വടക്കാഞ്ചേരി ബൈപ്പാസ്; കിഫ്ബി ടീം പരിശോധനക്കെത്തി.
വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണം ഡിപിആർ സൂക്ഷ്മപരിശോധനക്കായി കിഫ്ബി അപ്രൈസൽ ടീം വടക്കാഞ്ചേരിയിലെത്തി. കിഫ്‌ബി പ്രൊജക്ട് അപ്പ്രൈസൽ ഡിവിഷനിൽ നിന്നും പ്രൊജക്ട് മാനേജർ ടി. രാജീവൻ, റിസോഴ്സ് പേഴ്സൺ കെ. ഹൈദ്രു, പ്രോജക്ട് എഞ്ചിനീയർ സലീൽ .കെ, കെ.ആർ.എഫ്.ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ. ഐ. എന്നിവർ അടങ്ങിയ സംഘമാണ് ബൈപ്പാസ് അലൈൻമെന്റ് പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ എന്നിവർ നിർദ്ദിഷ്ട റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്ന അകമല കാട്ടിലെ ഗേറ്റ് പരിസരത്തെത്തി.
വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഡിപിആർ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതിനെ തുടർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കിഫ്ബി ഹെഡ്ക്വാർട്ടേഴ്സിൽ ആഗസ്റ്റ് 20ന് അവലോകന യോഗം ചേർന്നിരുന്നു. കിഫ്ബി സിഇഒ കെ. എം. അബ്രഹാം സിഎഫ്എ, അഡീഷണൽ സി.ഇ.ഒ. മിനി ആൻ്റണി ഐഎഎസ്, സീനിയർ ജനറൽ മാനേജർ ഷൈല .പി എന്നിവർ പങ്കെടുത്ത യോഗത്തിൽ ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള ധനാനുമതി അടുത്ത കിഫ്‌ബി ബോർഡ് യോഗത്തിൽ തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിഫ്‌ബി ടീം അലൈൻമെന്റ് പ്രദേശത്ത് പരിശോധനക്കെത്തിയത്. പൊതുമരാമത്ത് വകുപ്പ് ഹൈവേ ഡിസൈൻ യൂണിറ്റ് തയ്യാറാക്കിയ 223 കോടി രൂപയുടെ ഡിപിആർ കിഫ്ബിയുടെ പരിഗണനയിലാണ്. ബൈപ്പാസിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് കെ-റെയിൽ തയ്യാറാക്കിയ 27.60 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവേയിൽ നിന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കലിന് ധനാനുമതി ലഭിക്കുന്നതോടെ സങ്കീർണ്ണവും സമയമെടുക്കുന്നതുമായ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കാനാകും. അലൈൻമെന്റ് പ്രദേശങ്ങളിൽ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ ശേഷം സെപ്തംബർ പകുതിയോടെ ബൈപ്പാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അവലോകനയോഗം ചേരുമെന്ന് കിഫ്ബി സിഇഒ കെ. എം. അബ്രഹാം സിഎഫ്എ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രൊജക്ട് മാനേജർ ടി. രാജീവൻ പറഞ്ഞു.
സെപ്തംബർ മാസത്തിലെ കിഫ്ബി ബോർഡ് യോഗത്തിൽ വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ ഡിപിആർ സമർപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ധനാനുമതി നേടിയെടുക്കാനാണ് ശ്രമമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.




0 അഭിപ്രായങ്ങള്‍