ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധന ഉത്തരവിൽ പൂരപ്രേമികൾക്കും ദേവസ്വങ്ങൾക്കും അമർഷം. തൃശൂർ പൂരം മുഖ്യപങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ നിയമനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു. സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയിലാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്നത്.
ഈ ഉത്തരവിന്റെ ലംഘനം കൂടിയാണ് ഹൈക്കോടതി ഉത്തരവെന്ന വിമർശനവും പൂരപ്രേമികൾ ഉയർത്തുന്നു. ആചാരപരമായി നടക്കുന്ന നിയമവെടി, ദോഷ പരിഹാര വെടി വഴിപാടുകൾ എന്നിവയടക്കം നിരവധി ക്ഷേത്രങ്ങളിലുണ്ട്. ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതൊക്കെയും നിയമ ലംഘനവും ഇനി നടത്താനും പാടില്ലാത്തതാണ്. ഇത് പ്രായോഗികമല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
പൊതുവായി ബാധിക്കുന്ന വിഷയത്തിൽ സർക്കാരിനെയും ബന്ധപ്പെടുന്ന കക്ഷികളെയും കേൾക്കാതെയാണ് തിരക്കിട്ട് നിരോധനമെന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്ന വിമർശനവും ഉണ്ട്. ഉത്തരവ് പുനഃപരിശോധിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതെന്നും ഹരിഹരൻ പറഞ്ഞു. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പ്രതികരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്.
എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളത്. കോടതി വിധി ബാധകമായാൽ നിയമനടപടി സ്വീകരിക്കുമെന്നും ശശിധരൻ പറഞ്ഞു. പെസോ അനുവാദത്തോടെ നടത്തുന്ന ഏക വെടിക്കെട്ട് തൃശൂർ പൂരത്തിന്റേതാണ്. തൃശൂർ ജില്ലയിൽ തന്നെ ഉത്രാളിക്കാവ്, അന്തിമഹാകാളൻ തുടങ്ങി നിരവധിയിടത്ത് ഉത്സവങ്ങളിലെ പ്രധാന ഇനം തന്നെ വെടിക്കെട്ട് ആണ്. വിദേശങ്ങളിൽ നിന്നടക്കം നിരവധി ആളുകളാണ് വെടിക്കെട്ട് ആസ്വദിക്കാൻ മാത്രം അവധിയെടുത്ത് എത്തുന്നത്.
വിധി ഇതിനെയെല്ലാം ബാധിക്കും. ‘ ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍