വന്യമൃഗശല്യം നേരിടുന്ന തെക്കുംകരയിലെ അതിർത്തി വാർഡുകളിൽ സ്ട്രീറ്റ് മെയിൻ ലൈൻ സ്ഥാപിക്കാൻ 34.50 ലക്ഷം.
തെക്കുംകര ഗ്രാമപഞ്ചായത്തിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന അതിർത്തി വാർഡുകളിലെ കടുത്ത വന്യമൃഗ ശല്യത്തിനും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകുന്നു. പഞ്ചായത്തിലെ വന്യമൃഗശല്യം രൂക്ഷമായ വാർഡുകൾ 2, 3, 4, 8, 9 എന്നിവയിൽ ഉൾപ്പെടുന്ന കരുമത്ര, വടക്കേക്കര, വിരുപ്പാക്ക, വാഴാനി, വീരോലിപ്പാടം, പഴയന്നൂർപ്പാടം പ്രദേശങ്ങളിൽ സ്ട്രീറ്റ് മെയിൻ ലൈൻ വലിക്കുന്ന പ്രവർത്തിക്ക് ഭരണാനുമതിയായി. ആലത്തൂർ പാർലമെന്റ് മണ്ഡലം എം.പി. കെ. രാധാകൃഷ്ണന്റെ 2026-27 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 34.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശവാസികളുടെ പൊതു ആവശ്യങ്ങൾ മുൻനിർത്തി കൂടുതൽ ജനങ്ങളിലേക്ക് പ്രയോജനം എത്തുന്ന രീതിയിൽ ആദ്യം അനുവദിച്ച 30 ലക്ഷത്തിൽ നിന്ന് പുതുക്കിയ തുകയായ 34 .50 ലക്ഷം രൂപ എം പി അനുവദിച്ചത്.
പദ്ധതിയുടെ നിർവ്വഹണ ചുമതല കെ.എസ്.ഇ.ബി. തൃശൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ്. നിർമ്മാണം പൂർത്തിയാകുന്ന വൈദ്യുതി ലൈനുകളുടെ തുടർന്നുള്ള അറ്റകുറ്റപ്പണികളും സംരക്ഷണവും തെക്കുംകര ഗ്രാമപഞ്ചായത്ത് നിർവഹിക്കും.സാങ്കേതിക അനുമതി ലഭ്യമാക്കി പ്രവർത്തി ഉടനെ ആരംഭിക്കാൻ എം പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
0 അഭിപ്രായങ്ങള്‍