പട്ടികജാതി - വർഗ്ഗ പീഡന നിരോധന നിയമത്തിലെ സുപ്രീം കോടതി വിധി: കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹർജി നൽകണമെന്ന് കെ. രാധാകൃഷ്ണൻ എം. പി.
പട്ടികജാതി - പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകൾ പൊതുസ്ഥലങ്ങളിൽ വെച്ച് നടക്കുന്ന അതിക്രമങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്ന സുപ്രീം കോടതി വിധിയിൽ അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ എം. പി. ഈ വിഷയത്തിൽ കേന്ദ്ര നിയമമന്ത്രിക്കും സാമൂഹ്യനീതി മന്ത്രിക്കും അദ്ദേഹം കത്തയച്ചു.
ജാതി അധിക്ഷേപങ്ങളും അതിക്രമങ്ങളും പൊതുജന മധ്യത്തിൽ വെച്ച് നടന്നാൽ മാത്രമേ ഈ നിയമപ്രകാരം കേസെടുക്കാൻ കഴിയൂ എന്ന കോടതിയുടെ നിരീക്ഷണം നിയമത്തിന്റെ അന്തസ്സത്തയെ തന്നെ തകർക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകൾക്കുള്ളിലോ, സ്വകാര്യ ഓഫീസുകളിലോ, വിദ്യാലയങ്ങളിലോ വെച്ച് നടക്കുന്ന അധിക്ഷേപങ്ങളിൽ നിന്ന് പ്രതികൾക്ക് രക്ഷപ്പെടാൻ ഇത്തരം വ്യാഖ്യാനങ്ങൾ വഴിയൊരുക്കും.
ദളിത് - ആദിവാസി വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന സുരക്ഷാ കവചം ദുർബലപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ അടിയന്തരമായി പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ആവശ്യമെങ്കിൽ നിയമത്തിൽ വ്യക്തത വരുത്തുന്നതിനായി പാർലമെന്റിൽ ഭേദഗതികൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സത്വരമായ നടപടികൾ ഉണ്ടാകണമെന്ന് എം. പി. കത്തിൽ വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍