മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കുന്നതിനുള്ള ടോപ്പോഗ്രഫിക്കൽ സർവ്വേ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശത്ത് നിലവിലുള്ള റെയിൽവേ ട്രാക്കുകളുടെയും റോഡുകളുടെയും വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ഘടനയും ഗ്രൗണ്ട് ലെവലും ടോപ്പോഗ്രഫിക്കൽ സർവ്വേയിൽ രേഖപ്പെടുത്തും. വയലുകളും തോടുകളും മറ്റു ജലസ്രോതസ്സുകളും ടോപ്പോഗ്രഫിക്കൽ സർവ്വേയുടെ ഭാഗമാകും. സർവ്വേ പൂർത്തിയാക്കി സാങ്കേതിക വശങ്ങളും സാമൂഹിക ആഘാതവും പരിഗണിച്ചാണ് മേൽപ്പാലത്തിൻ്റെ അലൈൻമെന്റ് തയ്യാറാക്കുക.
അലൈൻമെൻ്റ് തയ്യാറായാൽ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) പൂർത്തിയാക്കി റെയിൽവേ അധികൃതർക്ക് സമർപ്പിക്കും. ഈ ജി.എ.ഡി.ക്ക് റെയിൽവേയിൽ നിന്നും അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ അപ്രോച്ച് റോഡിൻ്റെ അലൈൻമെന്റ് അന്തിമമാക്കാനാകൂ. രാജ്യത്താകമാനം ഭൂമി ഏറ്റെടുക്കലിന് ബാധകമായ "ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള ആക്ട്" പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഏറെ സങ്കീർണ്ണവും സമയമെടുക്കുന്നതുമാണ്.
എറണാകുളം - ഷൊർണൂർ സെക്ഷനിൽ റെയിൽവേ പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മൂന്നും നാലും ട്രാക്കുകളുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട് മേൽപ്പാലങ്ങളുടെ രൂപരേഖക്ക് റെയിൽവേയുടെ അംഗീകാരം വൈകുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ നിർദ്ദിഷ്ട മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് പുതിയ ട്രാക്കുകളുമായി ബന്ധപ്പെട്ട ക്ലിയറൻസ് നൽകി ജൂലൈ 23ന് ദക്ഷിണ റെയിൽവേ ഉത്തരവായി.
'ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി - കരുമത്ര റോഡിൽ മാരാത്തുകുന്ന് ലെവൽക്രോസ്സ് നമ്പർ 7 റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് നിർവ്വഹണ ഏജൻസിയായി സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനെ (കെ-റെയിൽ) ചുമതലപ്പെടുത്തി ഏപ്രിലിൽ സംസ്ഥാന സർക്കാർ ഉത്തരവായിരുന്നു.
നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസ് റോഡ് മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ അടിയിലൂടെ കടന്നു പോകുന്ന രീതിയിലാണ് രൂപരേഖ തയ്യാറാക്കുക. മാരാത്തുകുന്ന് റെയിൽവേ ഗേറ്റിൽ നിന്ന് കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയിലേക്കുള്ള ദൂരകുറവും ഗേറ്റിനടുത്തുള്ള കൊടുംവളവും പരിഗണിച്ചുള്ള അലൈൻമെൻ്റാണ് പരിഗണനയിലുള്ളത്. ഓട്ടുപാറയിൽ നിന്നും മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്ന രീതിയിലാണ് പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുന്നതെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍