വേനൽ കനക്കുന്നതോടെ പഴയന്നൂർ ചേലക്കര പ്രദേശത്ത് തീപടരുന്നത് യഥാസമയം നിയന്ത്രിക്കാനുള്ള സംവിധാനമില്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ഈ സമയത്ത് കൂടുതലായും തീപടരുന്നത്. പ്ലാന്റേഷൻ മേഖല, വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളായ തോട്ടേക്കോട്, അസുരൻകുണ്ട്, മല്ലിശ്ശേരിക്കാവ്, എളനാട്, കാളിയാറോഡ്, പങ്ങാരപ്പിള്ളി തുടങ്ങിയ മച്ചാട് വനമേഖലയിലും പൂവത്താണി, കായാംപൂവം മേഖല ഉൾപ്പെടുന്ന വടക്കാഞ്ചേരി റേഞ്ച് വനമേഖലയും ചൂലന്നൂർ മയിൽ സങ്കേതം ഉൾപ്പെടുന്ന മലേശമംഗലം, പാമ്പാടി പ്രദേശങ്ങളിലുമെല്ലാം തീപടരാറുണ്ട്. വനമിത്ര പദ്ധതി പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്.
യഥാസമയം തീഅണയ്ക്കാൻ സാധിച്ചില്ലെങ്കിൽ വന്യജീവികളാണ് ദുരിതമനുഭവിക്കുന്നതിലേറെയും. പലപ്പോഴും പ്രസവിച്ച് കിടക്കുന്ന മൃഗങ്ങൾ മുതൽ ചെറിയ ജീവികളായ ആമ, പാമ്പുകൾ, മാളങ്ങളിൽ കഴിയുന്ന മുയൽ, ഉടുമ്പ് എന്നിവക്കാണ് തീയിൽപ്പെട്ട് ജീവൻ നഷ്ടപെടുന്നത്. അടിക്കാടുകളും കരിയിലകളുമെല്ലാം കത്തുമ്പോഴേക്കും തീ നിയന്ത്രണവിധേയമാക്കിയാൽ കാട്ടിലേക്ക് തീ ആളിക്കത്തുന്നത് തടയാനാകും.
പലപ്പോഴും പ്രദേശവാസികൾ തീപടരുന്നത് അറിയുന്നതുതന്നെ തീ ആളിപ്പടർന്ന ശേഷമാണ്. അപ്പോഴേക്കും വലിയൊരുപ്രദേശം തീപടർന്നിട്ടുണ്ടാകും. നിലവിൽ വടക്കാഞ്ചേരിയിൽനിന്നും ആലത്തൂരിൽ നിന്നും, ഷൊർണൂരിൽ നിന്നുമെല്ലാമാണ് അഗ്നിരക്ഷാസേന എത്തുന്നത്. തീപടരുമ്പോൾ എയർപമ്പ് ഉപയോഗിച്ചാണ് വാച്ചർമാർ ഒരുപരിധിവരെ തീ നിയന്ത്രണവിധേയമാക്കുന്നത്. വാഹനം ഓടിയെത്താനുള്ള സ്ഥലസൗകര്യമുള്ളയിടങ്ങളിൽ അഗ്നിരക്ഷാസേന എത്തുന്നത് വേഗത്തിൽ തീയണയ്ക്കാൻ സാധിക്കും. അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് പഴയന്നൂരിലോ ചേലക്കരയിലോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍