വടക്കുന്നാഥക്ഷേത്രത്തിലെ ഇത്തവണത്തെ ആനയൂട്ടിൽ പതിനഞ്ചോളം പിടിയാനകളടക്കം എഴുപതോളം ആനകൾ പങ്കെടുക്കും. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ ആനയൂട്ടിന് എത്തുന്നത്. സാധാരണ അഞ്ചോ ആറോ പിടിയാനകളാണ് ഊട്ടിനെത്താറുള്ളത്.കഴിഞ്ഞ തവണ 53 ആനകളാണ് എത്തിയിരുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള എല്ലാ ജില്ലകളിൽനിന്നും ആനകൾ ആനയൂട്ടിന് എത്തുന്നുണ്ട്. ജൂലായ് 16-ന് ആണ് ആനയൂട്ട്. 42-ാം ആനയൂട്ടാണ് ഇത്തവണത്തേത്.
ആനയൂട്ടിനും ഇതിൻ്റെ മുന്നോടിയായി നടക്കുന്ന മഹാഗണപതിഹോമത്തിനുമുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ക്ഷേത്രം ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് ആനയൂട്ട്. 16-ന് പുലർച്ചെ അഞ്ചിനാണ് മഹാഗണപതിഹോമം. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനാകും.മഹാഗണപതിഹോമത്തിന് 12,008 നാളികേരം, 2000 കിലോ അവിൽ, 2000 കിലോ ശർക്കര, 350 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ എന്നിവ ഉപയോഗിക്കും. കരിമ്പ്, ഗണപതിനാരങ്ങ, മുന്തിരി, കൽക്കണ്ടം, ചുക്കുപൊടി, ജീരകപ്പൊടി എന്നിവയും ഉപയോഗിക്കും.
രാവിലെ 9.30-ന് ആനയൂട്ട് ആരംഭിക്കും. ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ഏറ്റവും ചെറിയ ആനയ്ക്ക് ആദ്യ ഉരുള നൽകിയാണ് തുടക്കമിടുക. 500 കിലോ അരിയുടെ ചോറ് ഉരുളകളാക്കി നൽകും. കൂടാതെ കൈതച്ചക്ക, കക്കിരി, പഴം, മാമ്പഴം തുടങ്ങിയ എട്ട് പഴവർഗങ്ങളും നൽകും. ആനയൂട്ടിന്റെ ഭാഗമായി 10,000 പേർക്ക് അന്നദാനം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് വിശേഷാൽ ഭഗവതിസേവയും ഉണ്ടായിരിക്കും. ഒരുകോടി രൂപയ്ക്ക് ആനയൂട്ട് ഇൻഷുർ ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍