വടക്കാഞ്ചേരി മംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന പീടികയിൽ വീട്ടിൽ ഹൈദ്രു മകൻ ബഷീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബഷീറിന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകൻ തിരുവനന്തപുരം വിതുര സ്വദേശിയായ അജ്മൽ മുഹമ്മദ് 24 വയസ്സ്എന്ന യുവാവാണ് വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായത്.
അജ്മൽ സ്ഥിരമായി വീട്ടിൽ രാത്രി ഏറെ വൈകി വരുന്നത് ചോദ്യം ചെയ്തതിന് പരസ്പരം തർക്കിക്കുകയും അജ്മൽ അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു കൊണ്ടുവന്ന് ബഷീറിനെ തലയിൽ വെട്ടുകയായിരുന്നു. ബഷീറിനെ വെട്ടുന്നതു കണ്ട് ഭാര്യ തടസം പിടിച്ചതിനാൽ കൂടുതൽ പരിക്കേൽക്കാതെ ബഷീർ രക്ഷപ്പെടുകയായിരുന്നു.
തടസം നിന്ന അമ്മയുടെ കൈവിരലുകൾക്കും കൈത്തണ്ടയിലും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 12.30 മണിയോടെ മംഗലത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞയുടനെ വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് അയച്ചു. സംഭവത്തിനു ശേഷം വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി അജ്മലിനെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ മുരളീധരന്റെ നിർദ്ദേശപ്രകാരമുളള അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ സൈഫുളള പി.ടി, ബദറുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ, സിവിൽ പോലീസ് ഓഫീസർ അനുരാജ്, ഹോം ഗാർഡ് സലീം എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 അഭിപ്രായങ്ങള്‍