കേരള കൗമുദി ദേശീയ ശുചിത്വ റാങ്കിംഗിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അർഹിക്കും വിധം അഭിനന്ദിച്ചുകൊണ്ടും ഈ നേട്ടത്തിന് പിന്നിൽ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടത്തിയ പ്രവർത്തനത്തെ മറയില്ലാതെ അംഗീകരിച്ചുകൊണ്ടുമാണ് മുഖപ്രസംഗം എഴുതിയിട്ടുള്ളത്. മലയാള മനോരമയും ശുചിത്വറാങ്കിംഗിലെ കേരളത്തിന്റെ പ്രകടനത്തെ മുൻനിർത്തി മുഖപ്രസംഗമെഴുതുകയുണ്ടായി. രണ്ട് മുഖപ്രസംഗങ്ങൾക്കും നന്ദി. ഇരുപത്രങ്ങളും മുഖപ്രസംഗങ്ങളിലൂടെ ചൂണ്ടിക്കാട്ടിയ വിമർശനങ്ങളെ അർഹമായ ഗൌരവത്തിൽ തന്നെ കാണുമെന്നറിയിക്കട്ടെ. അവശേഷിക്കുന്ന കുറവുകൾ പരിഹരിക്കാനുള്ള കഠിനശ്രമം വിട്ടുവീഴ്ചയില്ലാതെ തുടരുകയും ചെയ്യും. ദേശാഭിമാനി, മാതൃഭൂമി, ദി ഹിന്ദു, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 24 ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും കേരളത്തിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് നല്ല വാർത്തകൾ കൊടുത്തിരുന്നു, അവർക്കും നന്ദി.
മലയാളമനോരമയുടെ മുഖപ്രസംഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾക്കൊപ്പം ഈ മാറ്റമുണ്ടാക്കാനായി കേരളത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തെ ഒരൊറ്റ വരി കൊണ്ടെങ്കിലും അംഗീകരിച്ചിരുന്നുവെങ്കിൽ ഉചിതമാകുമായിരുന്നു എന്ന അഭിപ്രായം കൂടി രേഖപ്പെടുത്തട്ടെ. പക്ഷെ, മനോരമ ന്യൂസ് ഹരിത കർമ്മ സേനയെ പിന്തുണയ്ക്കുന്ന പ്രോമോ നൽകുന്നത് എടുത്തുപറയേണ്ടതാണ്, അതിന് നന്ദി.
എന്ത് മാറ്റമുണ്ടായി?
മാലിന്യ ശേഖരണം, സംഭരണം, സംസ്കരണം എന്നീ രംഗങ്ങളിലെല്ലാം സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വലിയ മാറ്റമുണ്ടായി എന്ന് നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരാൾക്കും കാണാനാവും. മുരളി തുമ്മാരുക്കുടിയെപ്പോലെയുള്ളവർ ഈ കാര്യം വിശദമായിത്തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2024-25 ൽ ഹരിതകർമ്മസേന 1.26 ലക്ഷം ടണ്ണിലധികം അജൈവമാലിന്യമാണ് കേരളത്തിൽ നിന്ന് ശേഖരിച്ചത്. കേരളത്തിലെ 93-99% വാതിൽപ്പടി ശേഖരണം കൈവരിക്കാനുമായി. ഹരിതകർമ്മസേനയുടെ പ്രവർത്തനമില്ലായിരുന്നെങ്കിൽ ഈ ഒരു ലക്ഷം ടണ്ണിലധികം മാലിന്യം കേരളത്തിലെ പൊതു ഇടങ്ങളിൽ കുമിഞ്ഞുകൂടുമായിരുന്നു എന്നോർക്കണം. എങ്കിൽ ജീവിതം എത്ര ദുസഹമാകുമായിരുന്നു?
വാർഡുകളിൽ ഇവ തത്കാലം സംഭരിക്കുന്ന മിനി എംസിഎഫിന്റെ എണ്ണം ഈ കാലയളവിൽ മൂന്നിരട്ടിയിലേറെ (7000 ൽ നിന്ന് 20000 ലേക്ക്) വർധിച്ചു. 15 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൊഴികെ എല്ലായിടങ്ങളിലും എംസിഎഫ് സ്ഥാപിക്കാനായി. ബ്ലോക്ക് തല ആർആർഎഫുകളുടെ എണ്ണം ഇരട്ടിയായി. സർക്കാർ സ്ഥാപനമായ ക്ലീൻ കേരളാ കമ്പനി കൈകാര്യം ചെയ്യുന്ന മാലിന്യത്തിന്റെ അളവ് ഒരൊറ്റവർഷം കൊണ്ട് ഇരട്ടിയായി. അത്രത്തോളം സ്വകാര്യ ഏജൻസികൾ മുഖേനയും കൈകാര്യം ചെയ്യുന്നു.
കേരളത്തിലെ 25 മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ പൂർണമായും നീക്കം ചെയ്ത് 56 ഏക്കർ സ്ഥലം വീണ്ടെടുത്തു. കൊച്ചിയിൽ 150 ടണ്ണിന്റെ സിബിജി പ്ലാന്റ് പൂർത്തിയായി. പാലക്കാട് 200 ടണ്ണിന്റെ പ്ലാന്റ് മൂന്ന് മാസത്തിനകം പൂർത്തിയാവും. അഞ്ച് നഗരങ്ങളിൽ കൂടി സമാന പ്ലാന്റുകൾ ആരംഭിക്കാൻ നടപടിയായി. കേരളത്തിലെ ഏറ്റവും വലിയ മാലിന്യമലയായിരുന്ന ബ്രഹ്മപുരത്തെ 8.25 ലക്ഷം മെട്രിക് ടൺ മാലിന്യം 90 ശതമാനവും നീക്കം ചെയ്തുകഴിഞ്ഞു. അസാധ്യമെന്ന് കരുതിയത് ബ്രഹ്മപുരത്ത് സാധ്യമായി. അതായത് കേരളത്തിന്റെ മെച്ചപ്പെട്ട റാങ്കിംഗ് സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്നർത്ഥം.
എങ്ങിനെയാണ് മാറ്റമുണ്ടായത്?
സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾ, ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം, നിരന്തരമായ അവലോകനം, കാര്യക്ഷമമായ ഇടപെടലുകൾ എന്നിവയുടെ ഫലമാണ് ഉണ്ടായ മാറ്റങ്ങൾ. നിയമഭേദഗതിയിലൂടെ ഹരിതകർമ്മസേനയ്ക്ക് മാലിന്യവും യൂസർഫീയും കൊടുക്കുന്നത് നിർബന്ധമാക്കി. അതിന് വിസമ്മതിക്കുന്നവർക്ക് തദ്ദേശ സേവനങ്ങൾ ലഭിക്കില്ല എന്ന് വ്യവസ്ഥ ചെയ്തു. തുച്ഛമായ യൂസർഫീ പോലും നൽകാത്തവരിൽ നിന്ന് നികുതിക്കൊപ്പം പിഴയോടെ ഈടാക്കാൻ വ്യവസ്ഥ ചെയ്തു. എൻഫോഴ്സ്മെന്റ് ശക്തമാക്കി. 2024-25 ൽ 52002 പരിശോധനകൾ നടത്തുകയും നിയമലംഘനം നടത്തിയവരിൽ നിന്ന് 5.77 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. മുൻവർഷം ഇത് വെറും 2.9 ലക്ഷം മാത്രമായിരുന്നു. ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം കൊച്ചിയിലെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ നേരിട്ടു തന്നെ രംഗത്തിറങ്ങുകയാണ് ചെയ്തത്. കൊച്ചി കോർപറേഷന്റെ മാത്രം ചുമലിലിട്ട് മാറിനിൽക്കുകയായിരുന്നില്ല.
എന്താണ് വെല്ലുവിളി?
സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്രയേറെ ചെയ്തിട്ടും ജനങ്ങളിൽ നല്ലൊരു വിഭാഗത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാകാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. (ക്യാമ്പയിന്റെ ഭാഗമായി ഒരു വിഭാഗത്തിന്റെ സമീപനത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല) ജനങ്ങളുടെ പൂർണ സഹകരണം കൂടിയുണ്ടായാൽ, അടുത്ത റാങ്കിംഗിൽ ഇന്ത്യയിലെ 10 ശുചിത്വ നഗരങ്ങളിൽ ഒന്നിൽക്കൂടുതൽ കേരളത്തിൽ നിന്നാവും. മുഴുവൻ നഗരസഭകളെയും ആദ്യ 100ൽ എത്തിക്കാനുമാവും.
അത്യാധുനികമായ സിബിജി പ്ലാന്റുകളുൾപ്പെടെ മാലിന്യ സംസ്കരണ പദ്ധതികളെയാകെ അന്ധമായി എതിർക്കുന്ന ദുഷ്പ്രവണത, ഹരിതകർമ്മസേനയോടുള്ള നിസഹകരണം, പൊതുബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിടത്തുപോലും അവയിൽ നിക്ഷേപിക്കുന്നതിനു പകരം വഴിയിൽ വലിച്ചെറിയുന്ന സാമൂഹ്യവിരുദ്ധ മനോഭാവം, കടകളിലെ മാലിന്യം നിക്ഷേപിക്കാൻ അവയ്ക്ക് മുന്നിൽ ബിന്നുകൾ സ്ഥാപിക്കണമെന്ന വ്യവസ്ഥയ്ക്കെതിരെ ചില വ്യാപാരികൾ ഉയർത്തിയ ന്യായീകരിക്കാൻ പറ്റാത്ത എതിർപ്പ് എന്നിവയോടൊക്കെ ഇഞ്ചോടിഞ്ച് യുദ്ധം ചെയ്താണ് ഇത്രയൊക്കെ മുന്നോട്ടുപോകാൻ കഴിഞ്ഞത്. ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികളിൽ ഒരു വിഭാഗത്തിന് ഇരട്ടത്താപ്പും കാപട്യവുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും വാക്കിൽ ശുചിത്വത്തിന് വേണ്ടിയാണ്. എന്നാൽ ശുചിത്വത്തിന് വേണ്ടിയുള്ള നടപടികളോട് പ്രവൃത്തിയിൽ സഹകരിക്കുകയുമില്ല എന്ന സ്ഥിതി വ്യാപകമാണ്. ശുചിത്വമൊക്കെ വേണം, പക്ഷെ ഇവിടെ വേണ്ട-not in my backyard എന്നതാണ് സമീപനം.
വിദേശത്ത് മാലിന്യം വഴിയിൽ തള്ളിയാൽ ഫൈൻ ചുമത്തുന്നതിനെ വാഴ്ത്തുകയും, നാട്ടിൽ അതുചെയ്താൽ സർക്കാരിന്റെ കൊള്ള എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന കാപട്യം. അവിടെ നിയമം പാലിക്കുകയും ഇവിടെ നിയമം ലംഘിക്കാൻ അവകാശമുണ്ടെന്നുമുള്ള മനോഭാവം. ഹരിതകർമ്മസേനയെ ഒഴിവാക്കി വീട്ടിലെ മാലിന്യം റോഡിൽ തള്ളിയ ശേഷം ഫെയ്സ്ബുക്കിൽ കയറി സിംഗപ്പൂരിലെയും ദുബായിയിലെയും പൊതുവിടങ്ങളിലെ വൃത്തിയെക്കുറിച്ച് ഊറ്റം കൊള്ളുന്ന ലജ്ജയില്ലാത്ത അവസരവാദം എന്നിവയൊക്കെയാണ് നാം നേരിടുന്ന പ്രതിബന്ധങ്ങൾ.
പൊതുശുചിത്വം കൈവരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും മാത്രം ശ്രമിച്ചാൽ പോരാ. അതിനോട് ഓരോ വ്യക്തിയും സഹകരിക്കണം. കാരണം ഓരോ വ്യക്തിയും മാലിന്യമുണ്ടാക്കുന്നുണ്ട്. നമ്മളെല്ലാം കൂടി ഒരുമിച്ചു ശ്രമിച്ചാൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടമായി കേരളത്തെ മാറ്റാം. അതിനുള്ള ശ്രമങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടരും. മാധ്യമങ്ങളുൾപ്പെടെ ആരുടെയും നിർദേശങ്ങളും വിമർശനങ്ങളും തുറന്ന മനസോടെ സ്വീകരിക്കും. അതോടൊപ്പം ഈ ശ്രമങ്ങളെ പിന്തുണയ്ക്കാനും മാധ്യമങ്ങൾ മുന്നോട്ടുവരണം. ശുചിത്വത്തിൽ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവയ്ക്കാനാവണം. ജനങ്ങളെ ബോധവത്കരിക്കാൻ മാധ്യമങ്ങൾക്കും പിന്നെ രാഷ്ട്രീയപാർട്ടികളുൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങൾക്കും വലിയ പങ്ക് വഹിക്കാനാവും. ഓരോരുത്തരും അവരവരുടെ പങ്ക് നിർവഹിക്കുമോ എന്നാണ് അറിയേണ്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍