ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങളുടെ പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്താനും പൂഴ്‌ത്തിവയ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്താനും ലക്ഷ്യമിട്ട് ഭക്ഷ്യവകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ചേർന്നുള്ള സംയുക്ത സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തി. മുള്ളൂർക്കര മേഖലയിലെ ഹോട്ടലുകൾ, പലചരക്ക് - പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്.
പരിശോധയിൽ വിലവിവരം പ്രദർശിപ്പിക്കാത്തതും മതിയായ ലൈസൻസുകൾ സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങളെ കണ്ടെത്തി. ഈ കച്ചവടസ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി. തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസർ കെ. ശുഭ , ലീഗൽ മെട്രോളജി ഇൻസ്പക്ടിങ്ങ് അസിസ്റ്റൻ്റ് ഐ.സനൂപ്, സിവിൽ പൊലീസ് ഓഫിസർ വൈ. ടോമി, റേഷനിങ് ഇൻസ്‌പെക്ടർ മാരായ കെ.ബി.ബബിത, ജാക്സൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ
ജില്ലാ കലക്ടറാണ് സ്ക്വാഡ് രൂപീകരിച്ചത്. പൊതുവിപണിയിലെ അരി അടക്കമുള്ള അവശ്യ സാധനങ്ങളുടെ വില വർധന സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അരി മില്ലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പരിശോധിക്കാനാണ് ഉത്തരവുള്ളത്. പലചരക്ക് - പച്ചക്കറി വിൽപ്പന ശാലകൾ, ഹോട്ടലുകൾ, ബേക്കറികൾ, മത്സ്യ- മാംസ വിൽപ്പന കേന്ദ്രങ്ങൾ, ഗ്യാസ് ഏജൻസികൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളാണു പരിശോധിക്കുക. ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ഓണം വരെ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍