ജില്ലയിലെ വേനല്‍ക്കാല വരള്‍ച്ചാ പ്രതിരോധം; കളക്ടറുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
സംസ്ഥാനത്ത് വേനല്‍ചൂടിന്റെ തീവ്രത അതിക്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടർ നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ വകുപ്പ് വിളിച്ചു ചേർത്ത വേനല്‍ക്കാല മുന്നൊരുക്ക യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ കുടിവെള്ളക്ഷാമ സാധ്യത മുന്നില്‍ക്കണ്ട് ജലസംഭരണികളിലെ വെള്ളം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് എത്തിക്കണം. കൃഷിയിടങ്ങളിലേക്കുള്ള ജലസേചനവും ഉറപ്പാക്കണം. വെള്ളത്തിന്റെ ദുരുപയോഗം കുറക്കണം. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കാതെ സംരക്ഷിക്കണമെന്നും നിർദ്ദേശം നൽകി. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തണം. എളുപ്പത്തില്‍ തീ പിടിക്കുന്ന ചപ്പുചവറുകള്‍ അലക്ഷ്യമായി കൂട്ടിയിടാതിരിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടര്‍ ഇലക്ട്രിക് സര്‍ക്യൂട്ടുകള്‍ എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്ത് പ്രത്യേകശ്രദ്ധ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ചൂട് കൂടുമ്പോള്‍ കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ കൂടുതലാണ് അതുകൊണ്ടുതന്നെ ഫയര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ കുടിവെള്ളത്തിന് സൗകര്യം ഒരുക്കി കുടിവെള്ളത്തിനായി നാട്ടിലേക്ക് വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യോഗത്തില്‍ ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വിദ്യാലയങ്ങളില്‍ കുടിവെള്ളം ഉറപ്പുവരുത്തണം. കുട്ടികളെ വെയിലത്ത് അധികനേരം നിര്‍ത്തുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും വേനല്‍ക്കാല രോഗങ്ങള്‍ വരാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
0 അഭിപ്രായങ്ങള്‍