മുളളൂർക്കര പഞ്ചായത്ത് ഓഫീസിനു സമീപം റെയിൽവേ ട്രാക്കിൽ വെച്ച് യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാനും, റെയിൽവേ ട്രാക്കിൽ തലയിടിച്ച് കൊലപ്പെടുത്തുവാനും ശ്രമിച്ച പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണംപാറ വളപ്പിൽ വീട്ടിൽ സുരേഷ് കുമാർ മകൻ സുധീഷിനെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണംപാറ സ്വദേശിനി കോളേജ് വിട്ട് വീട്ടിലേക്ക് തിരികെ വരുന്ന സമയം മുളളൂർക്കര പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെയുളള വഴി വന്ന് റെയിൽവേ ട്രാക്ക് മറികടന്ന് പോകാൻ ശ്രമിക്കുന്ന സമയം പ്രതി യുവതിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോയി അപമാനിക്കുവാൻ ശ്രമിക്കുകയും കുതറി ഓടിയ യുവതിയെ പ്രതി പിൻതുടർന്ന് വന്ന് തളളിയിട്ട് തല റെയിൽവേ ട്രാക്കിൽ ഇടിപ്പിച്ച് കൊല്ലുവാൻ ശ്രമിക്കുകയായിരുന്നു.
കുതറി മാറി ഓടി രക്ഷപ്പെട്ടിലായിരുന്നുവെങ്കിൽ യുവതിയ്ക്ക് ജീവഹാനി സംഭവിക്കുമായിരുന്നു. ബഹളം കേട്ട് വന്ന നാട്ടുകാർ പ്രതിയെ തടഞ്ഞു വെച്ച് പോലീസിന്റെ എമർജെൻസി നമ്പറായ 112ൽ വിളിച്ചറിയിച്ചതു പ്രകാരം വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സൈഫുളളയുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏതൊ മയക്കുമരുന്ന് കഴിച്ച് ലക്കുകെട്ട രീതിയിലായിരുന്ന സുധീഷ് പിന്നീട് പോലീസിനു നേരേയും, ഹോസ്പിറ്റലിൽ വെച്ച് ഡോക്ടർമാരേയും ആശുപത്രി ജീവനക്കാർക്കെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഈ വർഷം തുടക്കത്തിലും സുധീഷ് വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിലെ കൊലപാതക ശ്രമക്കേസിൽ ഉൾപ്പെട്ടിരുന്നു. ഇന്നലെ നടന്ന സംഭവത്തിന് സമീപ പ്രദേശത്ത് വെച്ച് പ്രായമായ ഒരു സ്ത്രീയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസിലും, പ്രായമായ മറ്റൊരു സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലും സുധീഷിനെ പോലീസ് സംശയിക്കുന്നുണ്ട്.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുരളീധരന്റെ നിർദ്ദേശപ്രകാരമുളള പോലീസ് സംഘത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സൈഫുളള, നിപിൻ, സിവിൽ പോലീസ് ഓഫീസർ സന്ദീപ്, ശ്രീജിത്ത് എന്നിവരുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
0 അഭിപ്രായങ്ങള്‍