വടക്കാഞ്ചേരി നഗരസഭയിൽ ‘വെൽക്കം ടു വേൾഡ് കപ്പ്’ ജനകീയ സംഘാടക സമിതി രൂപീകരിച്ചു; ജൂൺ 11-ന് സൗഹൃദ ഫുട്ബോൾ മത്സരം.
വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ കായിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി "വെൽക്കം ടു വേൾഡ് കപ്പ്" ജനകീയ സംഘാടക സമിതി രൂപീകരിച്ചു.
നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രതിനിധികൾ, വിവിധ സ്പോർട്സ് ക്ലബ് ഭാരവാഹികൾ, യുവജന സംഘടനകൾ എന്നിവർ പങ്കെടുത്തു.
നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ പി. എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ നിതിൻ സ്വാഗതം പറഞ്ഞു. മുനിസിപ്പാലിറ്റി യൂത്ത് കോ ഓർഡിനേറ്റർ സിജിത്ത് അഹമ്മദ് യോഗത്തിൽ സംസാരിച്ചു. മരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജി. സനീഷ് നന്ദി പറഞ്ഞു.
നഗരസഭയിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കായിക പ്രേമികൾക്കായി വൈവിധ്യമാർന്ന ആഘോഷങ്ങൾ ഒരുക്കുന്നതിനുമായി
നഗരത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ അണിനിരത്തിക്കൊണ്ട് 2026 ജൂൺ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിപുലമായ രീതിയിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.
വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആവേശകരമായ ഷൂട്ട്ഔട്ട് മത്സരം നടത്തും. സ്കൂൾ വിദ്യാർത്ഥികൾക്കായി ലോകകപ്പുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. ‘വേൾഡ് കപ്പ് 2026 ആര് സ്വന്തമാക്കും?’ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി പ്രവചന മത്സരം ഉണ്ടായിരിക്കും.
ലോകകപ്പ് മത്സരങ്ങൾ കായികപ്രേമികൾക്ക് ഒന്നിച്ച് ആസ്വദിക്കുന്നതിനായി നഗരസഭ ഓഫീസിൽ വലിയ എൽ.ഇ.ഡി (LED) സ്ക്രീൻ സ്ഥാപിച്ച് കളി തത്സമയം പ്രദർശിപ്പിക്കും.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു:
സംഘാടക സമിതി ചെയർപേഴ്സൺ: മിനി അരവിന്ദൻ (നഗരസഭ ചെയർപേഴ്സൺ)
കൺവീനർ: കെ. കെ. മനോജ് (നഗരസഭ സെക്രട്ടറി)
വടക്കാഞ്ചേരിയിലെ കായിക ജനതയ്ക്ക് ഒരു വലിയ ഉത്സവമായി ഈ പരിപാടികളെ മാറ്റാൻ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.
0 അഭിപ്രായങ്ങള്‍