🟣 കൊണ്ടാഴി കുത്താമ്പുള്ളി പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.🟣

കൊണ്ടാഴി കുത്താമ്പുള്ളി പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യു. ആര്‍. പ്രദീപ് എംഎല്‍എ  അധ്യക്ഷനായി. 
മുഖ്യാതിഥിയായ കെ. രാധാകൃഷ്ണന്‍ എം പി  പാലം തുറന്നു. 
വള്ളുവനാടിനെയും മലബാറിനെയും കൈത്തറി ഗ്രാമവുമായി ബന്ധിപ്പിക്കുകയെന്ന ചിരകാല സ്വപ്നത്തിനാണ് സാക്ഷാത്ക്കാരമായിരിക്കുന്നത്. കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി വില്ലേജിനെയും തിരുവില്വാമല പഞ്ചായത്തിലെ കണിയാര്‍കോട് വില്ലേജിനെയും ബന്ധിപ്പിച്ച് ഗായത്രിപ്പുഴയ്ക്ക് കുറുകെയാണ് പാലം. 
സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 33.14 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. ആകെ മൂന്നു പാലങ്ങളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തത്. പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലം, കുത്താമ്പുള്ളി ഭാഗത്തെ അനുബന്ധ റോഡില്‍ വരുന്ന പാടത്തെ ഒരു പാലം (194 മീറ്റര്‍), കൂടാതെ ജലസേചന കനാല്‍ കുറുകെ വരുന്ന ഭാഗത്ത് ഒരു ചെറിയ പാലം (20 മീറ്റര്‍) എന്നിവയും പാലത്തിന്റെ അപ്രോച്ച് റോഡുമാണ് പദ്ധതിയിലുള്ളത് (739 മീറ്റര്‍ നീളം). 
പുഴയ്ക്ക് കുറുകെയുള്ള പ്രധാന പാലത്തിന് 11 മീറ്റര്‍ വീതിയും അപ്രോച്ച് റോഡിനു 12 മീറ്റര്‍ വീതിയും പാലത്തിന്റെ ആകെ നീളം 155.74 മീറ്ററുമാണ്. 2017-18 കാലഘട്ടത്തില്‍ യു. ആര്‍. പ്രദീപ് എംഎല്‍എ യായിരിക്കുമ്പോഴാണ് കിഫ്ബിയില്‍ നിന്ന് 19 കോടി രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടികളാരംഭിക്കുകയും ചെയ്തത്. പിന്നീട് കെ. രാധാകൃഷ്ണന്‍ മന്ത്രിയായപ്പോള്‍ നടപടികള്‍ വേഗത്തിലാക്കി. 
കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നിര്‍മാണ മേല്‍നോട്ടം വഹിച്ചത്. കാസര്‍കോഡുള്ള ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സാണ് കരാര്‍ കമ്പനി. കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷിബു കൃഷ്ണരാജ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ആര്‍. മായ,  ജില്ലാ പഞ്ചായത്തംഗം കെ. ആര്‍. സത്യന്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. കെ. സത്യഭാമ, പി. കൃഷ്ണപ്രസാദ്, പഞ്ചായത്തംഗം പി. അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സുകുമാരന്‍, പി. എ. ബാബു, പി. ശ്രീകുമാര്‍, ഷാജി ആനിത്തോട്ടം, കെ. സി. ജോസ്, പി. ജി. കൃഷ്ണന്‍കുട്ടി, ടി. ഗോകുലന്‍, ടി. സി. പ്രകാശന്‍, കെആര്‍എഫ്ബി അസി.എക്‌സി. എന്‍ജിനിയര്‍ ഇ. ഐ. സജിത് എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍