വാഴാനി ഇറിഗേഷൻ പ്രൊജക്ടിനായി സംസ്ഥാന സർക്കാർ വകയിരുത്തിയ 63.8 ലക്ഷം രൂപയുടെ പ്രവൃത്തികൾ നിർവഹണ ഘട്ടത്തിലാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. 2024 സെപ്തംബറിൽ ഉണ്ടായ ശക്തിയായ മഴയെത്തുടർന്ന് അതിശക്തിയോടെ മണ്ണൊലിച്ച് വന്ന് മൺതിട്ടകൾ ഇടിയുകയും, കല്ലും മണ്ണും അടിഞ്ഞ് കനാലിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുയും, കനാലിന്റെ സർപ്ലസ് എസ്കേപ്പ് ഭിത്തിയും ബണ്ടുകളിലുണ്ടായ മണ്ണിടിച്ചിൽ മൂലം പലഭാഗത്തെയും കനാൽ ഭിത്തികൾ തകരുകയും സംഭവിച്ചിരുന്നു. കാക്കിനിക്കാട് കനാലിൽ ഉണ്ടായിട്ടുള്ള ഈ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുകയാണ്. ശക്തമായ മഴയെത്തുടർന്ന് വാഴാനി ജലസേചന പദ്ധതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ കത്ത് നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വാഴാനി ജലസേചന പദ്ധതിയുടെ സമഗ്രമായ വികസനം ആവശ്യപ്പെട്ട് സബ്മിഷൻ അവതരിപ്പിച്ചിരുന്നു. വാഴാനി ഡാമിൽ ഭൂകമ്പ മാപിനി സ്ഥാപിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്.
ഈ ഇടപെടലുകളുടെ ഭാഗമായി വാഴാനി ഡാമിൽ 9.2 ലക്ഷം രൂപയുടെ സിവിൽ പ്രവൃത്തികൾക്കും 11.6 ലക്ഷം രൂപയുടെ മെക്കാനിൽ പ്രവൃത്തികൾക്കും സാമ്പത്തിക അനുമതി ലഭിച്ചു. സിവിൽ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും മെക്കാനിക്കൽ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയുമാണ്. വാഴാനി ഡാം ബ്യൂട്ടിഫിക്കേഷനായി 7 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.
2024 മെയ് മാസത്തിലെ കനത്ത മഴയെ തുടർന്ന് വാഴാനി ഇറിഗേഷൻ പ്രൊജക്റ്റിലെ ഇടതുകര മെയിൻ കനാലിൽ മുണ്ടത്തിക്കോട് കനാൽ ബണ്ടും കനാൽ പ്രൊട്ടക്ഷൻ വാളും 58 മീറ്ററോളം ഇടിഞ്ഞുവീണത് പുനർ നിർമ്മിക്കാൻ പ്രൊപ്പോസൽ സമർപ്പിച്ചതിനെ തുടർന്ന് 26 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രാരംഭ ഘട്ടത്തിലാണ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാന ഇറിഗേഷൻ പദ്ധതിയായ വാഴാനി ഇറിഗേഷൻ പ്രോജക്റ്റിൽ ആകെ 63.8 ലക്ഷം രൂപയുള്ള പ്രവൃത്തികളാണ് നിർവഹണ ഘട്ടത്തിലുള്ളതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍