*പുതുമയായി സേവ്യർ ചിറ്റിലപ്പിള്ളിയുടെ പുതുവത്സരാശംസകൾ*
മണ്ഡലത്തിലെ ജനങ്ങളോട് ആശംസകളറിയിക്കുന്നതോടൊപ്പം വികസിച്ചു കൊണ്ടിരിക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തിൻ്റെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് സേവ്യർ ചിറ്റിലപ്പിള്ളി MLA പുതുവത്സര ആശംസാ കാർഡിനൊപ്പം. നൂറിലധികം പ്രൊജക്റ്റുകളുടെ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണത്തിൻ്റെ 3D എലവേഷനുകളും ചിത്രങ്ങളുമാണ് ഇത്തവണ കാർഡിൻ്റെ ഉൾവശത്ത് ഇടം പിടിച്ചിരിക്കുന്നത്. നാളെയുടെ വടക്കാഞ്ചേരി ഇങ്ങനെയായിരിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയുന്നുണ്ട് ആശംസാ കാർഡിലൂടെ MLA. ഇത്രയും പ്രൊജക്റ്റുകൾ ഒരേ സമയം മണ്ഡലത്തിൽ നടക്കുന്നുണ്ട് എന്നതിൻ്റെ ആത്മവിശ്വാസമാണിത്. വെറും വാഗ്ദാനങ്ങളല്ല, വടക്കാഞ്ചേരിയിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് മുന്നിലേക്ക് കടന്നുവരുന്ന വികസനത്തിൻ്റെ ചെറിയൊരു ഭൂപടമാണ് പുതുവത്സര ആശംസാ കാർഡ്.
പത്തുലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന മെഡിക്കൽ കോളേജിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പുത്തൻ കെട്ടിടങ്ങളിലേക്ക് വളർന്ന സ്കൂൾ കെട്ടിടങ്ങൾ, വടക്കാഞ്ചേരി കോടതി സമുച്ചയം അടക്കം പുത്തൻ കെട്ടിടങ്ങളിലേക്ക് മാറുന്ന നിരവധി ഓഫീസ് കെട്ടിടങ്ങൾ, എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ നിർമ്മിച്ച 16-ഓളം അങ്കണവാടി കെട്ടിടങ്ങൾ അങ്ങനെ നിരവധിയാർന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും 3D ഡിസൈനുകളുമാണ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. *"സന്തോഷം ഇങ്ങനെയാണ് "* എന്ന ക്യാപ്ഷനാണ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കാഞ്ചേരിയുടെ നല്ല നാളെകളിലേക്ക് പുതുവർഷം ആശംസിക്കുകയാണ് എം.എൽ.എ ഈ കാർഡിലൂടെ. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഒരു ചെറു പതിപ്പ് മാത്രമാണ് ഈ ആശംസാ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും, വിശദമായ കണക്കുകളിലേക്കും, ചിത്രങ്ങളിലേക്കും, വീഡിയോയിലേക്കും പ്രവേശിക്കാൻ കഴിയുന്ന ക്യൂ.ആർ. കോഡു കൂടി കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതുമാണ് മറ്റൊരു പ്രത്യേകത. ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ജനങ്ങൾക്ക് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും അറിയാൻ കഴിയും. ശ്രീ. മണികണ്ഠൻ കല്ലാറ്റ് ആണ് ആശംസാ കാർഡുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍