കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഷോർട്ട് സർക്യൂട്ടിനിടെയുണ്ടായി മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും. മരണത്തിൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.
പി.എം.എസ്.എസ്.വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തിൽ എം.ആർ.ഐ യൂണിറ്റിന്റെ യു.പി.എസിൽ (ബാറ്ററി യൂണിറ്റ്) ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പൊട്ടിത്തെറിയും പുകപടലവുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 7.45-ഓടെ താഴത്തെനിലയിലാണ് പുക ഉയർന്നത്. സംഭവത്തിനിടെ അഞ്ചുപേർ മരിക്കാനിടയായത് സംബന്ധിച്ചാണ് ദുരൂഹത ഉയർന്നത്. പുക ശ്വസിച്ചല്ല ഇവർ മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ ടി.സിദ്ദീഖ് എം.എൽ.എ അടക്കമുള്ളവർ മരണത്തിൽ ആരോപണം ഉയർത്തിയ സാഹചര്യത്തിലാണ് അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്.
വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, കൊയിലാണ്ടി സ്വദേശി ഗംഗാധരൻ, പശ്ചിമബംഗാളുകാരിയായ ഗംഗ, വയനാട് സ്വദേശി നസീറ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ മരണകാരണം സംബന്ധിച്ചാണ് വ്യക്തത വരുത്തുക. ഇതിൽ ബംഗാൾ സ്വദേശി ഗംഗ ആശുപത്രിയിലെത്തും മുമ്പേ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ശ്രമം നടത്തി മരിച്ചതിനാൽ ഇവരുടെ മൃതദേഹമടക്കം പോസ്റ്റുമോർട്ടം ചെയ്യും.
ഇതിനിടെ മെഡിക്കൽ കോളേജിലെ താത്കാലിക കാഷ്വാലിറ്റി ഉടൻ സജ്ജമാകുമെന്ന് ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





0 അഭിപ്രായങ്ങള്‍