വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ വിവിധ കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തിരുവനന്തപുരത്ത് കിഫ്ബി ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആൻ്റണി ഐ.എ.എസ്, സീനിയർ ജനറൽ മാനേജർ പി. ഷൈല, പ്രൊജക്ട് മാനേജർ അഭിലാഷ്, കില, കിറ്റ്ക്കോ, ഇൻകൽ, ഇംപാക്ട്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും വടക്കാഞ്ചേരി മുൻസിപ്പൽ എഞ്ചിനീയറും പങ്കെടുത്തു. വടക്കാഞ്ചേരി മണ്ഡലത്തിൽ കിഫ്ബി പണം ചിലവഴിക്കുന്ന പ്രവർത്തികളുടെ നിലവിലെ പുരോഗതി വിലയിരുത്തിയ യോഗത്തിൽ പദ്ധതികളുടെ നിർവ്വഹണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നൽകി.
3.31 കോടി രൂപ ചിലവിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ എങ്കക്കാട് നിർമ്മിക്കുന്ന മോഡേൺ ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെ സ്ട്രക്ച്ചറൽ മോഡൽ അന്തിമമാക്കി ഡിസൈൻ റിവ്യു പൂർത്തിയാക്കി. ഡിപിആർ തയ്യാറാക്കൽ അന്തിമഘട്ടത്തിലാണ്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഇംപാക്ട് ആണ് നിർവ്വഹണ ഏജൻസി. ഡി.പി.ആർ പൂർത്തിയാക്കുന്നതിനുള്ള സൈറ്റ് വിസിറ്റിനായി കിഫ്ബി പ്രൊജക്ട് അപ്രൈസൽ ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം നാളെ (മെയ് 3) വടക്കാഞ്ചേരിയിൽ എത്തും. ഡി.പി.ആർ പൂർത്തിയാക്കി മെയ് മാസത്തെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ ഡി.പി.ആർ അംഗീകരിക്കാനാകും.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അത്താണിയിലും ഓട്ടുപാറയിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാർക്കറ്റ് നിർമ്മിക്കുന്നതിനായി 19.31 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നു. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഇംപാക്ട് ആണ് നിർവ്വഹണ ഏജൻസി. പുതിയ സ്ട്രക്ച്ചറൽ മോഡലുകൾ അന്തിമമാക്കി ഡ്രോയിംഗ് സമർപ്പിച്ചപ്പോൾ റേറ്റ് റിവിഷൻ ഉൾപ്പെടെ 14 കോടി രൂപയുടെ നിർമ്മാണ പദ്ധതിയാണ് അത്താണി മാർക്കറ്റിൽ യാഥാർത്ഥ്യമാകുന്നത്. ഡിസൈൻ റിവ്യു പൂർത്തിയാക്കി കൂടിയ തുകക്കുള്ള ധനാനുമതി മെയ് മാസത്തിൽ തന്നെ കിഫ്ബി ഡയറക്ടർ ബോർഡിൽ നിന്ന് നേടുന്നതിനും, ഡിപിആർ വേഗത്തിൽ തയ്യാറാക്കുന്നതിനും എം.എൽ.എ നിർദ്ദേശിച്ചു.
10.25 കോടി രൂപയുടെ പദ്ധതിയാണ് ഓട്ടുപാറ മാർക്കറ്റിൽ വിഭാവനം ചെയ്തിരുന്നത്. എന്നാൽ പുതിയ സ്ട്രക്ച്ചറൽ മോഡലും റേറ്റ് റിവിഷനും വരുന്നതോടെ ഈ തുക ഇനിയും വർദ്ധിക്കും. ഡ്രോയിങുകൾ തയ്യാറാക്കുന്ന അന്തിമ നടപടികൾ പുരോഗമിക്കുകയാണ്. മെയ് മാസത്തിൽ തന്നെ ഡ്രോയിംഗുകൾക്ക് അംഗീകാരം നേടി ഡി.പി.ആർ തയ്യാറാക്കുന്ന പ്രവർത്തിയിലേക്ക് കടക്കാനുള്ള ഊർജ്ജിത പരിശ്രമം ഉണ്ടാകണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർദ്ദേശം നൽകി. കോഴിക്കോട് ആസ്ഥാനമായ റാം ബയോളജിക്കൽസ് ആണ് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലെ ഈ മൂന്ന് പദ്ധതികളുടെയും കൺസൾട്ടൻ്റായി പ്രവർത്തിക്കുന്നത്. പദ്ധതികളുമായി ബന്ധപ്പെട്ട പഠനങ്ങളിലും ഡിപിആർ തയ്യാറാക്കുന്നതിലും എസ്പിവി ആയ ഇംപാക്ടിനെ റാം ബയോളജിക്കൽസ് സഹായിച്ചു വരുന്നു.
88.65 കോടി രൂപ ചിലവിൽ മുടിക്കോട് മുതൽ കരുമത്ര വരെ നിർമ്മാണം പുരോഗമിക്കുന്ന പീച്ചി വാഴാനി ടൂറിസം കോറിഡോർ പ്രവൃത്തിയുടെ 63% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വർഷം ഒക്ടോബറിൽ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നും കെ.ആർ.എഫ്.ബി വ്യക്തമാക്കി.
199.4 കോടി രൂപ ചിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണം 23% പൂർത്തിയായതായി ഇൻകൽ അറിയിച്ചു. ഓഗസ്റ്റിൽ സ്ട്രക്ച്ചർ നിർമ്മാണം പൂർത്തിയാക്കി 2026 മാർച്ചോടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് ഇൻകൽ വ്യക്തമാക്കി.
279.2 കോടി രൂപ ചിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണം പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 33% പൂർത്തിയാക്കിയതായും ജൂലൈ മാസത്തോടെ സ്ട്രക്ച്ചർ പൂർത്തീകരിക്കാനാകുമെന്നും ഇൻകൽ അറിയിച്ചു.
അമല ആർ.ഓ.ബി.യുടെ ഡ്രോയിംഗിൽ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് ഗെയിൽ പൈപ്പ്ലൈൻ കൂടി പരിഗണിച്ച് റിവൈസ്ഡ് ജി.എ.ഡി. അംഗീകാരത്തിനായി റെയിൽവേ അധികൃതർക്ക് സമർപ്പിച്ചു.
വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ ഡിപിആർ ഒന്നര മാസത്തിനകം പൂർത്തീകരിച്ച് നൽകാമെന്ന് പൊതുമരാമത്ത് ഹൈവേ ഡിസൈൻ യൂണിറ്റ് ഉറപ്പുനൽകി. കെ - റെയിൽ തയ്യാറാക്കിയ റെയിൽവേ മേൽപ്പാലത്തിൻ്റെ ജി.എ.ഡി. അംഗീകാരത്തിനായി ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചു. ജി.എ.ഡി. റെയിൽവേ അംഗീകരിക്കുന്നതിന് ആവശ്യമായ സെൻ്റേജ് ചാർജ്ജ് അടയ്ക്കുന്നതിന് കെ.ആർ.എഫ്.ബി.യും കിഫ്ബിയും തമ്മിൽ ധാരണയായി.
വടക്കാഞ്ചേരി ബോയ്സ് എച്ച്എസ്എസ്സിൽ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് കിറ്റ്ക്കോ അധികൃതർക്ക് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർദ്ദേശം നൽകി.
വാട്ടർ അതോറിറ്റിയുടെ കിഫ്ബി അനുവദിച്ച ജലവിതരണ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇








0 അഭിപ്രായങ്ങള്‍