🟣 വെടിക്കെട്ട് കലാകാരൻ മുണ്ടത്തിക്കോട് സതീഷ് ( 46 ) ൻ്റെ വിടവാങ്ങൽ കണ്ണീർക്കടലായി. 🟣

വെടിക്കെട്ട് കലാകാരൻ മുണ്ടത്തിക്കോട് സതീഷ് ( 46 ) ൻ്റെ വിടവാങ്ങൽ കണ്ണീർക്കടലായി. 
കഴിഞ്ഞ ചൊവ്വാഴ്ച 3.20 നാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി  മുണ്ടത്തിക്കോട് - കുട്ടുകുളത്തുള്ള പടക്ക നിർമ്മാണ ശാലയിൽ  സജ്ജമാക്കിയ വെടിക്കെട്ട് സാമഗ്രികളാണ് ഉഗ്ര സ്ഫോടനത്തിൽ കത്തിച്ചാമ്പലായത്.
സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് ബേൺ ഐ സി യുവിൽ മരണത്തോട് മല്ലടിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സതീഷിന്റെ മരണ വാർത്ത നാടും നാട്ടുകാരും അറിഞ്ഞത് . സ്ഫോടത്തിൽ 14 ഓളം ജീവനുകൾ പൊലിഞ്ഞു പോയിട്ടുണ്ട്. പോലീസിൻ്റെ തിരച്ചിലിൽ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു.  
പലരേയും കാണാനില്ലെന്നും , ഇതിൽ അകപ്പെട്ടിട്ടുണ്ടാകുമെന്ന ആശങ്കയിൽ കുടുംബാംഗങ്ങൾ മാനസിക സംഘർത്തിലുമാണ്. ഡി എൻ  എ ടെസ്റ്റ് ഇന്ന് പൂർത്തിയാക്കുമെന്ന് ആശുപത്രി അധികൃതരും പോലീസും അറിയിച്ചു. 
ഒട്ടേറെ ക്ഷേത്രോത്സവങ്ങൾക്ക് വാനിൽ വർണ്ണ വിസ്മയം തൂകിയ സതീഷിൻ്റെ വേർപാട് ആഘോഷ കമ്മിറ്റികൾക്കും തീരാദുഃഖമാണ്. 
സൗമ്യമായ പെരുമാറ്റവും , ജോലിയിലുള്ള കൃത്യനിഷ്ഠയും , അതിലുപരി തൊഴിലാളികളോടുള്ള സമീപനവും യാതൊരു കളങ്കവുമില്ലാതെ ആത്മാർഥമായി അനുവർത്തിച്ചു പോരുന്ന വ്യക്തിയാണ് മുണ്ടത്തിക്കോട് സതീഷനെന്ന് മറ്റു വെടിക്കെട്ട് നടത്തിപ്പുകാരും പറയുന്നു. 
ഇന്ന് രാവിലെ മുണ്ടത്തിക്കോട് ഡിവിഎൽപി സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ മന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയ - സാമൂഹിക  സാംസ്‌കാരിക മേഖലയിൽ ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിച്ചത്.
സ്ഫോടനത്തിൻ്റെ ശബ്ദ കോലാഹലങ്ങൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ സ്ഫോടനത്തിൽ ഒട്ടേറെ വീടുകൾക്കും , സ്ഥാപനങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.
പ്രസിദ്ധമായ തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം  കൂടാതെ മറ്റു പൂരങ്ങളിലെ  മുഖ്യ  ആചാരവും ആകർഷണവുമായ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷ്, അദ്ദേഹത്തിന്റെ സഹായികളായ തൊഴിലാളികൾ എന്നിവർ  വെടിക്കെട്ട് അപകടത്തിൽ മരണപെട്ടതിൽ ഉത്രാളിക്കാവ് പൂരം  സെൻട്രൽ കോ- ഓർഡിനേഷൻ കമ്മിറ്റി അഗാധമായ ദുഃഖവും, അനുശോചവും ആശങ്കയും രേഖപ്പെടുത്തി.  
പരമ്പരാഗതമായി നടക്കുന്ന വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് എന്നിവ ദൈവീക ആചാരങ്ങളാണെന്നും അത് ഭംഗിയായി നടത്തുന്നതിന് വേണ്ട ഭൗതിക സാഹചര്യം  സർക്കാരും ഭരണകൂടങ്ങളും ജനപ്രതിനിധികളും,ഉദ്യോഗസ്ഥന്മാരും കമ്മിറ്റിക്കാരും ചേർന്ന് അപകട രഹിതമായ രീതിയിൽ നടത്തുന്നതിനും, പരമ്പരാഗതമായ ആചാരങ്ങൾ നിലനിർത്തുന്നതിനു വേണ്ടി  വിശദമായ കൂടിയാലോചനകൾ നടത്തി മുന്നോട്ട് പോകണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ ചീഫ് കോ- ഓർഡിനേറ്റർ വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
വെടിക്കെട്ട് ദുരന്തം മൂന്ന് ദേശകമ്മിറ്റിക്കാർക്കും , ദേശക്കാർക്കും ഏറെ ദുഃഖവും ആശങ്കകളും ഉണ്ടായതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
വടക്കാഞ്ചേരി ദേശ കമ്മിറ്റി പ്രസിഡൻ്റ് സി. എ. ശങ്കരൻകുട്ടി, സെക്രട്ടറി പി. എൻ. വൈശാഖ്, 
കുമരനെലൂർ ദേശ കമ്മിറ്റി പ്രസിഡൻ്റ് എ. കെ. സതീഷ് കുമാർ സെക്രട്ടറി പി. എ. വിപിൻ, എങ്കക്കാട് ദേശക്കമ്മിറ്റി പ്രസിഡൻ്റ് പി. ആർ. സുരേഷ്കുമാർ, സെക്രട്ടറി ജയേഷ് കുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍