പത്രസമ്മേളനത്തിന്റെ പൂർണ്ണരൂപം ☝
വടക്കാഞ്ചേരി : കഴിഞ്ഞ എട്ടരവർഷമായി എൽ ഡി എഫ് വടക്കാഞ്ചേരി നഗരസഭയിൽ നടത്തുന്ന ഭരണം തികച്ചും സുതാര്യവും ജനഉപകാരപ്രദവുമാണ്. ആ ഭരണത്തിനെതിരെ കോൺഗ്രസ്സിലെ ഒരുവിഭാഗം നടത്തുന്ന ആരോപണങ്ങളും സമരാഭാസങ്ങളും നഗരസഭയിലെ പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളയുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ചെയർമാൻ പറഞ്ഞു. എൽ ഡി എഫ് ഭരിക്കുന്ന നഗരസഭയിൽ ഫയലുകൾ ഇല്ലാതെയും, രേഖകൾ ഇല്ലാതെയും നടത്തിയ 6 കോടി രൂപയുടെ ചെലവുകൾ ജില്ല ഓഡിറ്റ് വിഭാഗം തടഞ്ഞതായി പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ നഗരസഭാ ഹാളിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ കോൺഗ്രസിന്റെ വ്യാജ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.
നഗരസഭകളിൽ വിവിധ ഓഡിറ്റുകൾ നടക്കാറുണ്ട്. പെർഫോമൻസ് ഓഡിറ്റ്, എ ജി ഓഡിറ്റ്, ലോക്കൽഫണ്ട് ഓഡിറ്റ്, സ്റ്റേഷനറി ഓഡിറ്റ്, അഡ്‌മിനിസ്ട്രേഷൻ ഓഡിറ്റ് എന്ന് തുടങ്ങി 13 ലധികം തരം ഓഡിറ്റുകൾ നഗരസഭകളിൽ നടക്കുന്നുണ്ട്. ഓഡിറ്റ് സംവിധാനം എന്നത് ഒരു തിരുത്തൽ പ്രകിയയാണ്. സാധാരണ ഗതിയിൽ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തുന്ന അപാകതകൾക്കെല്ലാം തന്നെ പരിഹാരവും പൂർണ്ണതയും ഉണ്ടാകുന്നതാണ്. ഓഡിറ്റ് വേളയിൽ ബന്ധപ്പെട്ട ഫയലുകളോ രജിസ്റ്ററുകളോ പരിശോധിച്ചാൽ അതിനകത്ത് കുറവ് വരുന്ന രേഖകൾ ഉണ്ടെങ്കിൽ ആയത് ആവശ്യപ്പെട്ടുകൊണ്ട് ഓഡിറ്റ് എൻക്വയറി നോട്ട് തരാറുണ്ട്. അതിനനുസരിച്ച് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയും മറുപടി കൊടുത്തും ഒരുപാട് അപാകതകൾ പരിഹരിക്കാറുണ്ട്. ചില സമയങ്ങളിൽ രേഖകൾ കൊടുക്കാൻ സാധിക്കാറില്ല; അത് പിന്നീട് ഓഡിറ്റ് റിപ്പോർട്ട് വന്നാൽ രേഖകൾ കൊടുക്കുകയും പരിഹരിക്കുകയും ചെയ്യാറുമുണ്ട്. ഇതാണ് ഓഡിറ്റിന്റെ സാധാരണ രീതി.
അമ്മമാർക്ക് ജിംനേഷ്യത്തിനായി 14 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്ന ആരോപണം തെറ്റാണ്. ആര്യംപാടത്തും മിണാലൂരും കുമരനെല്ലൂരും ഇത് പ്രവൃത്തി ചെയ്തിട്ടുള്ളതാണ്. അമ്മമാർക്ക് ജിംനേഷ്യത്തിന് തയ്യാറാക്കിയ ഉപകരണങ്ങൾ സ്റ്റോക്കിലെടുത്ത് പൂർത്തീകരണ വിവരം ലഭ്യമാക്കിയിട്ടില്ല. ഇപ്പോഴും ഈ ജിംനേഷ്യം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇത് സ്ഥാപിച്ചത് സർക്കാർ സ്ഥാപനമായ ആർട് കോയുമായി എഗ്രിമെന്റ് വെച്ചാണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. എന്നാൽ എഗ്രിമെൻ്റിൽ കരാർ നമ്പർ ഉണ്ടായില്ല എന്നതാണ് ഓഡിറ്റ് ഒബ്‌ജക്ഷൻ വരാനുള്ള ഒരു പ്രധാന കാരണം. അതിന്റെ പദ്ധതി പൂർത്തീകരിച്ച് പ്രവർത്തന യോഗ്യമാക്കിയതിൻ്റെ പ്രവർത്തനവിവരം ലഭ്യമായിട്ടില്ല എന്നതാണ് ഒരു കാരണം. എന്നാൽ ജിം അവിടെ പ്രവർത്തിക്കുന്നുണ്ട്. ആളുകൾ വന്ന് ഉപയോഗിക്കുന്നുണ്ട്. ആ വിവരം ഓഡിറ്റിന് നൽകിയില്ല എന്നതിന്റെ മുകളിലാണ് 14 ലക്ഷം തടസ്സപ്പെടുത്തിയിട്ടുള്ളത്.
എസ് എസ് കെ വിഹിതം സർക്കാരിലേയ്ക്ക് അടയ്ക്കുന്ന വിഹിതമാണ്. സർക്കാർ ഫണ്ടിലേയ്ക്കാണ് ഈ തുക അടയ്ക്കുന്നത്. 10 ലക്ഷം രൂപയാണ് അടവാക്കിയിട്ടുള്ളത്. അതിൻ്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിദ്യഭ്യാസ വകുപ്പാണ് തരേണ്ടത്. വിദ്യഭ്യാസ വകുപ്പ് തന്ന യൂട്ടിലൈസഷൻ സർട്ടിഫിക്കറ്റ് ഓഡിറ്റിന് ഹാജരാക്കിയിട്ടും ലഭ്യമായിട്ടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാതെ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ക്രമക്കേടോ അഴിമതിയോ ഇല്ല. നഗരസഭയുടെ ഏറ്റവും പ്രശസ്‌തമായ പദ്ധതിയാണ് മാലിന്യ സംസ്കരണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഏത് ഓഡിറ്റ് തടസ്സങ്ങളും നഗരസഭ തീർപ്പാക്കുന്നതാണ്. നഗരസഭയിൽ വന്നിട്ടുള്ള എല്ലാ തടസ്സവാദങ്ങളും നഗരസഭ തീർപ്പാക്കുന്നതാണ്. ഓഡിറ്റ് റിപ്പോർട്ട് എന്നത് കണ്ടെത്തിയ അപാകതകൾ പരിഹരിക്കാനുള്ള തടസ്സവാദമാണ് അല്ലാതെ ബാധ്യത ചുമത്തൽ അല്ല .
വടക്കാഞ്ചേരിയിൽ കോൺഗ്രസ്സ് അനവധി ചേരിയിൽ ആണ്. അവരുടെ അനൈക്യവും ശൈഥല്ല്യവും മറച്ചുവയ്ക്കാനാണ് ഇത്തരം വാസ്തവവിരുദ്ധമായ സമരാഭാസങ്ങൾ നടത്തുന്നതെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ , വൈസ് ചെയർപേഴ്സൻ ഷീല മോഹൻ , സ്ഥിരം സമിതിയധ്യക്ഷ ജമീലാ ബി എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍