സമ്മേളനത്തിൽ ബൂത്ത് തലം മുതലുള്ള ഒരുലക്ഷത്തിലധികം ഭാരവാഹികളെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ആദ്യഘട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എന്ന നിലക്കാണ് നാളെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ മഹാജനസഭ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍നിന്നായി ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000ത്തില്‍പ്പരം പ്രവര്‍ത്തകർ യോഗത്തിൽ പങ്കെടുക്കും.മണ്ഡലം മുതല്‍ എ.ഐ.സി.സി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും സമ്മേളനത്തിൻ്റെ ഭാഗമാകും.
കോണ്‍ഗ്രസിന്റെ സംഘടനാ ശക്തിതെളിയിക്കുന്ന വലിയ പരിപാടിയായിട്ടാണ് കെ.പി.സി.സി നേതൃത്വം മഹാജനസഭയെ നോക്കിക്കാണുന്നത്. നാളെ വൈകിട്ട് 4.00 മണിക്ക് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും.ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ സംഘടന പ്രവര്‍ത്തനം തെരഞ്ഞെടുപ്പിന് മുമ്പ് ശക്തമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കളും പങ്കെടുക്കും. അതെ സമയം മൂന്നാം സീറ്റിനായി നിലപാട് കടുപ്പിക്കുമെന്ന മുസ്ലിം ലീഗ് പ്രസ്താവനയില്‍ അമ്പരന്ന് കോണ്‍ഗ്രസ്.
നിലവിലെ സ്ഥിതിയില്‍ ലീഗിന് മൂന്നാമതൊരു ലോക്സഭ സീറ്റ് നല്‍കിയാല്‍ മുന്നണിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കെപിസിസി. ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലെ വിജയസാധ്യതയുളള സീറ്റിനായുളള വിലപേശല്‍ തന്ത്രമാണ് ലീഗ് നടത്തുന്നതെന്ന സംശയവും കോണ്‍ഗ്രസിനുണ്ട്. മുന്നണിയിലെ സീറ്റു വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കി നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളിലേക്ക് തീ കോരിയിട്ടു കൊണ്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മൂന്നാം സീറ്റാവശ്യം എത്തിയത്.
കഴിഞ്ഞ തവണയും അതിനു മുമ്പത്തെ തവണയും ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് മൂന്നാം സീറ്റ് ആവശ്യം ലീഗ് മുന്നോട്ട് വച്ചിരുന്നെങ്കിലും അവസാനം പിന്‍വാങ്ങുന്നതായിരുന്നു പതിവ്.എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലെ കാര്‍ക്കശ്യത്തിന്‍റെ സ്വരം സീറ്റ് വിഭജനത്തില്‍ അലോസരമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ലീഗിന് മൂന്നാം സീറ്റു കൊടുത്താല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയ അഞ്ചാം മന്ത്രി വിവാദത്തിനു സമാനമായ സാഹചര്യം ഇപ്പോഴത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ രൂപപ്പെടുമെന്ന് കോണ്‍ഗ്രസിന് പേടിയുണ്ട്.
അതു ബോധ്യപ്പെടുത്തി ലീഗിനെ സീറ്റാവശ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകും അടുത്ത ഉഭയകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ശ്രമിക്കുക. എന്നാല്‍ വരുന്ന ജൂണില്‍ കേരളത്തിൽ 3 രാജ്യസഭ സീറ്റുകള്‍ ഒഴിവു വരുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ അതിലൊന്നില്‍ യുഡിഎഫിന് ജയം ഉറപ്പാണ്. ലോക്സഭ സീറ്റിന്‍റെ പേരില്‍ ലീഗ് നടത്തുന്ന വിലപേശല്‍ ഈ രാജ്യസഭ സീറ്റ് ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പങ്കുവയ്ക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍