പൂരം നാളുകളിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഗൗരവമായി തന്നെ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ

തൃശൂർ: പൂരം നാളുകളിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഗൗരവമായി തന്നെ ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജൻ പ്രതികരിച്ചു. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഉത്തരവാദിത്തം കാണിക്കുന്നില്ല എന്നതിന്റെ തെളിവാണ് പകരം വഴികൾ കണ്ടെത്താതെ അടിപ്പാത നിർമാണം ആരംഭിച്ചത്. കരാറുകാരിൽ നിന്ന് ഓരോ ഘട്ടം പണിയുടെയും ഷെഡ്യൂൾ വാങ്ങിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ ഷെഡ്യൂൾ അനുസരിച്ച് പണി നടക്കുന്നത് ഉറപ്പു വരുത്തും. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. കമ്പനിക്ക് വീഴ്ച ഉണ്ടായാൽ ആ തലത്തിലുള്ള ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 


എന്നാൽ, ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സംസ്ഥാനതലത്തിൽ വിവിധ വകുപ്പുകളുടെ യോഗം എന്നു നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്‌തതയില്ല. ഇത്തരത്തിൽ യോഗം വിളിക്കുമെന്ന ഉറപ്പിലാണ് കഴിഞ്ഞ ദിവസം ടോൾ പിരിവ് നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി പിരിവ് പുനരാരംഭിച്ചത്. തിരിച്ചുവിട്ട വഴികളുടെ വീതി കൂട്ടുന്നതിനും ബ്ലിങ്ക്‌ഡ് ലൈറ്റുകളും സിഗ്നലുകളും റിഫ്ലക്‌ടറുകളും ബാരിക്കേഡുകളും സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചുവരുന്നതായി ദേശീയപാത അതോറിറ്റി പറഞ്ഞെങ്കിലും ഇതും ഫലവത്തായിട്ടില്ല. ദേശീയപാതയിൽ ഒരിടത്തും ഇതിനുള്ള പണികൾ നടക്കുന്നില്ല. പൂരം നാളുകളിൽ ദേശീയപാത സ്‌തംഭിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍