നവകേരള സദസ്സിനായി സജ്ജമായി വടക്കാഞ്ചേരി. നവകേരള സദസിന് പോകുനവർ തീർച്ചയായും വായിക്കുക.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 4 തിങ്കളാഴ്ച 3 പി എം ന് ആരോഗ്യ സര്‍വ്വകലാശാല മൈതാനത്ത് (മെഡിക്കല്‍ കോളേജ് ഓ പി ഗ്രൗണ്ട്) വെച്ച് നടക്കും. ഡിസംബര്‍ 4 ന് രാവിലെ 8.30 ന് പ്രഭാത യോഗം മുളങ്കുന്നത്തുകാവ് കിലയില്‍ വെച്ചാണ് നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവകേരള സദസ്സിനായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാന്‍ വടക്കാഞ്ചേരി സജ്ജമായി.


ഡിസംബര്‍ 4 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നവകേരള സദസ്സ് നടക്കുന്ന മൈതാനത്ത് ജനങ്ങളുടെ നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും വിവിധ കൗണ്ടറുകളിലായി സ്വീകരിക്കും. 1 പി എം മുതല്‍ ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്റും ഒരുക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. 12 മണി മുതല്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നവരും ഒരു മണിയോടു കൂടി പൊതുജനങ്ങളും എത്തിച്ചേരണം.


സംഘാടക സമിതി, വീട്ടുമുറ്റ യോഗങ്ങൾ


 നിയമസഭാ മണ്ഡലം തല സംഘാടക സമിതിയും തദ്ദേശ സ്ഥാപന തല സംഘാടക സമിതികളും വിപുലമായ ജനപങ്കാളിത്തത്തോടെ ചേര്‍ന്നു. തുടര്‍ന്ന് 181 ബൂത്ത് തല സംഘാടക സമിതി യോഗങ്ങളും, ഒരു ബൂത്തില്‍ 4 വീതം വീട്ടുമുറ്റ യോഗങ്ങളും നടന്നു. 

മണ്ഡലം വികസന സെമിനാര്‍


നവംബര്‍ 18 ന് മുളങ്കുന്നത്തുകാവ് കിലയില്‍ വച്ച് മണ്ഡലം തല വികസന സെമിനാര്‍ നടന്നു. കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, യുവജനങ്ങളും തൊഴിലും, ചെറുകിട വ്യവസായം, ടൂറിസം എന്നീ വിഷയങ്ങളിലായി വടക്കാഞ്ചേരി മണ്ഡലത്തിലെ വികസന ചര്‍ച്ചകള്‍ നടക്കുകയും അവ ക്രോഡീകരിച്ച് ഒരു വികസന രേഖ തയ്യാറാക്കുകയും ചെയ്തു. നവകേരള സദസ്സില്‍ വടക്കാഞ്ചേരി മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ഈ രേഖ പ്രകാശനം ചെയ്യും. 


കലാ-കായിക സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമം


നവംബര്‍ 19 ന് രാവിലെ വടക്കാഞ്ചേരി മണ്ഡലത്തിലെ കലാ-സാംസ്കാരിക-നാടക രംഗത്തെ പ്രതിഭകളുടെയും പ്രവര്‍ത്തകരുടെയും സംഗമം മുളങ്കുന്നത്തുകാവ് കിലയില്‍ വച്ച് നടന്നു. അന്നേദിവസം ഉച്ച തിരിഞ്ഞ് കായിക രംഗത്തെ പ്രതിഭകള്‍, പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരുടെ സംഗമം സംഘടിപ്പിച്ചു. ഈ രംഗങ്ങളിലെ മുന്നേറ്റത്തിനായും, കൂട്ടായ്മകള്‍ ശക്തിപ്പെടുത്തി സാമൂഹ്യ വികസനത്തിന് ഗതിവേഗം പകരുന്നതിനുമായുള്ള കരട് രേഖ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.  

നവകേരളം ക്വിസ് മത്സരം


നവംബര്‍ 27 ന് വടക്കാഞ്ചേരി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ‘കേരള ചരിത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ക്വിസ് മത്സരം സംഘടിപ്പിച്ചു. യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് നവംബര്‍ 28 ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്കൂള്‍ അസംബ്ലികളില്‍ നവകേരള പ്രഭാഷണവും നടത്തി. യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ സ്കൂള്‍ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് നിയോജകമണ്ഡലം തല ക്വിസ് മത്സരം നവംബര്‍ 29 ന് വടക്കാഞ്ചേരി ക്ലേലിയ ബാര്‍ബറി ഹോളി ഏയ്‌ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് നടന്നു. മത്സരത്തിലെ വിജയികള്‍ക്കായുള്ള സമ്മാനദാനം വടക്കാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. കേരള ചരിത്രത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തില്‍ യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് 15 വര്‍ഷം മുമ്പ് അത്താണി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് ജോലിക്കായി വന്ന ബീഹാര്‍ സ്വദേശിയായ തൊഴിലാളിയുടെ മകള്‍ അര്‍ച്ചനാ കുമാരി ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

ഫ്ലാഷ് മോബ്


 നവംബര്‍ 29 ന് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, എന്‍ എസ് എസ് യൂണിറ്റുകള്‍, ശ്രീ. വ്യാസ എന്‍ എസ് എസ് കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നവകേരള സദസ്സിന്റെ പ്രചാരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.


അനുബന്ധ—പ്രചരണ പരിപാടികൾ


നവംബര്‍ 30 ന് രാവിലെ 7 മണിക്ക് പേരാമംഗലം മുതല്‍ മുണ്ടൂര്‍ വരെ നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. മണ്ഡലം സംഘാടക സമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന കൂട്ടയോട്ടത്തില്‍ കൈപ്പറമ്പ്, അടാട്ട്, തോളൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും വിദ്യാര്‍ഥികളും യുവതീ യുവാക്കളും പങ്കെടുത്തു. വൈകീട്ട് തെക്കുംകരയില്‍ വനിതകളുടെ ടൂവീലര്‍ റാലി സംഘടിപ്പിച്ചു. വടക്കാഞ്ചേരിയില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നടന്നു. കോലഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊട്ടേക്കാട് പള്ളി മൈതാനത്ത് 300 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. യുവജന ക്ഷേമ ബോര്‍ഡ് പുഴയ്ക്കല്‍ ബ്ലോക്കിന്റെ നേതൃത്വത്തില്‍ കൊട്ടേക്കാട് വച്ച് പഞ്ചഗുസ്തി മത്സരം നടന്നു. 


ഡിസംബര്‍ 1 ന് നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം അവണൂര്‍ ആല്‍ത്തറയില്‍ നിന്നും ആരംഭിച്ച് അവണൂര്‍, കോലഴി, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളില്‍ കൂടി ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. വൈകീട്ട് 5 മണിക്ക് വടക്കാഞ്ചേരിയില്‍ തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവകേരള സദസ്സിനോടനുബന്ധിച്ച് സെമിനാറും പാട്ടരങ്ങും സംഘടിപ്പിച്ചു.

വിവിധ ബൂത്ത് സംഘാടക സമിതികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അംഗണ‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര, കളരിപ്പയറ്റ്, തായ് കോണ്ടോ അഭ്യാസം, മെഹന്തി ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കാല്‍നട പ്രചാരണ ജാഥ, ഇരുചക്ര വാഹന റാലി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികള്‍ നടന്നു.


വിളംബര ജാഥ & റോക്സ് ഓണ്‍ റോഡ്‌ കലാജാഥ


ഡിസംബര്‍ 2 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നവകേരള സദസ്സിന്റെ വിളംബര ജാഥ വടക്കാഞ്ചേരിയില്‍ നടക്കും. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര ഗ്രാമപഞ്ചായത്ത് നിവാസികളാണ് വിളംബര ജാഥയില്‍ അണിനിരക്കുക. വിളംബര ജാഥ ഓട്ടുപാറ ബസ് സ്റ്റാന്റിൽ നിന്നാരംഭിച്ച് വടക്കാഞ്ചേരി ബസ് സ്റ്റാന്റിൽ സമാപിക്കും. ജാഥയ്ക്ക് മുന്നോടിയായി 2 മണിക്ക് റോക്സ് ഓണ്‍ റോഡ്‌ കലാജാഥ അരങ്ങേറും. രാജേഷ് കലാഭവന്റെ നേതൃത്വത്തിൽ കൊച്ചിൻ കലാഭവനിലെ കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുക.

*നവകേരള ദീപം*


ഡിസംബര്‍ 3 ന് വൈകീട്ട് 6 മണിക്ക് വടക്കാഞ്ചേരി മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും നവകേരള ദീപം തെളിയിക്കും. കേരളം പിറവികൊണ്ടിട്ട് 67 വർഷങ്ങൾ പിന്നിട്ടതിന്റെ സൂചന പ്രകാരം 67 ദീപങ്ങളാണ് തെളിയിക്കുക. ബൂത്ത് അതിർത്തിയിലെ വിശിഷ്ട വ്യക്തികൾ, സാഹിത്യകാരന്മാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് അവരെക്കൊണ്ട് നവകേരള സദസ്സ് പ്രഖ്യാപനം നടത്തി ആദ്യ ദീപം തെളിയിക്കും. നിയമസഭാ മണ്ഡലം തലം മുതല്‍ ബൂത്തുകള്‍ വരെ നടന്ന വിപുലമായ അനുബന്ധ പരിപാടികള്‍ ഇതോടുകൂടി സമാപിക്കും. 

ഒന്നര മാസക്കാലമായി തുടര്‍ന്നു വരുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബര്‍ 3 ന് പാലക്കാട് ജില്ലയിലെ സദസ്സുകള്‍ പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി മുളങ്കുന്നത്തുകാവ് കിലയില്‍ എത്തും. കിലയില്‍ ആണ് ഇവര്‍ക്കായി താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.


പ്രഭാത യോഗം


ഡിസംബര്‍ 4 ന് രാവിലെ 8.30 ന് പ്രഭാത ഭക്ഷണത്തോടൊപ്പം പ്രഭാത യോഗവും കിലയില്‍ വച്ച് നടക്കും. വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നും നാനാവിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 200 പേരാണ് പ്രഭാത യോഗത്തില്‍ പങ്കെടുക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ കിലയില്‍ പൂര്‍ത്തിയായി. പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് ആദ്യ സദസ്സ് ചേലക്കര മണ്ഡലത്തിലേത് ചെറുതുരുത്തിയില്‍ നടക്കും. 


നിവേദനങ്ങൾ


വടക്കാഞ്ചേരി മണ്ഡലത്തിലെ സദസ്സിനായി മെഡിക്കല്‍ കോളേജ് ഓ പി ഗ്രൗണ്ടില്‍ വിപുലമായ സന്നാഹങ്ങളും പൊതുജനങ്ങള്‍ക്കായുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കും. 20 കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകമായി 3 കൗണ്ടറുകളും ഭിന്നശേഷിക്കാര്‍ക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടായിരിക്കും. ഓരോ കൗണ്ടറിലും നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥരും സൂപ്പര്‍വൈസിംഗ് ഉദ്യോഗസ്ഥനും തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വിഭാഗത്തിനാണ് ഇതിന്റെ ചുമതല.    

കലാപരിപാടി


ഒരു മണി മുതല്‍ ഓ പി ഗ്രൗണ്ടില്‍ കലാപരിപാടികള്‍ ആരംഭിക്കും. കൊള്ളന്നൂര്‍ ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്റും ചേര്‍ന്ന് ഒരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. പാഴ്വസ്തുക്കള്‍ കൊണ്ട് സംഗീത വിരുന്ന് ഒരുക്കി ശ്രദ്ധേയരായ കൈപ്പറമ്പ് കൊള്ളന്നൂരിലെ കുട്ടികളുടെ സംഘം ‘ഡബ്ബാ ബീറ്റ്’ അവതരിപ്പിക്കുന്ന പരിപാടിയും നടക്കും. 


വാഹനങ്ങള്‍ - ഗതാഗതം—പാര്‍ക്കിംഗ് ക്രമീകരണം


നവകേരള സദസ്സിന് എത്തിച്ചേരുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം പാലിക്കേണ്ടതുണ്ട്. കോലഴി, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളില്‍ നിന്ന് തൃശൂർ—വടക്കാഞ്ചേരി-ഷൊർണ്ണൂർ സംസ്ഥാന പാത വഴി വരുന്ന വാഹനങ്ങളും, തെക്കുംകര പഞ്ചായത്ത്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള വാഹനങ്ങളും അത്താണി മേൽപ്പാലം വഴി പ്രവേശിച്ച് മെഡിക്കൽ കോളേജ് ഫോറൻസിക് ലാബിന് സമീപം ആളെ ഇറക്കിയതിന് ശേഷം ചെറുവാഹനങ്ങൾ ഹോസ്റ്റൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതും, വലിയ വാഹനങ്ങൾ മോർച്ചറിക്ക് മുന്നിലൂടെയുള്ള വഴിയിലൂടെ വൺവേയായി തിരിഞ്ഞ് പൊതുമരാമത്ത് ഓഫീസിന് എതിർ വശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതുമാണ്. മടക്കയാത്രയിൽ ഹോസ്റ്റൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിട്ടുള്ള ചെറുവാഹനങ്ങൾ ജനങ്ങളെ വാഹനത്തിൽ കയറ്റിയ ശേഷം അലക്കുപുര ജംഗ്ഷനിൽ എത്തി ഇടതുവശത്തേക്ക് തിരിഞ്ഞ് നാട്ടിൻപുറം-സിൽക്ക് അത്താണി വഴിയോ, അലക്കുപുര ജംഗ്ഷനിൽ നിന്നും വലതു വശത്തേക്ക് തിരിഞ്ഞ് മാരാർ റോഡ് എയ്ഞ്ചൽ ഓഡിറ്റോറിയം വഴിയോ മടങ്ങേണ്ടതാണ്. പൊതുമരാമത്ത് ഓഫീസിന് എതിർ വശം പാർക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങൾ ഫോറൻസിക് ലാബിന് മുന്നിലെത്തി ആളെ കയറ്റിയ ശേഷം മോർച്ചറിക്ക് മുന്നിലുള്ള റോഡ് വഴി അത്താണി ഭാഗത്തേക്ക് മടങ്ങേണ്ടതാണ്.

അടാട്ട്, തോളൂർ, കൈപ്പറമ്പ്, അവണൂർ പഞ്ചായത്തുകളിൽ നിന്നും മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകളിൽ നിന്നും തൃശൂര്‍-ഷൊർണൂർ സംസ്ഥാന പാത വഴിയല്ലാതെ വരുന്ന മുഴുവൻ വാഹനങ്ങളും വെളപ്പായ-മുണ്ടൂർ റോഡിലെ വെളപ്പായ ക്ഷേത്രത്തിന് സമീപമുള്ള ആരോഗ്യ സർവ്വകലാശാല മുഖ്യകവാടം വഴി പ്രവേശിച്ച് ആരോഗ്യ സർവ്വകലാശാല കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്ത് നവകേരള സദസ്സിന് ശേഷം ജനങ്ങളെ കയറ്റി വന്ന വഴിക്കുതന്നെ മടങ്ങി പോകേണ്ടതാണ്.  

വളണ്ടിയര്‍ സംവിധാനം


നവകേരള സദസ്സിന്റെ നിയന്ത്രണ ചുമതല നിർവ്വഹിക്കാൻ എഴുനൂറോളം വളണ്ടിയർമാരാണ് അണിനിരക്കുക. വളണ്ടിയര്‍ അവലോകന യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് വിലയിരുത്തലുകള്‍ നടത്തി.

പോലീസ്, ഫയർ & റെസ്ക്യൂ, എം വി ഡി എന്നീ സേനകളുടെ നേതൃത്വത്തില്‍ എന്‍ എസ് എസ്, എന്‍ സി സി, സന്നദ്ധ വളണ്ടിയര്‍മാരും നിയന്ത്രണ ചുമതലകള്‍ വഹിക്കും.  

കൃത്യം 3 മണിക്കു തന്നെ നവകേരള സദസ്സ് ആരംഭിക്കും. ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ വനിതാ ശിശുവികസന ഓഫീസറും നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജകമണ്ഡലം സംഘാടക സമിതി കണ്‍വീനറുമായ ശ്രീമതി. പി മീര സ്വാഗതം പറയും. മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും. നവകേരള സദസ്സ് പൂര്‍ത്തീകരിച്ചതിനു ശേഷം കുന്നകുളം മണ്ഡലം സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും.

ജനാധിപത്യ ചരിത്രത്തിന് കേരളം നല്‍കുന്ന മഹത്തായ മാതൃകയായ നവകേരള സദസ്സിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാവിഭാഗം ജനങ്ങളെയും ഉദ്യോഗസ്ഥരെയും മണ്ഡലം തല സംഘാടക സമിതിയ്ക്കു വേണ്ടി അഭിനന്ദിക്കുന്നു. എല്ലാ ദൃശ്യ-ശ്രവ്യ-പത്ര-ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പൂര്‍ണ്ണമായ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍