ഹൃദ്രോഗികൾക്ക് സഹായമായി തൃശൂർ മെഡിക്കൽ കോളേജിൽ സങ്കീർണ്ണ ചികിത്സാരീതികൾ കാർഡിയോളജി വിഭാഗം ആരംഭിച്ചു.
സാധരണ ചെയ്തു വരുന്ന ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ എന്നിവക്ക് പുറമെ കൂടുതൽ സങ്കീർണമായ ചികിത്സകൾ ആയ കാർഡിയാക് റിസിങ്കോണൈസേഷൻ തെറാപ്പി, (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്റ് എന്നിവ തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, ഡോ. പ്രവീൺ, ഡോ. കൃഷ്‌ണകുമാർ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബാബുരാജ്, ഡോ. അമ്മിണികുട്ടി എന്നിവരും, ടെക്‌നീഷ്യന്മാർ, നഴ്‌സുമാർ എന്നിവരും അടങ്ങുന്ന സംഘമാണ് ഈ ചികിത്സകൾ ചെയ്‌തത്.
ശരീരത്തിന് ആവശ്യമായ അളവിൽ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിനു സാധിക്കാതെ വരുന്ന അവസ്ഥക്ക് ഹാർട്ട് ഫേലിയർ എന്നാണ് പറയുന്നത്. മരുന്നുകൾ കൊണ്ട് അസുഖം ഭേദം ആവാത്ത ഹാർട്ട് ഫേലിയർ രോഗികൾക്ക് നൽകിവരുന്ന ഒരു ചികിത്സാരിതി ആണ് കാർഡിയാക് റിസിങ്കോണൈസേഷൻ തെറാപ്പി.
രക്തം പമ്പ് ചെയുന്ന ഹൃദയത്തെ വെള്ളം പമ്പ് ചെയ്യുന്ന ഒരു മോട്ടോറുമായി താരത്യമപ്പെടുത്താം. മോട്ടോറിലേക്കു ആവശ്യത്തിന് കറന്റ് കൃത്യസമയത്തു വന്നാൽ മാത്രമേ അത് നന്നായി പ്രവർത്തിക്കുകയുള്ളു. ചില ഹാർട്ട് ഫേലിയർ രോഗികൾക്ക് ഇടതുവശത്തെ അറയിലേക്കു കറന്റ് താമസിച്ചു എത്തുന്ന അവസ്ഥ കാണാറുണ്ട്.
അവരുടെ ഇസിജി വളരെ പരന്നു വീതി കൂടിയ രീതിയിൽ ആയിരിക്കും. ഇത് മൂലം വലതു വശത്തെ ഹൃദയ അറ പമ്പ് ചെയ്‌തു കുറെ സമയം കഴിഞ്ഞേ ഇടത്തെ അറ പമ്പിങ് നടത്തു. ഇത് പമ്പിംഗ് ശക്തി കുറയ്ക്കും. ഈ അവസ്ഥയെ പുനഃ ക്രമീകരിക്കുകയാണ് ചികിത്സ. ഒരു പേസ്മേക്കർ ബാറ്ററി ഇടതു തോളെല്ലിന് താഴെ തൊലിക്കടിയിൽ ഓപ്പറേഷനിലൂടെ പിടിപ്പിച്ചു അതിൽ നിന്ന് മൂന്ന് വയറുകൾ ഹൃദയത്തിലേക്ക് ഫിറ്റ് ചെയ്‌ത് ഹൃദയത്തിന്റെ ഇടതും വലതും ഉള്ള അറകളിലേക്കു കൃത്യമായി കറന്റ് എത്തിച്ചു കൊടുക്കുക എന്നതാണ് ഈ ചികിത്സാരീതി.
തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം അടുത്തിടെ ആയി അഞ്ചു രോഗികൾക്ക് ഈ ചികിത്സ ചെയ്തു. ഹൃദയം രക്തം ശരീരത്തിലേക്ക് രക്തം പമ്പ് ചെയുന്ന വഴിയിൽ ഉള്ള വാൽവ് ആണ് അയോർട്ടിക് വാൽവ്. ഈ വാൽവ് ചുരുങ്ങി അയോർട്ടിക്ക് സ്റ്റിനോസിസ് ഉണ്ടായാൽ ശസ്ത്രക്രിയ ചെയ്തു വാൽവ് മാറ്റിവെക്കാറാണ് പതിവ്.
എന്നാൽ ഇപ്പോൾ നെഞ്ച് തുറക്കാതെ കാലിലെ രക്തകുഴൽ വഴി ഒരു ടൂബ് കടത്തി ഈ വാൽവ് മാറ്റാം. ഇതിനെയാണ് ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലേസ്മെന്റ് എന്ന് പറയുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ ഇതിനകം തന്നെ നാല് രോഗികൾക്ക് ഇത് വിജയകരമായി ചെയ്‌തു.
ശസ്ത്രക്രിയ ഇല്ലാത്തതു കാരണം മൂന്നാം ദിവസം തന്നെ ആശുപത്രി വിടാൻ ആവും എന്നത് രോഗികൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ്. ഇപ്രകാരമുള്ള ചികിത്സകൾക്ക് പുറമെ ഹാർട്ട് അറ്റാക്ക് രോഗികൾക്ക് പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന ചികിത്സ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കാൻ ഉള്ള ശ്രമത്തിൽ ആണ് കാർഡിയോളജി വിഭാഗം.
0 അഭിപ്രായങ്ങള്‍