ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടന്നു.
മകം നാളിൽ സ്ത്രീകളുടെ പൊങ്കാല സമർപ്പണവും, ബലി സമർപ്പണവും നടന്നു. നിരവധി സ്ത്രീകൾ ഉൾപ്പെടുന്ന ഭക്തർ രാവിലെ തന്നെ ക്ഷേത്രാങ്കണത്തിലെത്തി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്ലൂർ മന നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നത്. 30 വരെയാണ് ചടങ്ങുകൾ നടക്കുന്നത്.
രാവിലെ നടന്ന പൊങ്കാല സമർപ്പണത്തിന് നിരവധി സ്ത്രീകൾ എത്തി. ക്ഷേത്രം മേൽശാന്തി ഗോദ ശർമൻ തിരുമേനി പൂജകൾക്ക് നേതൃത്വം നൽകി. തുടർന്ന് പൊങ്കാല അടുപ്പിലേക്ക് തീ പകർന്നതോടെ മൺചട്ടിയിൽ ഉണങ്ങല്ലരി ഇട്ട് വേവിക്കുകയും തുടർന്ന് അരി വെന്ത് ആദ്യം വരുന്ന പത നിറഞ്ഞു പുറത്തു വന്നാൽ ഈ വർഷത്തെ എല്ലാവിധ പാപങ്ങളും കഴുകി കളഞ്ഞു എന്നാണ് വിശ്വാസം. തുടർന്ന് ശർക്കരയും നെയ്യും മറ്റു ധാന്യങ്ങളും ഇട്ടതിനുശേഷം പൂജാരി വന്ന് പൂജാ ദ്രവ്യം പായസത്തിലേക്ക് ഒഴിക്കുന്നതോടെ പൊങ്കാല സമർപ്പണത്തിന് സമാപനം കുറിക്കും.
മകം നാളിൽ മരിച്ചുപോയ പൂർവ്വീകർക്ക് വേണ്ടി നിരവധി ബന്ധുക്കളാണ് ബലിതർപ്പണത്തിനായി എത്തിയിരുന്നത്. പൂജകൾക്ക് മണികണ്ഠൻ ആചാര്യൻ നേതൃത്വം നൽകി. തുടർന്ന് ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്തർക്കും പ്രഭാത ഭക്ഷണം നൽകിയാണ് ഭാരവാഹികൾ പറഞ്ഞയച്ചതെന്ന് ക്ഷേത്രം മാനേജർ എം. എ. രാജു, സുരേഷ് ബാബു തുടങ്ങിയവർ പറഞ്ഞു.
0 അഭിപ്രായങ്ങള്‍