴി മൂടിയാൽ കുറച്ചുദിവസങ്ങൾക്കകംതന്നെ മെറ്റലുകൾ ചിതറി കുഴിക്കു ചുറ്റും പരക്കും. ചെറിയ കല്ലുകളിൽ ഇരുചക്രവാഹനങ്ങൾ തെന്നി അപകടങ്ങളുമുണ്ടാകും. കൂർത്ത കല്ലുകൾ വാഹനങ്ങൾക്കും കേടുണ്ടാക്കും. നഗരത്തിലെ പലഭാഗത്തും ഇത്തരത്തിൽ മെറ്റലിട്ടാണ് താത്കാലികമായി കുഴിയടയ്ക്കുന്നത്.
കോലഴി സ്വദേശികളായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ തോമസ് (62), ഭാര്യ ബീന (61) എന്നിവർക്കാണ് ഞായറാഴ്‌ച കുഴിയിൽവീണ് പരിക്കേറ്റത്. ഇരുവർക്കും സാരമായ പരിക്കുണ്ട്.
കഴിഞ്ഞ ദിവസം ക്ഷേത്രദർശനത്തിനെത്തിയ പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് എംജി റോഡിൽ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബസിടിച്ച് മരിച്ചിരുന്നു. അമ്മ പദ്‌മിനിക്ക് ഗുരുതരപരിക്കുണ്ട്.
0 അഭിപ്രായങ്ങള്‍