🔴 *ജെ.എൻ.യു വിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉടൻ അവസാനിപ്പിക്കുക: കെ. രാധാകൃഷ്ണൻ എം.പി.* 🔴

ജെ.എൻ.യുവിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉടൻ അവസാനിപ്പിക്കുക: കെ. രാധാകൃഷ്ണൻ എം.പി.

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ 2026-2027 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിൽ പട്ടികജാതി , പട്ടികവർഗ , ഭിന്നശേഷി  വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിച്ച സർവകലാശാല അധികൃതരുടെ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയും കടുത്ത വഞ്ചനയുമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പൂർണ്ണമായും ഒഴിവാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് പുതിയ പ്രോസ്പെക്ടസിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ സംവരണ തത്വങ്ങളെ നോക്കുകുത്തിയാക്കി കണക്കുകളിൽ കൃത്രിമം കാണിച്ചാണ് അധികാരികൾ ഈ വിവേചനം നടപ്പിലാക്കിയിരിക്കുന്നത്:
പട്ടികവർഗ വിഭാഗത്തിന് 7.5% സംവരണ പ്രകാരം ലഭിക്കേണ്ട 53 സീറ്റുകൾക്ക് പകരം വെറും 38 സീറ്റുകൾ മാത്രമാണ് അനുവദിച്ചത്.
പട്ടികജാതി വിഭാഗത്തിന് 15% സംവരണമനുസരിച്ച് 107 സീറ്റുകൾ ലഭിക്കേണ്ട സ്ഥാനത്ത് 103 സീറ്റുകൾ മാത്രമായി ചുരുക്കി.
ഭിന്നശേഷി വിഭാഗത്തിന് 5% സംവരണം അനുസരിച്ച് ലഭിക്കേണ്ട 36 സീറ്റുകളിൽ വെറും 17 സീറ്റുകൾ മാത്രമാണ് നൽകിയിട്ടുള്ളത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത്, ആദിവാസി, പിന്നാക്ക, ഭിന്നശേഷി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട പ്രാതിനിധ്യം ഇല്ലാതാക്കാൻ സംഘപരിവാർ ശക്തികൾ നടത്തുന്ന നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് കെ. രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. അധികാരം കയ്യാളുന്നവരുടെ ഇത്തരം ജാതിവെറി സമീപനങ്ങളെ പാർലമെന്റിനകത്തും പുറത്തും ശക്തമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഗുരുതരമായ ഭരണഘടനാ ലംഘനത്തിനെതിരെ ഉടൻ ഇടപെടണമെന്നും, തടഞ്ഞുവെച്ച മുഴുവൻ സംവരണ സീറ്റുകളും പുനഃസ്ഥാപിച്ച് പുതിയ പ്രോസ്പെക്ടസ് ഇറക്കാൻ ജെ.എൻ.യു അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും ജെ.എൻ.യു അധികാരികളും ഉടൻ തന്നെ ഈ വിവേചനപരമായ പ്രോസ്പെക്ടസ് തിരുത്താൻ തയാറാകണമെന്നും, സാമൂഹ്യനീതി അട്ടിമറിക്കാനുള്ള ഒരു നീക്കവും രാജ്യത്ത് അനുവദിച്ചുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍