കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളെയും യാത്രക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആലത്തൂർ എം.പി.യും സി.പി.ഐ.(എം) ലോക്സഭാ കക്ഷി നേതാവുമായ കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്ത് അയച്ചു.ആക്രമണത്തെത്തുടർന്ന് വ്യോമപാതയും വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് അടിസ്ഥാന സൗകര്യങ്ങളോ, കൃത്യമായ വിവരങ്ങളോ ലഭിക്കാതെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
ഈ സാഹചര്യത്തിൽ പ്രവാസികൾ അതീവ ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ട് തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
സുരക്ഷാ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകളോ, മറ്റ് സുരക്ഷിത പ്രാദേശിക മാർഗ്ഗങ്ങളോ മന്ത്രാലയം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനൊപ്പം തന്നെ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് പ്രത്യേക നിർദ്ദേശം നൽകി വിമാനത്താവളത്തിന് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ്പ് ഡെസ്കും സുരക്ഷിത മേഖലകളും സ്ഥാപിക്കണമെന്നും, അവിടെ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും, വെള്ളവും, അടിയന്തര വൈദ്യസഹായവും,തത്സമയ വിവരങ്ങളും ലഭ്യമാക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റിലെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പ്രവാസികളുടെ ജീവൻ സംരക്ഷിക്കുന്നതിനും നാട്ടിലെ അവരുടെ കുടുംബങ്ങളുടെ ആശങ്കയകറ്റുന്നതിനും ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം അതീവ മുൻഗണന നൽകി ഇടപെടണമെന്നും കെ. രാധാകൃഷ്ണൻ എം.പി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു.
0 അഭിപ്രായങ്ങള്‍