🟣 എങ്കക്കാട് ലെവൽ ക്രോസിന് പകരം മേൽപ്പാലം വേണം: കേന്ദ്ര റെയിൽവേ മന്ത്രിക്ക് കെ. രാധാകൃഷ്ണൻ എം.പി. കത്തയച്ചു.🟣

എങ്കക്കാട് ലെവൽ ക്രോസിന് പകരം മേൽപ്പാലം വേണം: കേന്ദ്ര റെയിൽവേ മന്ത്രിക്ക് കെ. രാധാകൃഷ്ണൻ എം.പി. കത്തയച്ചു*

 വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് റെയിൽവേ ലെവൽ ക്രോസ് (LC No. 8) മൂലം പ്രദേശവാസികൾ നേരിടുന്ന കടുത്ത യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ പാർലമെന്റ് മണ്ഡലം എം. പി. കെ. രാധാകൃഷ്ണൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
 എങ്കക്കാട് റെയിൽവേ മേൽപ്പാലം  നിർമ്മിക്കുന്നതിനായി  ഭരണാനുമതി നൽകണമെന്നും ബജറ്റിൽ ആവശ്യമായ തുക വകയിരുത്തണമെന്നുമാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.  
അമിതമായ ട്രെയിൻ ഗതാഗതം മൂലം ദിവസത്തിൽ ഭൂരിഭാഗം സമയവും ഈ ലെവൽ ക്രോസ് അടച്ചിടേണ്ടി വരുന്നുണ്ട്. ഇത് വാഴാനി ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളെ പ്രധാന നഗരങ്ങളുമായും മെഡിക്കൽ സെന്ററുകളുമായും ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് എം.പി ചൂണ്ടിക്കാട്ടി.  

അടിയന്തര ചികിത്സ ആവശ്യമായി വരുന്ന രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും ഈ ലെവൽ ക്രോസിലെ ഗതാഗതക്കുരുക്കിൽ പതിവായി കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രികളിൽ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വാഹനങ്ങൾക്കുള്ളിൽ വെച്ച് തന്നെ രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അതീവ ദാരുണമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇത് പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.  
പ്രശ്നത്തിന് ശാശ്വതമായ ഒരേയൊരു പരിഹാരം ഇവിടെ റോഡ് ഓവർ ബ്രിഡ്ജ് (ROB) നിർമ്മിക്കുക എന്നത് മാത്രമാണ്. 
വരാനിരിക്കുന്ന റെയിൽവേ പ്രവൃത്തികളിലും ബജറ്റ് വിഹിതത്തിലും എങ്കക്കാട് മേൽപ്പാലം പദ്ധതിക്ക് ഉയർന്ന മുൻഗണന നൽകണമെന്നും 
മേൽപ്പാലം നിർമ്മാണത്തിനായുള്ള ഫീസിബിലിറ്റി പഠനവും സാങ്കേതിക മൂല്യനിർണ്ണയവും വേഗത്തിലാക്കാൻ സാങ്കേതിക വിഭാഗത്തിന് നിർദ്ദേശം നൽകണമെന്നും   
പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിൽ നിന്നും ഭരണാനുമതി ലഭ്യമാക്കണമെന്നും എം പി ആവശ്യപ്പെട്ടു.
കത്തിന്റെ പകർപ്പുകൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ എന്നിവർക്കും അയച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍