നാടെങ്ങും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശങ്ങളുമായി പ്രചാരണം ശക്തമാക്കുമ്പോൾ, ലഹരി വിൽപ്പനക്കാർക്കെതിരെ കടുത്ത പ്രഹരവുമായി തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് രംഗത്ത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ തലപ്പിള്ളി താലൂക്ക് എളനാട് വില്ലേജ് നീളം പള്ളിയാൽ ദേശത്ത് ഒറ്റയിൽപടി വീട്ടിൽ ബാലൻ മകൻ ബിനേഷ് (39) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എളനാട് കുന്നുംപുറം ദേശത്ത് വെച്ച് മദ്യവിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്നും 4 ലിറ്റർ മദ്യവും വിൽപ്പനയിലൂടെ ലഭിച്ച 1000 രൂപയും എക്സൈസ് സംഘം കണ്ടെടുത്തു. തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ ടി. ജെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. എം. സജീവ്, പ്രിവൻ്റീവ് ഓഫീസർ കെ. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർ വി. തൗഫിക്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. അമിത എന്നിവരും പങ്കെടുത്തു. പഴയന്നൂർ മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സ്പെഷ്യൽ സ്ക്വാഡ് ലഹരി വിൽപ്പനക്കാർക്കെതിരെ കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ സഞ്ചരിക്കുന്ന ഓട്ടോ ബാറിന്റെ വാർത്ത ജനങ്ങളിൽ വലിയ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറും തൂഫാനും ലഹരി മാഫിയക്ക് വലിയ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ ഇത്തരം വാർത്തകൾ പുറത്തുവരുന്നതോടെ പൊതുജനങ്ങൾക്ക് ലഹരി സംഘങ്ങളെക്കുറിച്ച് എക്സൈസ് ഡിപ്പാർട്ട്മെന്റിന് രഹസ്യ വിവരങ്ങൾ കൈമാറാനുള്ള ധൈര്യം വർദ്ധിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ലഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ 0487 2361237, 0487 2362002 എന്നീ നമ്പറുകളിൽ രഹസ്യമായി വിളിച്ചറിയിക്കാവുന്നതാണ്.
0 അഭിപ്രായങ്ങള്‍