കണ്ണൂർ : നാലുവർഷമെടുത്താണ് ശില്‍പ്പത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. 14 അടി ഉയരമുള്ള വെങ്കല ശിവ ശില്‍പ്പത്തിന് 4200 കിലോ ഭാരം ഉണ്ട്. അരയിൽ കൈകൊടുത്ത് വലതു കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന മഹാദേവനെ ഇനി രാജരാജേശ്വര ക്ഷേത്രത്തിന്‍റെ തിരുമുറ്റത്ത് ദർശിക്കാം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ മതിൽക്കെട്ടിന് പുറത്ത് കിഴക്കേ നടയിൽ ആൽമരച്ചുവട്ടിലാണ് വെങ്കലത്തിൽ തീർത്ത പരമശിവന്‍റെ പൂർണകായ കൂറ്റൻ ശില്പം സ്ഥാപിച്ചിട്ടുള്ളത്. കഴുത്തിൽ രുദ്രാക്ഷമാലയും പാമ്പും, ജഡയിൽ ഗംഗയും, ശരീരത്തിൽ ചേർത്തുവച്ച ശൂലവുമായി സൗമ്യഭാവത്തോടെ അനുഗ്രഹം ചൊരിയുന്ന ശില്‍പ്പമാണ് ശില്‍പ്പി ഉണ്ണി കാനായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമയാണിത്.
തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ ആണ് ശില്‍പ്പം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. ആദ്യം കളിമണ്ണിൽ തീർത്ത ശില്‍പ്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡെടുത്ത് മെഴുകിൽ നിർമ്മിച്ച് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂർ കാനായിലെ പണിപ്പുരയിൽ നിർമിച്ച ശില്‍പ്പം ക്രെയിൻ ഉപയോഗിച്ചാണ് ക്ഷേത്രത്തിൽ എത്തിച്ചത്.
0 അഭിപ്രായങ്ങള്‍