🟣 2026 ലെ വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം ആർ. ആതിരക്ക്. 🟣

2026 ലെ വയലാർ രാമവർമ്മ സ്മാരക  യുവകാവ്യ പുരസ്കാരം ആർ. ആതിരക്ക്.

വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ രണ്ടാമത് വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം ആർ. ആതിരക്ക് സമർപ്പിക്കുവാൻ പുരസ്‌കാര നിർണ്ണയ സമിതി തീരുമാനിച്ചു. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ആർ. ആതിരയുടെ "മീനേ മീൻ മണമേ.."എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. 
ന്യൂമാഹി സ്വദേശിയായ ആർ. ആതിര, പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം ഗവണ്മെൻ്റ് ഹൈസ്കൂൾ അദ്ധ്യാപികയാണ്. കവി മാധവൻ പുറച്ചേരി, ജോൺസൻ പോണല്ലൂർ, ഇ. എം. സതീശൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
തോറ്റുപോയവരൊക്കെ പുതിയ ചരിത്രമെഴുതുന്നവരാണെന്ന് തിരിച്ചറിഞ്ഞതാണ് ആതിര. ആറിൻ്റെ കവിതകളുടെ പ്രത്യേകത. പാർശ്വവൽകരിക്കപ്പെട്ടവരോട് ഐക്യപ്പെടാനുള്ള വെമ്പൽ ഒട്ടുമിക്ക കവിതകളെയും സജീവമാക്കുന്നുമുണ്ട്. കൊന്ത്രംപല്ല്, ഉപ്പുമഴ, മീനേ മീൻ മണമേ, ഭൂപടങ്ങൾ, അവൾക്കൊരു പേരുണ്ടായിരുന്നോ തുടങ്ങിയ രചനകൾ ഉൾക്കനമുള്ള എഴുത്തിനെ അടയാളപ്പെടുത്തുന്നു.
പുതുമലയാള കവിതയിൽ ഇനിയും വിലപ്പെട്ട സംഭാവനകൾ നൽകാൻ ആതിരയ്ക്ക് കഴിയുമെന്ന് ഈ സമാഹാരത്തിലെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് പറയാനുള്ളതിന് ഇണങ്ങിയ ഭാഷ രൂപപ്പെടുത്തിയെടുക്കുന്നതിലുമുണ്ട് സവിശേഷമായ അടയാളപെടുത്തലുകൾ എന്ന് പുരസ്കാര സമിതി വിലയിരുത്തി.
പ്രശസ്തിപത്രവും ഫലകവും മുവ്വായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപയും (*3,333* രൂപ) അടങ്ങുന്ന പുരസ്കാരം മെയ് 3 ന് ഞായറാഴ്ച മൂന്നു മണിക്ക് വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ ചേരുന്ന ചടങ്ങിൽ വെച്ച് കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിന് സമർപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍