🟣 മുണ്ടത്തിക്കോട് അപകടം: ദുരന്തബാധിതർക്ക് സാന്ത്വനമായി കുടുംബശ്രീ ജില്ലാ മിഷന്റെയും വടക്കാഞ്ചേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ കൗൺസിലിംഗ് സേവനം.🟣

മുണ്ടത്തിക്കോട് അപകടം ദുരന്തബാധിതർക്ക് സാന്ത്വനമായി കുടുംബശ്രീ ജില്ലാ മിഷന്റെയും വടക്കാഞ്ചേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ കൗൺസിലിംഗ് സേവനം.
മുണ്ടത്തിക്കോട് ദുരന്തബാധിത  പ്രദേശത്ത് താമസിക്കുന്നവർ, ദുരന്തബാധിതരുടെ ബന്ധുക്കൾ,  ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികൾ എന്നിവർക്ക് മാനസികപിന്തുണ  ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷന് കീഴിലുള്ള സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്ക്  ജെൻഡർ റിസോഴ്സ് സെൻറർ എന്നീ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ കൗൺസിലിംഗ്, മാനസിക പിന്തുണ എന്നീ  സേവനങ്ങൾ ലഭ്യമാക്കി. 
ഏപ്രിൽ 23 ന് വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിജിത് കെ ദീപക്, സ്ഥിരം സമിതി അധ്യക്ഷരായ സ്വപ്ന ശശി, ഷീല മോഹൻ, ഡിവിഷൻ കൗൺസിലർ പി. തുളസി, അസിസ്റ്റൻറ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രസാദ് കെ കെ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ മോനിഷ യു, സിഡിഎസ് ചെയർപേഴ്സൺമാരായ രശ്മി, സിന്ധു, എന്നിവർ വീടുകൾ സന്ദർശിച്ചു. 
23,24 25 തീയതികളിലായി പ്രദേശവാസികൾ ദുരന്തബാധിതരുടെ ബന്ധുക്കൾ,  ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ എന്നിവരുടെ വീടുകൾ സന്ദർശിക്കുകയും കൗൺസിലിംഗ് ആവശ്യമായവർക്ക് കൗൺസിലിംഗ് സേവനം ലഭ്യമാക്കുകയും ചെയ്തു. ഇതുകൂടാതെ മുണ്ടത്തിക്കോട് ഡി വി എൽ പി സ്കൂളിലും കൗണ്‍സിലിംഗ്‌ സേവനം ലഭ്യമാക്കിയിരുന്നു ഇവിടെയെത്തിയ പ്രദേശവാസികളായ കുട്ടികൾക്കും, മാതാപിതാക്കൾക്കും കൗൺസിലിംഗ്  നൽകി.
സ്നേഹിത ജെൻഡർ ഹെൽപ്  ഡെസ്ക് നിന്നുള്ള കൗൺസിലർ ദിവ്യ ഇ,, സർവീസ് പ്രൊവൈഡർമാരായ നീന മരിയ തോമസ്, സ്വാതി കെ ജി, സിനി പി കെ, വടക്കാഞ്ചേരി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കൗൺസിലർ മാരായ ആതിര, അഖില, പി എസ് സുഷി എന്നിവർ ഭവന സന്ദർശനം മാനസിക പിന്തുണ കൗൺസിലിംഗ് മുതലായ സേവനങ്ങൾ നൽകി.
നാടിനെ നടുക്കിയ ഈ ദുരന്തത്തിന്റെ ഓർമ്മകളിൽ നിന്നും പ്രദേശവാസികളോ തൊഴിലാളികളോ ഇതുവരെ വിമുക്തരായിട്ടില്ല.  ഓരോ ദിവസവും സന്തോഷത്തോടുകൂടിയാണ് പണിക്ക് പോയിരുന്നത് എന്നും അവിടെ എത്തിയാൽ പാട്ടും വർത്തമാനവുമായി സന്തോഷത്തോടെയാണ് ഇരുന്നത് എന്നും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട സഹോദരിമാരായ സുഭദ്രയും വത്സലയും പറഞ്ഞു. 
ഇപ്പോഴും കൺമുമ്പിൽ ആ ദൃശ്യങ്ങൾ ഉണ്ടെന്നും പെട്ടെന്നൊന്നും അത് മറക്കാൻ സാധിക്കില്ലെന്നും കണ്ണുനീരോടെ അവർ പറഞ്ഞു. നിത്യേന
കാണുന്നവരുടെ ശരീരഭാഗങ്ങൾ വീടിനുമുന്നിൽ തെറിച്ചു വീണ ദൃശ്യങ്ങൾ കണ്ട ആഘാതം, വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം  ചിതറിത്തെറിച്ച ചില്ലുകൾ മൂലം രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഭയന്നു നിന്ന നിമിഷങ്ങൾ, വീടിന് നാശം ഉണ്ടായതിനെ കുറിച്ചുള്ള ആകുലതകൾ എല്ലാം ഇവർ പങ്കുവച്ചു. 
3 ദിവസങ്ങളിലായി 22 ഭവന സന്ദര്‍ശനങ്ങള്‍ നടത്തുകയും 32 സ്ത്രീകൾ, 8 പുരുഷന്മാർ, 14 വയോജനങ്ങൾ, 28 കുട്ടികള്‍ അടക്കം 82 ഓളം പേരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമായ മാനസിക പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുകയും 12 പേര്‍ക്ക്‌ കൗണ്‍സിലിംഗ്‌ സേവനം നൽകുകയും ചെയ്തു. തുടർന്നും കൗൺസിലിംഗ്,  ഫോളോ അപ്പ് എന്നിവ ആവശ്യമായവർക്ക്  കുടുംബശ്രീ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, ജി ആർ സി എന്നിവ മുഖേന ഇവ ലഭ്യമാക്കുമെന്നും ഉറപ്പു നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍