തൃശൂരിന്റെ ആന ഡേവിസേട്ടന്റെ ഓർമകൾക്ക് ഏഴ് വർഷം.

മുണ്ടും മുറിക്കൈഷര്‍ട്ടും വേഷം. യാത്രയ്ക്ക് കൂട്ട് സൈക്കിള്‍. ക്രിസ്ത്യാനിയെങ്കിലും സ്വന്തം ആനയ്ക്കിട്ട പേര് തിരുവമ്പാടി കുട്ടിശങ്കരന്‍. തൃശൂർക്കാരുടെ മാത്രമല്ല ഉത്സവ സംഘടകരുടെയും ആനപ്രേമികളുടെയും ‘ആന ഡേവിസേട്ടൻ’ എന്ന തൃശൂർ ചിറ്റിലപ്പിള്ളി ഡേവിസ് ഓർമയായിട്ട് ഏഴ് വർഷം. 2017 ഫെബ്രുവരി അഞ്ചിനാണ് പൂരപ്രേമികളെയും ആനപ്രേമികളെയും സങ്കടത്തിലാക്കി ഡേവിസേട്ടൻ വിടപറയുന്നത്. മറ്റൊരു പൂരമെത്തുമ്പോഴും തൃശൂരിന്റെ മനസ്സിൽ മറവികളില്ലാതെ ഡേവിസ് ഉണ്ട്. ആനകളുടെ ക്ഷേമത്തിനും പാപ്പാന്മാരുടെ കുടുംബങ്ങൾക്കും ഉത്സവങ്ങൾക്കും വേണ്ടി തൻ്റെ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആന ഡേവിസ്.

 ഏത് ആനയെ കണ്ടാലും പേരു വിളിക്കാനുമറിയാം.  ഏതെല്ലാം ആനകള്‍ നീരിലാണ്, കുറുമ്പന്മാര്‍ ആരൊക്ക എന്നെല്ലാം പല ഉത്സവക്കമ്മിറ്റിക്കാരും അറിയുന്നത് പലപ്പോഴും ഡേവിസിൽ നിന്നായിരുന്നു.  ആനക്കമ്പവും പൂരക്കമ്പവും തലയ്ക്കു പിടിച്ചു ജീവിച്ച ‘ആന ഡേവിസ്’ എന്ന ചിറ്റിലപ്പിള്ളി ഡേവിസേട്ടൻ. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ ഡേവിസിന്റെ മുഖം തൃശൂരിന് മറക്കാനാവില്ല. കൂട്ടാനയുടെ കുത്തേറ്റ് മുളയത്ത് ചന്ദ്രശേഖരന്‍ ചികിത്സയിലായിരുന്നപ്പോള്‍ 41 ദിവസം രാവും പകലും ഡേവിസ് കാവലിരുന്നു.

മിഷന്‍ ക്വാര്‍ട്ടേഴ്സ് ചിറ്റിലപ്പിള്ളി വീട്ടില്‍ ലോനപ്പന്റെയും ത്രേസ്യയുടെയും  മകനായ ഡേവിസിന് നന്നേ ചെറുപ്പത്തില്‍ തുടങ്ങിയതാണ് പൂരക്കമ്പവും ആനക്കമ്പവും. ആനക്കമ്പം മൂത്ത് 1987ല്‍ ആനയെ വാങ്ങിയതോടെയാണ് ചിറ്റിലപ്പിള്ളി ഡേവിസ് ആന ഡേവിസായത്. സ്വന്തം ആനക്ക് പേരുമിട്ടു ഇഷ്ട ദേവസ്വമായ തിരുവമ്പാടി കുട്ടിശങ്കരൻ എന്ന്. തൃശൂര്‍ പൂരത്തിനും ശീവേലിക്കും അടക്കം തിരുവമ്പാടിക്ക് കുട്ടിശങ്കരൻ  എഴുന്നള്ളി. മധ്യ കേരളത്തിലെ എല്ലാ ആനകളെക്കുറിച്ചും ഡേവിസിനോളം അറിയുന്നവര്‍ അധികമാരുമില്ല.

ആന ഉടമകളും ആനക്കാരുമായി ആത്മബന്ധമാണെങ്കിലും ആനകളെ ഉപദ്രവിച്ചാല്‍ ഡേവിസിന്റെ സ്വഭാവം മാറുന്നതായിരുന്നു പ്രകൃതം. തിരുവമ്പാടി ദേവസ്വത്തിന്റെ ആനക്കാര്യങ്ങളിൽ ദേവസ്വം ഭാരവാഹികളെക്കാൾ ഡേവിസേട്ടൻ ആയിരുന്നു അവസാന വാക്ക്. ദേവസ്വം ഓഫീസും ആളുകളും സ്വന്തക്കാരെപ്പോലെയായിരുന്നു.  സമ്പന്ന കുടുംബമെങ്കിലും ഡേവിസ് ലളിത ജീവിതത്തില്‍ മാതൃകയാണ്.

വീട്ടില്‍ കാറും സ്കൂട്ടറുമുണ്ടെങ്കിലും സൈക്കിളില്‍ ആദ്യമെത്തുക തിരുവമ്പാടിയിൽ.  മറ്റുത്സവങ്ങള്‍ക്ക് ആന പോകുമ്പോള്‍ ഡേവിസ് എത്തുക സൈക്കിളിൽ. ഡേവിസ് ജനിച്ചത് ക്രിസ്ത്യാനിയാണ്, പക്ഷേ അത് ആനകളോടും ക്ഷേത്രോത്സവങ്ങളോടും ഉള്ള സ്നേഹത്തിൽ ഒരിക്കലും തടഞ്ഞില്ല.മതപരമായ വ്യത്യാസങ്ങൾക്കതീതമായി ഉയർന്നുവന്ന വ്യക്തിയായിരുന്നു അദ്ദേഹം. 

ആനകളുടെ ക്ഷേമത്തിനായും ഉത്സവങ്ങൾക്കായും ജീവിതം ഉഴിഞ്ഞുവെച്ച ഡേവിസിന്റെ വിയോഗത്തിന് ഏഴ് വർഷമെത്തുമ്പോഴും പകരങ്ങളില്ലാത്ത നഷ്ടമായി നിൽക്കുന്നു. ഡേവിസിന്റെ വേർപാടോടെ തനിച്ചായ തിരുവമ്പാടി കുട്ടിശങ്കരൻ പിന്നെ ഉടമ തർക്കത്തിലായി. സർക്കാർ ഏറ്റെടുത്തിട്ടും കൊണ്ട് പോയില്ല. ഒടുവിൽ 2022ൽ കുട്ടിശങ്കരനും ഡേവിസിന് അരികിലേക്ക് മടങ്ങി. തൃശൂരിന്റെ വഴികളിലും പൂരമനസുകളിലും ഡേവിസേട്ടനും കുട്ടിശങ്കരനും മരണമില്ലാതെയുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍