തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം - അറിയാം ചരിതം.

തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം - അറിയാം ചരിതം.

മദ്ധ്യകേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. പരമാത്മാവായ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും, അനന്തശേഷനാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും, ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ, ക്ഷേത്രത്തിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരം വടക്കുമാറി ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ ഭാരതപ്പുഴയൊഴുകുന്നത് കാണാം. ചുറ്റും നിരവധി കുന്നുകളും മലകളും പാടങ്ങളും കുളങ്ങളും തോടുകളുമുണ്ട്. ഇവ ക്ഷേത്രപരിസരത്തെ ഭൂപ്രകൃതിയ്ക്ക് മാറ്റുകൂട്ടുന്നു. ഇന്നും ഗ്രാമീണത്തനിമയ്ക്ക് കാര്യമായ കോട്ടം തട്ടാതെ നിൽക്കുന്ന പ്രദേശമാണ് തിരുവില്വാമല.

ക്ഷേത്രത്തിൽ, പരസ്പരം അനഭിമുഖമായ രണ്ട് ശ്രീകോവിലുകളിലായാണ് ശ്രീരാമലക്ഷ്മണന്മാർ സാന്നിദ്ധ്യമരുളുന്നത്. ചതുർബാഹു മഹാവിഷ്ണു വിഗ്രഹങ്ങളിലാണ് ഇരുവരുടെയും തേജസ്സുകൾ ആവാഹിച്ചു വച്ചിരിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമായി ശ്രീരാമസ്വാമിയും കിഴക്കോട്ട് ദർശനമായി ശ്രീലക്ഷ്മണസ്വാമിയും വാഴുന്നു. ശ്രീരാമലക്ഷ്മണന്മാർ അനുഗ്രഹ വർഷം ചൊരിയുന്ന ഈ സന്നിധിയിൽ അവരുടെ നിത്യദാസനായ ഹനുമാൻ സ്വാമിയും സാന്നിദ്ധ്യമരുളുന്നുണ്ട്. മഹാഗണപതി, ധർമ്മശാസ്താവ്, ശ്രീ മഹാദേവൻ, പാർവ്വതീദേവി, നാഗദൈവങ്ങൾ, ശ്രീഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പ്രത്യേകം തന്ത്രിമാരും ശാന്തിക്കാരുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് വില്വാദ്രിനാഥക്ഷേത്രം.

ഐതിഹ്യങ്ങൾ

ക്ഷേത്രത്തിന്റെ അടിഭാഗം വലിയൊരു ഗുഹയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അവിടെ ഒരു സ്വർണ്ണവില്വമരം (കൂവളം) ഉണ്ടെന്നും വിശ്വാസമുണ്ട്. തന്മൂലം ഈ സ്ഥലത്തിന് 'വില്വമല' എന്ന പേര് വന്നു. പിന്നീട് വില്വമലയിൽ ദേവസാന്നിദ്ധ്യമുണ്ടായപ്പോൾ 'തിരു' കൂട്ടിച്ചേർത്തു. 'തിരുവില്വമല' കാലാന്തരത്തിൽ തിരുവില്വാമലയായി മാറി. തിരുവില്വാമല സംസ്കൃതീകരിച്ച് 'വില്വാദ്രി'യാക്കി. തുടർന്ന്, പ്രതിഷ്ഠ വില്വാദ്രിനാഥൻ എന്നും അറിയപ്പെട്ടു. അതേ സമയം, 'വിണ്ടമല'യാണ് വില്വമലയായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രമിരിയ്ക്കുന്ന കുന്നാണ് വാസ്തവത്തിൽ വില്വാദ്രി. എന്നാൽ, അടുത്തുള്ള മൂരിക്കുന്ന്, ഭൂതന്മല എന്നീ മലകളെയും ഇതിനോടൊപ്പം ചേർത്ത് വില്വാദ്രിയായി കണ്ടുവരുന്നുണ്ട്. പണ്ട്, ഇതെല്ലാം ഒറ്റമലയായിരുന്നുവെന്നും, പിന്നീട് വിള്ളലുണ്ടായപ്പോൾ പ്രത്യേക മലകളായതാണെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള സരസ്വതിക്കുണ്ടിലും മറ്റും കാണുന്ന വിള്ളലുകൾ ഇതിന്റെ സൂചനയാണ്.

വിഗ്രഹ പ്രതിഷ്ഠകൾ

ഇരുപത്തൊന്ന് വട്ടം ക്ഷത്രിയകുലത്തെ മുടിച്ച മഹാപാപത്തിൽ നിന്ന് മുക്തിനേടുവാൻ പരശുരാമൻ കടലിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത് ബ്രാഹ്മണർക്ക് നൽകി. അവർക്ക് ആരാധന നടത്തുവാൻ നൂറ്റെട്ട് ശിവാലയങ്ങളും, നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും, അഞ്ച് ശാസ്താക്ഷേത്രങ്ങളും, ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. തുടർന്ന് അദ്ദേഹം അവിടെത്തന്നെ കഠിന തപസ്സിൽ മുഴുകി. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഏതാനും പിതൃക്കൾ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: അങ്ങ് നടത്തിയ അതിഭീകരമായ കൂട്ടക്കൊലയിലൂടെ ധാരാളം നിർഗ്ഗതിപ്രേതങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് മോക്ഷം കിട്ടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അവർ നാടുമുഴുവൻ നടന്ന് പ്രശ്നങ്ങളുണ്ടാക്കും. പിന്നെ രക്ഷയില്ല.' തുടർന്ന് നല്ലൊരു വഴി കിട്ടാനായി പരശുരാമൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു. അപ്പോൾ അദ്ദേഹത്തിന് ഒരു അശരീരിയുണ്ടായി. ഉടനെ വില്വാദ്രിയിലെത്താനായിരുന്നു അത്. അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ വരവേറ്റത് ശിവഭൂതഗണങ്ങളായിരുന്നു. അവരിൽ നിന്ന് ഭഗവാൻ ശിവൻ അവിടെയെത്തിയ വിവരമറിഞ്ഞ പരശുരാമൻ ഉടനെ ഭഗവാന്റെ അടുക്കൽ പോയി അദ്ദേഹത്തെക്കണ്ട് നമസ്കരിച്ചു. താൻ കാരണം പ്രേതങ്ങളായി മാറിയ ക്ഷത്രിയർക്ക് മോക്ഷം കിട്ടാൻ ഒരു മാർഗ്ഗം പറഞ്ഞുതരണം എന്ന് പരശുരാമൻ ശിവനോട് അഭ്യർത്ഥിച്ചു. അപ്പോൾ ശിവൻ, കൈലാസത്തിൽ താൻ പൂജിച്ചിരുന്ന പരമപവിത്രമായ വിഷ്ണുവിഗ്രഹം പരശുരാമന് സമ്മാനിച്ചു. പരശുരാമൻ അത് പ്രേത ങ്ങൾക്ക് ദർശനം കിട്ടാൻ പാകത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പ്രേതങ്ങളെ വിളിച്ച അദ്ദേഹം അവർക്ക് ഭഗവദ്ദർശനം കൊടുത്തു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നത്.

പടിഞ്ഞാറേ നട

ഏതാണ്ടിതേ സമയത്തു തന്നെ കശ്യപമഹർഷിയുടെ പുത്രനായ ആമലകമഹർഷി മഹാവിഷ്ണുവിനെ മനസ്സിൽ കണ്ട് ഇവിടെ കഠിനതപസ്സ് തുടങ്ങി. 'ആമലകം' എന്ന സംസ്കൃതപദത്തിന് നെല്ലിക്ക എന്നാണർത്ഥം. മഹർഷി നെല്ലിക്ക മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂവത്രേ! തന്മൂലം, 'ആമലകൻ' എന്ന പേര് അദ്ദേഹത്തിന് വന്നു. ക്ഷേത്രത്തിന്റെ താഴെയുള്ള സരസ്വതിക്കുണ്ടിലിരുന്നാണ് ആമലകമഹർഷി തപസ്സനുഷ്ഠിച്ചത്. ഈ തപസ്സ് കണ്ട് അമ്പരന്നു പോയ ഇന്ദ്രാദിദേവകൾ തങ്ങളിൽ നിന്ന് സ്വർഗ്ഗാധിപത്യം തട്ടിയെടുക്കാനായിരിയ്ക്കും ശ്രമമെന്ന് വിചാരിച്ചു. അവർ തപസ്സ് മുടക്കാൻ ദേവലോക സുന്ദരിമാരെ മുഴുവൻ പറഞ്ഞയച്ചു. കൂടാതെ വേറെയും ചില വിക്രിയകൾ അവർ നടത്തി. പക്ഷേ, ഫലമുണ്ടായില്ല. തുടർന്ന് അവർ കാര്യം ആരായാൻ കശ്യപമഹർഷിയെത്തന്നെ ശരണം പ്രാപിച്ചു. തന്റെ പുത്രന് സ്വർഗ്ഗാധിപത്യത്തിലൊന്നും മോഹമില്ലെന്നും, ശുദ്ധമായ ഭക്തി മാത്രമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതറിഞ്ഞതോടെ ദേവന്മാർക്ക് ആശ്വാസമായി. എന്നാൽ, ഇത്തവണ ഭീതി അസുരന്മാർക്കായി. അവരും തപസ്സ് മുടക്കാൻ ചില വിക്രിയകൾ കാണിച്ചു. പക്ഷേ, ഒന്നും ഫലിച്ചില്ല. തുടർന്ന് അവരെല്ലാവരും കൂടി മഹർഷിയുടെയടുത്തു തന്നെയെത്തി. പിന്നെയും ചില വിക്രിയകൾ അവർ അദ്ദേഹത്തിനുമേൽ നടത്തി. ഇത്തവണ അവരുടെ ഉദ്ദേശ്യം നടന്നു. എന്നാൽ, അത് അവർക്ക് തന്നെ വിനയായി. മഹർഷി കണ്ണുതുറന്നു. അഗ്നിജ്വാലകൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും വർഷിച്ചു. അസുരന്മാരിൽ നല്ലൊരു ഭാഗം തീയിൽ വെന്തുമരിച്ചു; ശേഷിച്ച ചിലർ വിഷപ്പുകയേറ്റ് ശ്വാസം മുട്ടിയും. അവരെല്ലാവരും കൂടി ഒരു ഊക്കൻ പാറയായി മാറി. അതാണ് ഇന്ന് ക്ഷേത്രത്തിനടുത്തുകാണുന്ന രാക്ഷസപ്പാറ. ഇതിന്റെ ചുവട്ടിലാണ് പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം. ആമലകൻ തപസ്സുതുടർന്നു. അദ്ദേഹത്തിന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ മഹാവിഷ്ണു തന്റെ കിടക്കയായ ആദിശേഷനെ വെൺകൊറ്റക്കുടയാക്കി, ഇരുവശത്തും പത്നിമാരായ ശ്രീദേവിയെയും, ഭൂമീദേവിയെയും ചേർത്തുപിടിച്ച് അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. എന്ത് ആഗ്രഹം വേണമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ ഭഗവാന്റെ സാന്നിദ്ധ്യം എന്നും ആ നാട്ടിൽ കുടികൊള്ളണമെന്നായിരുന്നു ആമലകന്റെ മറുപടി. തുടർന്ന്, ഭഗവാൻ അവിടെ അഞ്ജനശിലയിൽ ദേവിമാർക്കും, അനന്തനുമൊപ്പം സ്വയംഭൂവായി ക്ഷേത്രത്തിൽ കുടികൊണ്ടു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നത്.

ശ്രീരാമ ലക്ഷ്മണ സങ്കല്പങ്ങൾ

മേല്പറഞ്ഞ കഥകൾ നാരദപുരാണത്തിലെ 'വില്വാദ്രി മാഹാത്മ്യം' എന്ന കഥയിൽ നിന്ന് എടുത്തതാണ്. രാമായണം പോലെ ഉമാമഹേശ്വരസംവാദരൂപത്തിലാണ് ഇതും എഴുതിയിരിയ്ക്കുന്നത്. ഇവയനുസരിച്ച് ക്ഷേത്രത്തിലെ രണ്ട് പ്രധാനപ്രതിഷ്ഠകളും വാസ്തവത്തിൽ മഹാവിഷ്ണുവാണ്. എന്നാൽ, കാലാന്തരത്തിൽ പടിഞ്ഞാറേ നടയിലെ പ്രതിഷ്ഠയെ ശ്രീരാമനായും കിഴക്കേ നടയിലെ പ്രതിഷ്ഠയെ ലക്ഷ്മണനായും കണ്ടുതുടങ്ങി. അവയ്ക്കു പിന്നിലും ചില കഥകളുണ്ട്. അവയിലൊന്ന് ഇങ്ങനെ:

ആമലകമഹർഷി ശ്രീരാമനാമം ജപിയ്ക്കുന്നതിൽ പ്രത്യേകനിഷ്ഠ പാലിച്ചുപോയിരുന്ന ഒരു പുണ്യാത്മാവായിരുന്നു. അദ്ദേഹം നിത്യവും പടിഞ്ഞാറേ നടയിലെ വിഗ്രഹത്തിനു മുന്നിലിരുന്ന് രാമനാമം ജപിയ്ക്കുമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ ശിഷ്യരും പടിഞ്ഞാറേ നടയിൽ രാമനാമജപം തുടർന്നുവന്നു. അങ്ങനെ പടിഞ്ഞാറേ നടയിലെ പ്രതിഷ്ഠ ശ്രീരാമനാണെന്ന് ഭക്തർക്കിടയിൽ ഒരു ധാരണ പടർന്നു. പടിഞ്ഞാറേ നടയിൽ ശ്രീരാമനാണെങ്കിൽ കിഴക്കേ നടയിൽ അദ്ദേഹത്തിന്റെ അനുജനും സന്തതസഹചാരിയുമായ ലക്ഷ്മണനാണെന്നും ഭക്തർ വിശ്വസിച്ചുവന്നു.

മറ്റൊരു കഥ: കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായ കഥകളിയുമായി ബന്ധപ്പെട്ടാണ്. കഥകളിയുടെ ആദിമരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവായിരുന്ന കൊട്ടാരക്കര തമ്പുരാൻ രചിച്ച ആട്ടക്കഥയുടെ ആരംഭത്തിലെ ഒരു ശ്ലോകത്തിൽ വില്വാദ്രിനാഥനായ ശ്രീരാമനെ സ്തുതിയ്ക്കുന്നുണ്ട്. ഇന്നും കേരളത്തിലെ, വിശിഷ്യാ മലബാറിലെ കഥകളി ഗായകർ ആരംഭത്തിൽ ചൊല്ലാറുള്ള ശ്ലോകങ്ങളിലൊന്നാണിത്. തിരുവില്വാമലയിൽ കൊട്ടാരക്കര തമ്പുരാൻ പോയിട്ടില്ലെന്നും, എന്തോ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹം ഈ ശ്ലോകം രചിച്ചതെന്നും പറയപ്പെടുന്നു. എന്നാലും, ഇത് കേരളത്തിലെ കഥകളിയരങ്ങുകളിൽ പാടിക്കേട്ടതോടെ തിരുവില്വാമലയിലെ പ്രതിഷ്ഠ ശ്രീരാമനാണെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിച്ചുതുടങ്ങി.

കേരളത്തിന്റെ മറ്റൊരു തനതുകലാരൂപമായ ചാക്യാർകൂത്തുമായി ബന്ധപ്പെട്ടാണ് അടുത്ത കഥ. പണ്ടുകാലത്ത് തിരുവില്വാമല ക്ഷേത്രത്തിൽ വർഷത്തിൽ കുംഭമാസത്തിലെ കറുത്ത ഏകാദശിയോടനുബന്ധിച്ച് പന്ത്രണ്ടു ദിവസവും ചാക്യാർകൂത്തുണ്ടാകുമായിരുന്നു. ക്ഷേത്രത്തിൽ കൂത്തമ്പലമില്ലാത്തതിനാൽ കിഴക്കേ നടയിലെ തെക്കേത്തളത്തിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിലാണ് കൂത്ത് അവതരിപ്പിച്ചിരുന്നത്. അക്കാലത്ത് ദ്വിജന്മാർ (പൂണൂൽ ധരിച്ചവർ) മാത്രമേ കൂത്ത് ഇരുന്നുകാണുകയുള്ളൂ. മറ്റുള്ളവർ നിന്നുകാണും. കൂത്തിൽ ചാക്യാർക്ക് ആരെ വേണമെങ്കിലും വിമർശിയ്ക്കാം. കാണികൾക്ക് കേട്ടിരിയ്ക്കുകയേ നിവൃത്തിയുള്ളൂ.

ഒരിയ്ക്കൽ, ക്ഷേത്രത്തിൽ സ്ഥിരമായി കൂത്ത് അവതരിപ്പിച്ചിരുന്ന ചാക്യാർക്ക് എന്തോ കാരണം കൊണ്ട് വരാൻ കഴിയാതെയായി. പകരം, ചെറുപ്പക്കാരനായ ഒരു ചാക്യാർ കടന്നുവന്നു. സ്ഥിരം ചാക്യാരെപ്പോലെ അയാളും വലിയ കലാകാരനും പണ്ഡിതനുമായിരുന്നു. എന്നാൽ, ലോകത്ത് സകലത്തിനെയും പുച്ഛിയ്ക്കുന്ന ഒരുതരം പ്രകൃതിയായിരുന്നു അയാൾ. കൂത്തുസമയത്ത് കാണുന്നവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിയ്ക്കാൻ പോലും അയാൾ മുതിർന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അയാളുടെ അവതരണ രീതി കാരണം ആരും കൂത്തിന് വരാതെയായി. അപ്പോൾ അയാൾ ഭഗവാനുനേരെ തിരിഞ്ഞു. ഒരു ഘട്ടത്തിൽ, രാമായണത്തിൽ സേതുബന്ധനത്തിന് തൊട്ടുമുമ്പുള്ള രംഗത്തിൽ, ശ്രീരാമൻ ലക്ഷ്മണനോട് അമ്പും വില്ലും കൊണ്ടുവരാൻ അഭ്യർത്ഥിച്ചുകൊണ്ട് കോപാന്ധനായി നിൽക്കുന്ന ഭാഗം അവതരിപ്പിച്ചശേഷം തദവസരത്തിലെ വരുണനെ അവതരിപ്പിയ്ക്കുമ്പോൾ ചാക്യാർ ശ്രീരാമനെ വളരെ മോശമായ രീതിയിൽ ചിത്രീകരിയ്ക്കുന്ന വാക്കുകൾ പറഞ്ഞു. അപ്പോൾ, 'അമ്പും വില്ലും ഇതാ ഞാൻ കൊണ്ടുവരുന്നു' എന്നൊരു അശരീരി കിഴക്കേ നടയിലെ ശ്രീകോവിലിൽ നിന്ന് മുഴങ്ങി. ഇതുകേട്ട സ്ഥലത്തെ പ്രമാണിമാർ ഉടനെ സ്ഥലം വിടാനൊരുങ്ങി. ദുഷ്ടനായ ചാക്യാരുടെ അവതരണം കേട്ടിരുന്ന കുറ്റം പൊറുത്ത് രക്ഷിയ്ക്കണേ എന്ന പ്രാർത്ഥനയായിരുന്നു അപ്പോൾ അവരുടെ ചുണ്ടുകളിൽ. കാര്യങ്ങളുടെ കിടപ്പ് ശരിയല്ലെന്ന് മനസ്സിലാക്കിയ ചാക്യാർ ഉടനെ വേഷമഴിയ്ക്കാതെ ഓടാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞ്, തന്റെ പിന്നിൽ ആരുമില്ലെന്ന് സ്ഥിരീകരിച്ച ചാക്യാർ തന്റെ വേഷമഴിച്ചു. അവിടം പിന്നീട് 'മുടിയഴിപ്പൻപറമ്പ്' എന്നറിയപ്പെട്ടു. മറ്റുചിലർ പറയുന്നത് ചാക്യാർക്ക് അതോടെ ചിത്തഭ്രമം പിടിപെടുകയും തുടർന്ന് അയാളെ ചങ്ങലയ്ക്കിടുകയും ഒരുവർഷം കഴിഞ്ഞ് അയാൾ മരിയ്ക്കുകയും ചെയ്തുവെന്നുമാണ്. ഭ്രാന്തുവന്നപ്പോൾ അയാൾ പലതവണ 'അയ്യോ കുരങ്ങൻ വരുന്നേ' എന്ന് നിലവിളിച്ചതായും ആ കുരങ്ങൻ സാക്ഷാൽ ആഞ്ജനേയൻ തന്നെയായിരുന്നതായും അവർ പറയുന്നു. ഈ കഥ പിന്നീട് മറ്റു ചാക്യാന്മാർ വഴി കേരളമെമ്പാടും പ്രചരിച്ചു. അങ്ങനെ ഭക്തർ കിഴക്കേ നടയിൽ ലക്ഷ്മണനും പടിഞ്ഞാറേ നടയിൽ ശ്രീരാമനുമാണെന്ന് വിശ്വസിച്ചു തുടങ്ങി. കിഴക്കേ നടയിലെ ബിംബം വലതുകാൽ പൊക്കിയ നിലയിലാണ് ഇന്ന് കാണപ്പെടുന്നത്. ഇത് കൂത്തുസമയത്തുണ്ടായതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അന്നുമുതൽ, ക്ഷേത്രത്തിൽ ചാക്യാർകൂത്തില്ല. പകരം നങ്ങ്യാർകൂത്താണ് നടന്നുവരുന്നത്.

പുനർജ്ജനി ഗുഹ

ക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റർ തെക്കുകിഴക്കുമാറി ഭൂതന്മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഗുഹയാണ് പുനർജ്ജനി ഗുഹ. 150 മീറ്റർ നീളം വരുന്ന ഈ ഗുഹ താണ്ടിക്കടക്കാൻ വളരെ സമയമെടുക്കും. തിരുവില്വാമലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇതെങ്കിലും വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. ഐതിഹ്യപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവ് പരശുരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ് ഈ ഗുഹ. ഇതിനുപിന്നിലും ഒരു ഐതിഹ്യകഥയുണ്ട്. അതിങ്ങനെ:

മഹാവിഷ്ണു ദർശനം കിട്ടിയെങ്കിലും പ്രേതങ്ങൾക്ക് മോക്ഷം ലഭിച്ചില്ല. ഇക്കാരണത്താൽ ദുഃഖിതനായ പരശുരാമൻ പരിഹാരമാരായാൻ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ടു. അദ്ദേഹം പരശുരാമനോട് ഇങ്ങനെ പറഞ്ഞു:

അല്ലയോ ഭാർഗ്ഗവാ, പ്രേതങ്ങൾ ഒരുപാട് ജന്മങ്ങൾ എടുത്തുകഴിഞ്ഞവരാണ്. കർമ്മം കാരണമാണ് ജന്മമുണ്ടാകുന്നത്. കർമ്മമൊടുങ്ങിയാൽ മാത്രമേ മോക്ഷം കിട്ടൂ.

തുടർന്ന് പരശുരാമൻ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ദേവേന്ദ്രനും, ബൃഹസ്പതിയ്ക്കുമൊപ്പം വില്വാദ്രിയിലെത്തി. എന്നാൽ, പ്രേതസാന്നിദ്ധ്യം ഒരിയ്ക്കലും ക്ഷേത്രത്തിനടുത്തുണ്ടാകാൻ പാടില്ലെന്ന് പരശുരാമൻ പറഞ്ഞപ്പോൾ വിശ്വകർമ്മാവ് ഉടനെ അനുയോജ്യമായ സ്ഥലമന്വേഷിച്ച് പുറപ്പെട്ടു. അവർ അങ്ങനെ ഈ മലയിലെത്തി. തുടർന്ന് ഒരു സ്ഥലത്ത് വിശ്വകർമ്മാവിന് ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം അനുഭവപ്പെടുകയും ബൃഹസ്പതി പൂജകൾ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ഭൂതന്മലയുടെ അടിവാരത്ത് പരശുരാമൻ വിഘ്നനിവാരണത്തിനായി 'ഗണപതി തീർത്ഥം' നിർമ്മിച്ചു. ഗുഹയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം 'പാപനാശിനി' (ഇതേ പേരിൽ തിരുനെല്ലിയിൽ ചെറിയൊരു നദിയുമുണ്ട്), 'പാതാളതീർത്ഥം' എന്നിങ്ങനെ വേറെയും രണ്ട് തീർത്ഥങ്ങൾ നിർമ്മിച്ചുകഴിഞ്ഞിരുന്നു. ദേവേന്ദ്രൻ അമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിച്ചു. അത് തന്മൂലം 'അമ്പുതീർത്ഥം' എന്ന് അറിയപ്പെടാൻ തുടങ്ങി. ദേവേന്ദ്രന്റെ വാഹനമായ ഐരാവതം തന്റെ കൊമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിയ്ക്കുകയും അത് തന്മൂലം 'കൊമ്പുതീർത്ഥം' എന്ന് അറിയപ്പെടുകയും ചെയ്തു. ശിവശിരസ്സിൽ നിന്നും വിഷ്ണു പാദത്തിൽ നിന്നും ഗംഗാതീർത്ഥം കൊണ്ടുവന്ന് പരശുരാമൻ അവയിൽ നിറച്ചു. തുടർന്ന്, നിർമ്മാണം തിരുവില്വാമല പരശുരാമൻ അവരോട് ഇങ്ങനെ പറഞ്ഞു:

വർഷത്തിൽ ഒരു ദിവസം - വൃശ്ചികമാസത്തിൽ വെളുത്തപക്ഷത്തിലെ ഏകാദശിനാൾ - അന്നുമാത്രമേ ഈ ഗുഹയ്ക്കകത്ത് മനുഷ്യർക്ക് പ്രവേശനമുള്ളൂ. മറ്റ് ദിവസങ്ങൾ പ്രേതങ്ങൾക്കുള്ളതാണ്. മാത്രവുമല്ല, നൂഴാൻ വരുന്നവർ വ്രതനിഷ്ഠയോടുകൂടിയായിരിയ്ക്കണം വരേണ്ടത്.

ബ്രാഹ്മണരെത്തിയ ദിവസം പരശുരാമൻ പറഞ്ഞ ആ ദിനം തന്നെയായിരുന്നു! അവർ എല്ലാ നിഷ്ഠകളോടെയാണ് സ്ഥലത്തെത്തിയത്. തുടർന്ന് അവരും ഗുഹയിലൂടെ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.

ഈ ഗുഹയെ മഹാഭാരതവുമായി ബന്ധിപ്പിയ്ക്കുന്ന ഒരു ഐതിഹ്യകഥയും പ്രചാരത്തിലുണ്ട്. അതിങ്ങനെ: കുരുക്ഷേത്രയുദ്ധത്തിനു ശേഷം പഞ്ചപാണ്ഡവർ തങ്ങളുടെ പൂർവ്വികർക്കും യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധുക്കൾക്കും ബലിയിടാനായി തിരുവില്വാമല ദേശത്തു വന്നിരുന്നു. കൂടാതെ, തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി നേടാനായി അവർ പുനർജ്ജനി നൂഴൽ നടത്തുകയും ചെയ്തു. ഒപ്പം, ചില ക്ഷേത്രങ്ങളും ഇവർ നിർമ്മിച്ച് പ്രതിഷ്ഠാകർമ്മങ്ങൾ നടത്തി. അവ ഐവർമഠം ശ്രീകൃഷ്ണക്ഷേത്രവും ('ഐവർ' എന്നാൽ അഞ്ചുപേർ. പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയതെന്ന അർത്ഥത്തിൽ ആ പേരുവന്നു) സോമേശ്വരം, കോതക്കുറുശ്ശി ശിവക്ഷേത്രങ്ങളുമായിരുന്നു.

ഗുരുവായൂർ ഏകാദശി നാളിലെ പ്രസിദ്ധമായ നൂഴൽ മഹോത്സവത്തിന് വളരെ കടുത്ത അനുഷ്ഠാനങ്ങളാണുള്ളത്. നൂഴുന്ന ഭക്തർ തലേദിവസം (ദശമി) തന്നെ ക്ഷേത്രത്തിലെത്തുകയും അന്നേദിവസം വ്രതമനുഷ്ഠിച്ച് ക്ഷേത്രത്തിൽത്തന്നെ കഴിച്ചുകൂട്ടുകയും വേണം. ഏകാദശി നാളിൽ പുലർച്ചെ നാലുമണിയ്ക്ക് ക്ഷേത്രത്തിലെ ശാന്തിക്കാർ വടക്കുഭാഗത്തെ ഭഗവതിച്ചിറയിൽ കുളികഴിഞ്ഞെത്തി നടതുറക്കുകയും തുടർന്ന് ഗുഹാമുഖത്തെത്തി ചില വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. നൂഴൽക്കാർ ക്ഷേത്രദർശനം നടത്തി കിഴക്കേ നടയിലൂടെ പുറത്തുകടന്ന് ഗണപതി തീർത്ഥം വരെ ചെല്ലുകയും അവിടെ കുളിയ്ക്കുകയും വേണം. തുടർന്ന് പാപനാശിനി, പാതാളതീർത്ഥം, അമ്പുതീർത്ഥം, കൊമ്പുതീർത്ഥം എന്നിവയിലും കുളിച്ച് ഈറനോടെ ഗുഹാമുഖത്തെത്തണം. രാമേശ്വരത്തെ ചില തീർത്ഥങ്ങൾ പോലെ ഇവ ചെറുതും വലുതുമായ കിണറുകളാണ്. ഇവയിൽ നിന്ന് വെള്ളം കോരി തലയിലൊഴിച്ചാണ് ഭക്തർ കുളിയ്ക്കാറുള്ളത്. ഗുഹാമുഖത്ത് ഏകദേശം ആറടി ഉയരമുണ്ട്. അതിനാൽ, സാധാരണ ഉയരമുള്ള ഏതൊരാൾക്കും ഇതിനകത്തുകൂടെ നിഷ്പ്രയാസം നടന്നുപോകാം. കുറച്ചുകഴിഞ്ഞാൽ, തലതാഴ്ത്തി നടക്കേണ്ടിവരും. വീണ്ടും കുറച്ചുകൂടിപ്പോയാൽ ഇരുന്നുനിരങ്ങേണ്ട സ്ഥലങ്ങളെത്തും. പിന്നെയും കുറച്ചുപോയാലാണ് ശരിയ്ക്കും നൂഴൽ തുടങ്ങുന്നത്. ചിലയിടങ്ങളിൽ വായുസഞ്ചാരവും വെളിച്ചവും തീരെയില്ല. അതുകൊണ്ട് ഒരാൾക്ക് മുന്നിലും പിന്നിലുമുള്ള ആളുകളുടെ സഹായത്തോടെമാത്രമേ പോകാൻ കഴിയൂ. അവസാനം, കുറച്ച് പടിക്കെട്ടുകൾ കൂടി കടന്നുകിട്ടിയാൽ ഒരാൾക്ക് പുറത്തുകടന്ന് വീണ്ടും പാപനാശിനിയിൽ കുളിയ്ക്കാൻ പോകാം. ഭക്തിയോടൊപ്പം അപാരമായ മനഃസാന്നിദ്ധ്യം കൂടിയുണ്ടെങ്കിലേ പുനർജ്ജനി നൂഴ്ന്നുകടക്കാൻ പറ്റൂ. അതിനാൽ, സാധാരണക്കാർ ഈ ശ്രമത്തിന് മുതിരാറില്ല. ഗുഹയ്ക്കകത്ത് കടുത്ത ഇരുട്ടും ഭീകരതയുമുണ്ടായിട്ടും ഇഴജന്തുക്കളോ ക്രൂരമൃഗങ്ങളോ ഇല്ലാത്തത് അത്ഭുതമാണ്. കൂടാതെ, ഇതിനകത്തുകിടന്ന് ആരും മരിച്ചതായും കേട്ടിട്ടില്ല. പുരുഷന്മാർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ.

1861-ൽ ക്ഷേത്രത്തിൽ ഒരു വൻ അഗ്നിബാധയുണ്ടായി. അതിനുശേഷം ക്ഷേത്രം നവീകരിച്ചപ്പോൾ ഇതേപോലൊരു ഗുഹ പടിഞ്ഞാറേ നടയിലും പ്രത്യക്ഷപ്പെട്ടു. ചിലർ ഇതും നൂഴ്ന്നുകടക്കാൻ ശ്രമിച്ചെങ്കിലും അനന്തമായ പടികളും കൂരിരുട്ടും കാരണം ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇതുവഴിയുള്ള രഹസ്യമാർഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിലെത്താം എന്നൊരു വിശ്വാസമുണ്ട്.

ശൈവചൈതന്യം. പടിഞ്ഞാറേ നടയിലെ വിഗ്രഹത്തിൽ അല്പം ശൈവചൈതന്യവുമുള്ളതായി വിശ്വസിച്ചുപോരുന്നു. അതിനു പിന്നിലുമുണ്ട് രസകരമായ ഒരു കഥ. അതിങ്ങനെ: തിരുവില്വാമലയിൽ, പരമപവിത്രമായ വിഷ്ണു വിഗ്രഹങ്ങൾ വഴി വൈഷ്ണവചൈതന്യം അത്യധികം വർദ്ധിച്ചു. ഗ്രാമം മുഴുവൻ സമ്പദ്സമൃദ്ധമായി. ജനങ്ങളെല്ലാവരും വളരെയധികം ക്ഷേമത്തോടെയും ഐശ്വര്യത്തോടെയും കഴിഞ്ഞുകൂടി. ഈ സംഭവങ്ങൾ അസുരന്മാരെ ഒരുപാട് ഭയപ്പെടുത്തി. അവർ വിഗ്രഹങ്ങൾ തകർക്കാനായി കുംഭാനസൻ എന്നൊരു രാക്ഷസനെ പറഞ്ഞുവിട്ടു. കുംഭാനസൻ ഒരു സാധുബ്രാഹ്മണന്റെ രൂപത്തിലാണ് തിരുവില്വാമലയിലെത്തിയത്. അന്ന് ക്ഷേത്രത്തിൽ വരുന്ന ബ്രാഹ്മണർക്ക് വിശേഷാൽ ഊട്ടുണ്ടായിരുന്നു. പകൽ സമയത്ത് കുംഭാനസനും ഇവർക്കൊപ്പം കൂടി. എന്നാൽ, അമ്പലത്തിലെ ഊണുകൊണ്ടുമാത്രം അയാളുടെ വിശപ്പടങ്ങിയില്ല. രാത്രി, എല്ലാവരും ഉറങ്ങിയശേഷം അയാൾ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ പശുക്കളെയും ഉറങ്ങിക്കിടക്കുന്ന ബ്രാഹ്മണരെയും വരെ കൊന്നുതിന്നുകയും അവരുടെ എല്ലുകൾ വടക്കുഭാഗത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. അങ്ങനെ ആ സ്ഥലം മുഴുവൻ ഒരു കുന്നായിമാറി. അതാണ് ക്ഷേത്രത്തിന് വടക്കുഭാഗത്തെ മൂരിക്കുന്ന്. ഓരോ ദിവസവും പശുക്കളുടെയും ബ്രാഹ്മണരുടെയും എണ്ണം കുറഞ്ഞുവരുന്നത് അധികാരികളുടെ ശ്രദ്ധയിൽ പെട്ടെങ്കിലും യഥാർത്ഥകാരണം കണ്ടുപിടിയ്ക്കാൻ അവർക്കാർക്കുമായില്ല. വല്ല രക്ഷസ്സുമായിരിയ്ക്കും കൊന്നുതിന്നുന്നതെന്നായിരുന്നു അവരുടെ നിഗമനം. രാക്ഷസന്റെ ക്രൂരതകൾ വീണ്ടും തുടർന്നു. പകൽ സമയത്ത് ഒരു സാധുവിനെപ്പോലെ പെരുമാറുന്ന അയാളുടെ തനിസ്വഭാവം ആർക്കുമറിയുമായിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. കുംഭമാസത്തിലെ കറുത്ത ഏകാദശിദിവസം സമാഗതമായി. തന്റെ ലക്ഷ്യം നടപ്പിലാക്കാൻ ഏറ്റവും ഉചിതമായ ദിവസം അന്നുതന്നെയെന്ന് കുംഭാനസൻ തീരുമാനിച്ചു. രാത്രി നടയടച്ച്, എല്ലാവരും ഉറങ്ങിയശേഷം അയാൾ ശ്രീകോവിൽ നട തള്ളിത്തുറന്ന്, തൂണുകൾ അടിച്ചു തകർത്ത് വിഗ്രഹം പിഴുതെടുക്കാൻ ശ്രമിച്ചു. അപ്പോൾ തൂണിൽ നിന്ന് നരസിംഹസ്വരൂപനായ ഭഗവാൻ പുറത്തുചാടുകയും ഹിരണ്യകശിപുവിനെ കൊന്നതുപോലെ മാറുകീറിപ്പിളർന്നു കൊല്ലുകയും ചെയ്തു. എന്നിട്ടും ഭഗവാന്റെ കോപം അടങ്ങിയില്ല. ശബ്ദകോലാഹലങ്ങളെല്ലാം കേട്ട് ഉണർന്നു വന്ന ഭക്തന്മാരിൽ ചിലർ കാഴ്ച കണ്ട് ബോധരഹിതരായി. മറ്റു ചിലർ നമസ്കരിച്ചു കിടന്ന് വിഷ്ണുസ്തോത്രങ്ങൾ ചൊല്ലി. ആർക്കും ഭഗവാന്റെ ഭയാനകരൂപം കാണാൻ ധൈര്യമുണ്ടായില്ല. ആ സമയത്ത് അവിടെയെത്തിയ ഒരു ദിവ്യനാണ് ഭഗവാനെ സ്തുതിഗീതങ്ങളിലൂടെ ശാന്തനാക്കിയത്. തുടർന്ന്, കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അല്പം ശൈവചൈതന്യവും വിഗ്രഹത്തിൽ ചേർത്ത് ഭഗവാൻ ശങ്കരനാരായണഭാവം സ്വീകരിച്ചു. ഇന്നും, ശിവന് വിശേഷപ്പെട്ട ദിവസങ്ങളായ തിങ്കളാഴ്ച, ശിവരാത്രി, പ്രദോഷവ്രതം, തിരുവാതിര തുടങ്ങിയ ദിവസങ്ങളിൽ തിരുവില്വാമലയിൽ വൻ ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. വിഗ്രഹത്തിന് പുറകിൽ പിൻവിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. കൂടാതെ, വില്വപത്രങ്ങൾ കൊണ്ട് ഭഗവാന് പുഷ്പാഞ്ജലിയുമുണ്ടാകാറുണ്ട്. ഭഗവാനെ ശാന്തനാക്കിയ ആ ദിവ്യൻ വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍