🟣 ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്നതിനായുള്ള എച്ച്‌.പി.വി. (HPV) വാക്സിനേഷൻ ആരംഭിച്ചതിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം പഴയന്നൂരിൽ നിർവ്വഹിച്ചു.🟣

ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്നതിനായുള്ള എച്ച്‌.പി.വി. (HPV) വാക്സിൻ ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു മുന്നോടിയായി ദേശീയ തലത്തിൽ 14 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക്‌ ആദ്യഘട്ടത്തിൽ എച്ച്‌.പി.വി. വാക്‌സിനേഷൻ ആരംഭിച്ചതിൻ്റെ ബ്ലോക്ക് തല  ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക രാജേന്ദ്രൻ നിർവ്വഹിച്ചു. 
പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോക്ടർ കെ. കെ. ഗൗതമൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.  ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം   രാധാകൃഷ്ണൻ,           പഴയന്നൂർ ഗ്രാമപഞ്ചായത്ത്  രണ്ടാം വാർഡ് അംഗം ശിവകുമാർ, ഹെൽത്ത് സൂപ്പർവൈസർ സുധി .കെ എന്നിവർ ആശംസകൾ നേരുകയും പബ്ലിക് ഹെൽത്ത്  നഴ്സിംഗ് സൂപ്പർവൈസർ ഖദീജ ബീവി നന്ദിയും  പറഞ്ഞു. 
 പഴയന്നൂർ ബ്ലോക്കിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇന്ന് വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി ആദ്യഘട്ടം പൂർത്തീകരിക്കും. ക്യാമ്പയിനിൽ മൂന്നു മാസത്തിനകം 14 വയസു പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റഡോസ് വാക്‌സിൻ നൽകാനാണ് ഭാരത സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസ് പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്‌സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 
ഇതിന്റെ ഭാഗമായി കേരളത്തിലും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്സിനേഷൻ നൽകുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍