🔴 *കാട്ടാന ശല്യം - വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണ്ണരൂപം* 🔴

കാട്ടാന ശല്യം - വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണ്ണരൂപം.

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ 18 - അകമല, ഡിവിഷൻ 19 - മാരാത്തുകുന്ന്, ഡിവിഷൻ 20 - മങ്കര എന്നീ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കാട്ടാനകൾ പട്ടാണിക്കാട്, ചേപ്പിലക്കോട് മേഖലകളിൽ വനത്തിൽ നിന്നും സൗരവേലി തകർത്ത് കൃഷിയിടങ്ങളിൽ ഇറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാക്കി. ആനകൾ പട്ടാണിക്കാട് ഭാഗത്ത് റെയിൽവേ ട്രാക്കിന്റെ 10 മീറ്റർ അടുത്ത് വരെ കഴിഞ്ഞ ദിവസം എത്തുകയുണ്ടായി. ആനകൾ റെയിൽവേ പാളത്തിൽ കയറിയാൽ വളരെ വലിയ അപകടമാണ് ഉണ്ടാകാൻ പോകുന്നത്. ട്രെയിൻ മറിഞ്ഞ് ആളുകൾ അപായപ്പെടുന്ന വലിയ അപകട സാധ്യതയുണ്ട്. ആനകൾക്കും ട്രെയിൻ ഇടിച്ച് മരണം സംഭവിക്കാം.
എംഎൽഎ ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി ഇടപെട്ട് പട്ടാണിക്കാട് മുതൽ ചേപ്പിലക്കോട് കരുമത്ര വരെ ഫെൻസിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ പട്ടാണിക്കാട് ചേപ്പിലക്കോട് സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന് കെ. രാധാകൃഷ്ണൻ എം പി 12 ലക്ഷം രൂപ അനുവദിച്ച് പ്രവർത്തി ആരംഭിച്ചു. എന്നാൽ കാട്ടാനകൾ ദിവസേന സൗരവേലി ഭേദിച്ച് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. കർഷകരുടെ ഫലമുള്ള തെങ്ങുകൾ, വാഴകൾ, കവുങ്ങ്, മാവ്, പ്ലാവ് എന്നിവ വ്യാപകമായി നശിപ്പിച്ചു വരുന്നു. ഈ നാശനഷ്ടം സംഭവിച്ച കൃഷിക്കാർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് അടിയന്തരമായി ആനകളെ വാഴാനി കാട് കയറ്റി പീച്ചി വന മേഖലയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതിന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഈ പ്രമേയം വഴി ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍