അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. തൃശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അമൃതയിൽ ചികിത്സയിൽ കഴിയുന്നത്.
ആശ്വാസം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. അത്യപൂർവമായ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) കേരളത്തിൽ ആശങ്ക പടർത്തുന്നതിനിടെ കൊച്ചിയിൽ നിന്നൊരു ആശ്വാസ വാർത്ത. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. തൃശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അമൃതയിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ജൂൺ 1 ന് പനിയെ തുടർന്ന് കുട്ടി പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് 2 ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ പനി കൂടിയതിനെ തുടർന്ന് കുട്ടിയെ ഇവിടെ നിന്നും തൃശൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് വെർമമീബ വെർമിഫോർസിസ് (Vermamoeba vermiformis ) അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂൺ 16 ന് അമൃത ആശുപത്രിയിലേക്കെത്തിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകൾ ഇതേ ലാബിലേക്ക് അയച്ചു നൽകി നടത്തിയ പുന:പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.
തുടർന്ന് ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ടാഴ്ച മുമ്പ് വെന്റിലേറ്ററിന്റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചു തുടങ്ങുകയും ചെയ്തു. തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുറിയിലേക്ക് മാറ്റിയത്. നിലവിൽ കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ പൂർണമായും ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചികിത്സയ്ക്ക് നേതൃത്വം നൽകിയ അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി വിനയൻ പറഞ്ഞു.
എല്ലാ അമീബിക് മസ്തിഷ്‌ക ജ്വരങ്ങളും ജീവഹാനിയുണ്ടാക്കുന്ന തരത്തിൽ മാരകമാകണമെന്നില്ല എന്നാണ് ഈ കേസ് സൂചിപ്പിക്കുന്നതെന്നും ഡോ.വിനയൻ അഭിപ്രായപ്പെട്ടു. ഏത് തരം അമീബയാണ് ബാധിക്കുന്നത് എന്നത് ചികിത്സാ വിധികൾ നിർണയിക്കുന്നതിൽ വളരെ നിർണായകമായേക്കാം. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ നൽകുന്നതിനുള്ള തുടർ പഠനങ്ങളും, വ്യക്തമായ മാർഗനിർദേശങ്ങളും വളരെ ആവശ്യമാണ്. ഇതിനായി വൈദ്യശാസ്ത്ര രംഗത്തെ സംഘടനകളും സർക്കാരും അടിയന്തരമായി പരിശ്രമിക്കേണ്ടതാണെന്നും ഡോ.വിനയൻ അഭിപ്രായപ്പെട്ടു.
പീഡിയാട്രിക് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.സജിത് കേശവൻ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രൊഫസർ ഡോ.വൈശാഖ് ആനന്ദ്, പീഡിയാട്രിക് വിഭാഗം അസി.പ്രൊഫസർ ഡോ.എൻ.ബി പ്രവീണ എന്നിവരും ചികിത്സാ സംഘത്തിലുണ്ട്. കാലുകളുടെ ചലനക്ഷമത പൂർണമായും വീണ്ടെടുക്കുന്നതിനുള്ള ഫിസിയോ തെറാപ്പി കൂടി പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
അതേ സമയം കുട്ടിക്ക് അമീബിക് അണുബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. സമീപകാലത്ത് കുളത്തിലോ പുഴയിലോ കുളിച്ചിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. വീടിന് സമീപത്തുള്ള പാടത്ത് കുട്ടി സ്ഥിരമായി ഫുട്‌ബോൾ കളിക്കാൻ പോകാറുണ്ടായിരുന്നു. ഇവിടെ നിന്നാകാം അമീബിക് ബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG








0 അഭിപ്രായങ്ങള്‍