രാവിലെ 9.00 - 10.15
ചെറുവറ്റ ശ്രീരാജ് നമ്പൂതിരി
വിഷയം: യമദൂതരെ പിന്തിരിപ്പിച്ച നാമപ്രഭാവം (അജാമിളോപാഖ്യാനം)
നാം ചെയ്ത കുറ്റത്തിന് മറ്റൊരു കർമ്മം കൊണ്ട് പ്രായശ്ചിത്തം ചെയ്യാമെന്നു കരുതുന്നത് മൂഢത്വമാണ്. അതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാകുകയോ അത് ചെയ്ത ആൾ ശുദ്ധനാകുകയോ ചെയ്യുന്നില്ല. ആനയെ കുളിപ്പിച്ചു നിർത്തുന്നതു പോലെ മാത്രം. ആന വീണ്ടും പൊടി വാരിയിടുന്നതു പോലെ ആ തെറ്റ് വീണ്ടും ചെയ്യും. മറിച്ച് തെറ്റു ചെയ്യുവാനുള്ള മനസ്സ് മാറ്റിയെടുക്കാൻ കഴിഞ്ഞാൽ പിന്നെ ഒരിയ്ക്കലും ആ തെറ്റു ചെയ്യുവാനുള്ള ഉൾപ്രേരണ ഉണ്ടാകില്ല.
മനസ്സ് ശുദ്ധമാക്കാനുള്ള മാർഗ്ഗമാണ് ഭക്തിയും ഭഗവന്നാമജപവും. ഈ സത്യത്തിനെ സാക്ഷാത്കരിയ്ക്കുന്ന കഥയാണ് അജാമിളന്റേത്.
10.30 - 11.45
വയപ്പുറം വാസുദേവപ്രസാദ് നമ്പൂതിരി
വിഷയം: ഈശ്വരാനുഭവം ചൊരിയുന്ന ഹംസഗീത
(ഹംസഗുഹ്യസ്തോത്രം)
ഈ ബാഹ്യപ്രപഞ്ചത്തിലെ വ്യക്തവും സ്ഥൂലവുമായ വസ്തുക്കൾ മാത്രമേ നമ്മുടെ ഇന്ദ്രിയങ്ങളെക്കൊണ്ട് നമുക്ക് അറിയാൻ കഴിയുകയുള്ളൂ. ആ വസ്തുക്കളെ സൃഷ്ടിച്ച് ജഡമായ അവയെ ചൈതന്യവത്താക്കിക്കൊണ്ട് അവയിൽ സൂക്ഷ്മവും അവ്യക്തവുമായി കുടികൊള്ളുന്ന ഈശ്വരനെ അറിയാൻ ഈ ഇന്ദ്രിയങ്ങൾ അശക്തമാണ്. അതുകൂടി സാധിച്ചാലെ അറിവു പൂർണ്ണമാകുന്നുള്ളൂ. അത് സാധ്യമാക്കാൻ സഹായകമായതാണ് ഹംസഗുഹ്യസ്തോത്രമെന്ന് അദ്ദേഹം പറഞ്ഞു.
2.00 - 3.15
സ്വാമി നിഗമാനന്ദതീർത്ഥപാദർ
വിഷയം: യുദ്ധഭൂമിയിൽ അസുരന്റെ ഭക്തിഭാഷണം
(വൃത്രാസുരചരിതം)
ഉപനിഷത്സാരങ്ങളെ പരമഹംസനായ ഋഷി കഥാരൂപത്തിൽ കാവ്യാത്മകമായി അവതരിപ്പിച്ചതാണ് ഭാഗവതം. അനുഷ്ഠാനങ്ങളിൽ നിഷ്കർഷിച്ചുകൊണ്ടുള്ള കാട്ടിക്കൂട്ടലുകളല്ല ഭക്തി എന്ന് ഭാഗവതം ഊന്നിപ്പറയുന്നു. ഭേദബുദ്ധി കൂടാതെ വിശ്വപ്രേമഭാവത്തിൽ സ്വാർത്ഥചിന്ത വെടിഞ്ഞ് വർത്തിയ്ക്കുന്നവനാണ് യഥാർത്ഥ ഭക്തൻ എന്നും പറയുന്നു. ആ ഭക്തൻ എന്നും ശാന്തനും സ്വസ്ഥനുമായിരിയ്ക്കും. ഭഗവദനുഭവം എന്ന അവസ്ഥ ഇതു തന്നെ. ഇതിനായി ദാഹിയ്ക്കുന്ന ഭക്തൻ എന്താണ് പ്രാർത്ഥിയ്ക്കേണ്ടത് എന്ന് വൃത്രാസുരൻ മരണം നിശ്ചിതമായ സമയത്തും നമ്മെ പഠിപ്പിയ്ക്കുന്നു എന്നും വസ്ത്രവും ഉദ്ധരിച്ച് സ്വാമിജി പറഞ്ഞു.
3.30 - 4.45
സ്വാമി ഭൂമാനന്ദതീർത്ഥ
വിഷയം: ഉദ്ധവന് കൃഷ്ണന്റെ അന്തിമോപദേശം
ഈ ബാഹ്യപ്രപഞ്ചത്തിൽ നാം കാണുന്നതും അനുഭവിയ്ക്കുന്നതുമായ എല്ലാം നശ്വരവും മനസ്സിന്റെ മായാവിലാസവുമാണ്. അതുകൊണ്ടാണ് നാം മനസ്സു വിട്ട് നന്നായി ഉറങ്ങുമ്പോൾ ഈ ബാഹ്യപ്രപഞ്ചം മറഞ്ഞു പോകുന്നത്. ഈ സത്യം നാം തിരിച്ചറിഞ്ഞാൽ ജീവിതത്തിനോടുള്ള കാഴ്ചപ്പാടിൽ നമുക്ക് വലിയൊരു മാറ്റം വരും. ദുഃഖം മായാമനോമയമാണെന്ന് മനസ്സിലാകും. ഉദ്ധവർക്കുള്ള ഉപദേശം ആരംഭിയ്ക്കുന്നത് ഇങ്ങനെയാണ്.
5.15 - 6.00
ഒ. എസ്. സതീഷ്
വിഷയം: അർജുനനും യുവാക്കളും.
യുവാക്കളുടെ മനസ്സിൽ അർജുനൻ എന്ന വീരപുരുഷൻ ജീവിച്ചിരിയ്ക്കേണ്ടതിന്റെ ആവശ്യകത കാലികമായി വളരെ പ്രസക്തമായിരിയ്ക്കുകയാണ്. കായികബലത്തോടൊപ്പം ആത്മബലവും ധാർമ്മികചിന്തയും അർജുനനെപ്പോലെ യുവാക്കൾക്ക് വേണ്ടിയിരിയ്ക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍